ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ആദ്യ ഹോം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റിരിക്കുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് തോറ്റ് തട്ടകത്തിലിറങ്ങിയ ഡല്‍ഹിക്ക് ആറ് വിക്കറ്റിന്റെ തോല്‍വിയാണ് നേരിടേണ്ടി വന്നത്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ ദുരന്തമായപ്പോള്‍ 11 പന്ത് ബാക്കിനിര്‍ത്തിയാണ് ഗുജറാത്ത് വിജയം നേടിയത്.
ഡല്‍ഹിയുടെ നായകനെന്ന നിലയില്‍ ഡേവിഡ് വാര്‍ണര്‍ പ്രതീക്ഷക്കൊത്തുയരുന്നില്ലെന്നതാണ് വസ്തുത. ബാറ്റുകൊണ്ട് മുന്നില്‍ നിന്ന് നയിക്കാന്‍ സാധിക്കാത്ത വാര്‍ണര്‍ക്ക് ബൗളര്‍മാരെ ഉപയോഗിക്കുന്നതിലും തെറ്റ് പറ്റുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരേയും വാര്‍ണര്‍ക്ക് ക്യാപ്റ്റനെന്ന നിലയില്‍ ചില വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. അക്ഷര്‍ പട്ടേലിന് എന്തുകൊണ്ടാണ് വാര്‍ണര്‍ പന്ത് നല്‍കാത്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

സ്പിന്‍ ഓള്‍റൗണ്ടറായ താരം ബാറ്റിങ്ങിനിറങ്ങി 22 പന്തില്‍ 36 റണ്‍സാണ് നേടിയത്. 2 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 163ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ തിളങ്ങിയ അക്ഷറിന്റെ പ്രകടനമാണ് ഡല്‍ഹി സ്‌കോര്‍ബോര്‍ഡ് 150 കടത്തിയത്. താരത്തെ പിന്‍വലിച്ച് ഇംപാക്ട് പ്ലയറായി ഇറക്കിയിരുന്നില്ല. ഫീല്‍ഡ് ചെയ്യുന്ന സമയത്തും അക്ഷര്‍ മൈതാനത്തുണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ട് അക്ഷറിന് ഡല്‍ഹി ഓവര്‍ നല്‍കാതിരുന്നത്?
ഇതിനുള്ള ഉത്തരം നായകന്‍ ഡേവിഡ് വാര്‍ണര്‍ പറഞ്ഞതിന് പിന്നാലെ വിമര്‍ശനം ശക്തമാണ്. 'ഈ പിച്ചിന്റെ സ്വഭാവത്തോട് അക്ഷറിന്റെ ശൈലി ചേരാത്തതിനാലാണെന്നും കുല്‍ദീപ് യാദവ് കൂടുതല്‍ ഫലം ചെയ്യുമെന്നാണ് കരുതിയത്' എന്നാണ് വാര്‍ണര്‍ പറഞ്ഞത്. മിച്ചല്‍ മാര്‍ഷ് ബൗളറായി ഉണ്ടായിരുന്നതും അക്ഷറിനെ തഴഞ്ഞതിന്റെ കാരണമായി വാര്‍ണര്‍ പറഞ്ഞു. വാര്‍ണറുടെ വാദം വിചിത്രമാണെന്നാണ് ആരാധകര്‍ പറയുന്നത്.

ബാറ്റിങ്ങില്‍ മികച്ച ഫോമിലായിരുന്നു അക്ഷര്‍. ഇതേ മികവ് ചിലപ്പോള്‍ ബൗളിങ്ങിലും കാട്ടാന്‍ താരത്തിന് സാധിക്കുമായിരുന്നു. തന്റേതായ ദിവസം ഏത് താരത്തിനെയും വമ്പന്‍ താരങ്ങളെ വീഴ്ത്താനാവും. ബാറ്റിങ്ങില്‍ തന്റെ ദിവസമാണെന്ന് തെളിയിച്ച അക്ഷറിന് ബൗളിങ്ങിലും അവസരം നല്‍കണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യക്കായി മികച്ച ഫോമില്‍ കളിക്കുന്ന അക്ഷറിനെ പൂര്‍ണ്ണമായും തഴഞ്ഞത് ശരിയായില്ല.
ഇടം കൈയന്‍ സ്പിന്നറായ അക്ഷര്‍ വിക്കറ്റിന് ആക്രമിക്കുന്ന ബൗളറാണ്. മികച്ച ലൈനും ലെങ്തും ഉപയോഗിച്ച് വിക്കറ്റ് നേടാന്‍ മിടുക്കനാണ്. ഒന്ന് പരീക്ഷിച്ചുപോലും നോക്കാന്‍ വാര്‍ണര്‍ തയ്യാറാവാത്തത് നിരാശയുണ്ടാക്കുന്നുവെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. മുകേഷ് കുമാര്‍ നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങി. ഇതിലൊരാവറെങ്കിലും അക്ഷറിനെ പരീക്ഷിക്കാമായിരുന്നു. പിച്ചില്‍ വലിയ ടേണ്‍ ലഭിച്ചിരുന്നില്ല.
എന്നാല്‍ കുല്‍ദീപ് മൂന്ന് ഓവറില്‍ 18 റണ്‍സ് മാത്രമാണ് വഴങ്ങിയത്. പേസര്‍മാര്‍ റണ്‍സ് വിട്ടുകൊടുത്ത സാഹചര്യത്തില്‍ അക്ഷറിനെ ഉപയോഗിച്ച് റണ്ണൊഴുക്ക് തടയാന്‍ വാര്‍ണര്‍ക്ക് ശ്രമിക്കാമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. വാര്‍ണര്‍ നായകനായപ്പോള്‍ ടീം വളരെയധികം പ്രതീക്ഷിച്ചെന്നും എന്നാല്‍ നിലവാരത്തിനൊത്ത് ഉയരുന്നില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

മത്സരത്തില്‍ ഡല്‍ഹിയുടെ ബാറ്റിങ് നിരയും ദുരന്തമായിരുന്നു. ഇതിന്റെ കാരണവും വാര്‍ണര്‍ പറയുന്നു. 'പ്രതീക്ഷിച്ചതിലും കൂടുതല്‍ സ്വിങ് പിച്ചിലുണ്ടായിരുന്നു. പവര്‍പ്ലേയില്‍ ഒന്നിലധികം വിക്കറ്റ് വീണത് പ്രയാസപ്പെടുത്തി. എങ്ങനെയാണ് സാഹചര്യത്തെ ഉപയോഗപ്പെടുത്തേണ്ടതെന്ന് അവര്‍ കാട്ടിത്തന്നു. ഞങ്ങളെ സംബന്ധിച്ചത് പാഠമാണ്. ഇനിയും ഇവിടെ മത്സരങ്ങളുണ്ട്. ഇതേ സ്വിങ് പ്രതീക്ഷിച്ചുവേണം മുന്നൊരുക്കം നടത്താന്‍.
അവര്‍ നന്നായി പന്തെറിഞ്ഞു. ഞങ്ങളും ശ്രമം നടത്തി. എന്നാല്‍ സായിയുടെ ബാറ്റിങ് മനോഹരമായിരുന്നു- മത്സരശേഷം വാര്‍ണര്‍ പറഞ്ഞു. 48 പന്തില്‍ 4 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 62 റണ്‍സുമായി സായ് പുറത്താവാതെ നിന്നാണ് ഗുജറാത്തിനെ വിജയത്തിലെത്തിച്ചത്. ഡേവിഡ് മില്ലറുടെ (16 പന്തില്‍ 31) വെടിക്കെട്ടും ഗുജറാത്തിന്റെ ജയം വേഗത്തിലാക്കി. തുടര്‍ച്ചയായി രണ്ട് മത്സരം തോറ്റ ഡല്‍ഹിക്ക് മുന്നോട്ട് കാര്യങ്ങള്‍ പ്രയാസമാണ്.