ജയ്പൂര്‍: പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരുടെ വമ്പും തട്ടകത്തിന്റെ ആധിപത്യവും പറഞ്ഞെത്തിയ രാജസ്ഥാന്‍ റോയല്‍സിനെ നാണംകെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. 10 റണ്‍സിനാണ് കെ എല്‍ രാഹുലും സംഘവും ആവേശ ജയം നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ഏഴ് വിക്കറ്റിന് 154 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന് ആറ് വിക്കറ്റിന് 144 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനും രണ്ട് വിക്കറ്റ് വീഴ്ത്തിയ മാര്‍ക്കസ് സ്റ്റോയിണിസുമാണ് ലഖ്‌നൗ ജയത്തില്‍ നിര്‍ണ്ണായകമായത്.155 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ രാജസ്ഥാന് മികച്ച തുടക്കമാണ് ജോസ് ബട്‌ലറും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 87 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ജയ്‌സ്വാളിനെ നഷ്ടമാകുന്നത്.

35 പന്തില്‍ നാല് ഫോറും 2 സിക്‌സും ഉള്‍പ്പെടെ 44 റണ്‍സ് നേടിയ ജയ്‌സ്വാളിനെ മാര്‍ക്കസ് സ്റ്റോയിണിസാണ് പുറത്താക്കിയത്. നായകന്‍ സഞ്ജു സാംസണ്‍ (4 പന്തില്‍ 2) റണ്ണൗട്ടായി മടങ്ങിയത് രാജസ്ഥാന് തിരിച്ചടിയായി. അമിത് മിശ്രയുടെ ത്രോയില്‍ നിക്കോളാസ് പൂരന്റെ പിന്തുണയിലാണ് സഞ്ജുവിനെ റണ്ണൗട്ടാക്കിയത്. നിലയുറപ്പിച്ച് കളിച്ച ജോസ് ബട്‌ലറെ (41 പന്തില്‍ 40) സ്റ്റോയിണിസ് പുറത്താക്കിയതോടെ മത്സരം ആവേശകരമായി.
വമ്പടിക്കാരന്‍ ഷിംറോന്‍ ഹെറ്റ്‌മെയറെ (5 പന്തില്‍ 2) ആവേശ് ഖാനും മടക്കിയതോടെ രാജസ്ഥാന്‍ തോല്‍വി മണത്തു. അവസാന ഓവറില്‍ 21 പന്തില്‍ 26 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലും പുറത്താവുമ്പോള്‍ രാജസ്ഥാന് ജയിക്കാന്‍ 3 പന്തില്‍ 14 റണ്‍സ്. ദ്രുവ് ജൂറല്‍ ഗോള്‍ഡന്‍ ഡെക്കായതോടെ ലഖ്‌നൗ ആവേശ ജയം ഉറപ്പിക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗവിനെ ആദ്യ ഓവറില്‍ത്തന്നെ ട്രന്റ് ബോള്‍ട്ട് വിറപ്പിച്ചു. നായകന്‍ കെ എല്‍ രാഹുലിനെ ആദ്യ ഓവറില്‍ ഒരു റണ്‍സ് പോലും നേടാന്‍ ബോള്‍ട്ട് അനുവദിച്ചില്ല. തുടക്കത്തിലേ തന്നെ സമ്മര്‍ദ്ദത്തിലായതോടെ പവര്‍പ്ലേയില്‍ ലഖ്‌നൗ പതറി. കെ എല്‍ രാഹുലിന് രണ്ട് തവണയാണ് പവര്‍പ്ലേയില്‍ ലൈഫ് ലഭിച്ചത്. സന്ദീപ് ശര്‍മയുടെ ഓവറില്‍ ഷോര്‍ട്ടില്‍ യശ്വസി ജയ്‌സ്വാള്‍ ക്യാച്ച് നഷ്ടപ്പെടുത്തുമ്പോള്‍ രാഹുല്‍ നേടിയത് ആറ് റണ്‍സ് മാത്രം.
12 റണ്‍സില്‍ നില്‍ക്കവെ ട്രന്റ് ബോള്‍ട്ടിന്റെ ഓവറില്‍ ജേസന്‍ ഹോള്‍ഡറും രാഹുലിന്റെ ക്യാച്ച് നഷ്ടപ്പെടുത്തുകയായിരുന്നു. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 37 റണ്‍സെന്ന നിലയിലായിരുന്നു ലഖ്‌നൗ. പിന്നീടങ്ങോട്ട് കെയ്ല്‍ മെയേഴ്‌സും കെ എല്‍ രാഹുലും സ്‌ട്രൈക്കറേറ്റുയര്‍ത്തി കളിച്ചു. ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 82ല്‍ നില്‍ക്കവെ കെ എല്‍ രാഹുലിനെ മടക്കി ജേസന്‍ ഹോള്‍ഡറാണ് കൂട്ടുകെട്ട് പൊളിച്ചത്.
32 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 39 റണ്‍സ് നേടിയാണ് രാഹുല്‍ മടങ്ങിയത്. സ്‌ട്രൈക്കറേറ്റ് 121.87 മാത്രമായിരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. മൂന്നാം നമ്പറില്‍ മോശം ഫോമിലുള്ള ദീപക് ഹൂഡക്ക് പകരം ആയുഷ് ബദോനിയെ പരീക്ഷിച്ച ലഖ്‌നൗവിന് പിഴച്ചു. നാല് പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയ ബദോനിയെ ട്രന്റ് ബോള്‍ട്ട് ക്ലീന്‍ബൗള്‍ഡാക്കിയാണ് മടക്കിയത്.

തൊട്ടുപിന്നാലെ ദീപക് ഹൂഡയെ (4 പന്തില്‍ 2) ആര്‍ അശ്വിന്‍ ഹെറ്റ്‌മെയറുടെ കൈയിലെത്തിച്ചു. ഇതേ ഓവറില്‍ കെയ്ല്‍ മെയേഴ്‌സിനെ അശ്വിന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയും ചെയ്തത് ലഖ്‌നൗവിന് തിരിച്ചടിയായി. 42 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 51 റണ്‍സാണ് മെയേഴ്‌സ് നേടിയത്. 121.42 ആണ് സ്‌ട്രൈക്കറേറ്റെന്നതാണ് ശ്രദ്ധേയം. മാര്‍ക്കസ് സ്റ്റോയിണിസും (16 പന്തില്‍ 21) നിക്കോളാസ് പൂരനും (20 പന്തില്‍ 29) കാര്യമായ ഇംപാക്ട് സൃഷ്ടിക്കാതെ മടങ്ങി.
രണ്ട് ബൗണ്ടറി നേടിയ സ്‌റ്റോയിണിസിനെ സന്ദീപ് ശര്‍മ പുറത്താക്കിയപ്പോള്‍ രണ്ട് ഫോറും ഒരു സിക്‌സും പറത്തിയ പൂരനെ സഞ്ജു സാംസണ്‍ അവസാന ഓവറില്‍ റണ്ണൗട്ടാക്കി. ക്രുണാല്‍ പാണ്ഡ്യ (2 പന്തില്‍ 4*) യുധവീര്‍ സിങ് (1 പന്തില്‍ 1*) പുറത്താവാതെ നിന്നു. രാജസ്ഥാനായി അശ്വിന്‍ രണ്ടും ട്രന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ജേസന്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
പ്ലേയിങ് 11-ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്- കെ എല്‍ രാഹുല്‍ (c), കെയ്ല്‍ മെയേഴ്‌സ്, മാര്‍ക്കസ് സ്റ്റോയിണിസ്, ദീപക് ഹൂഡ, ക്രുണാല്‍ പാണ്ഡ്യ, നിക്കോളാസ് പൂരന്‍, ആയുഷ് ബദോനി, നവീന്‍ ഉല്‍ ഹഖ്, യുധവീര്‍ സിങ്, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍
രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (c), റിയാന്‍ പരാഗ്, ദ്രുവ് ജുറല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ആര്‍ അശ്വിന്‍, ജേസന്‍ ഹോള്‍ഡര്‍, ട്രന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, യുസ് വേന്ദ്ര ചഹാല്‍