For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: തട്ടകത്തില്‍ തലകുനിച്ച് ഡല്‍ഹി, ആറാം തോല്‍വി- പൊരുതി നേടി ഹൈദരാബാദ്

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ 40ാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 9 റണ്‍സിന് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ആറ് വിക്കറ്റിന് 197 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. സീസണിലെ ആറാം തോല്‍വിയോടെ ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്.

തുടര്‍ച്ചയായ മൂന്ന് തോല്‍വിക്ക് ശേഷം ആശ്വാസ ജയം നേടിയ ഹൈദരാബാദ് പ്രതീക്ഷ നിലനിര്‍ത്തി. അഭിഷേക് ശര്‍മയുടെയും (67) ഹെന്‍ റിച്ച് ക്ലാസന്റെയും (53) അര്‍ധ സെഞ്ച്വറി പ്രകടനവും ബൗളര്‍മാരുടെ അച്ചടക്കമുള്ള പ്രകടനവുമാണ് ഹൈദരാബാദിന് ജയമൊരുക്കിയത്. ഡല്‍ഹിക്കായി നാല് വിക്കറ്റും 63 റണ്‍സും നേടി മിച്ചല്‍ മാര്‍ഷ് പൊരുതിയെങ്കിലും ജയിക്കാനത് മതിയാവുമായിരുന്നില്ല.

ABHISHEK SHARMA

ഹൈദരാബാദിനായി മായങ്ക് മാര്‍ക്കണ്ഡെ രണ്ടും അക്കീല്‍ ഹൊസീനും നടരാജനും അഭിഷേക് ശര്‍മയും ഭുവനേശ്വര്‍ കുമാറും ഓരോ വിക്കറ്റ് വീഴ്ത്തി. എട്ട് മത്സരത്തില്‍ നിന്ന് മൂന്നാം ജയത്തോടെ മുംബൈ ഇന്ത്യന്‍സിനെ പിന്നോട്ടിറക്കി ഹൈദരാബാദ് എട്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഡല്‍ഹി അവസാന സ്ഥാനത്ത് തുടരുകയാണ്.

198 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് തുടക്കം പിഴച്ചു. നായകന്‍ ഡേവിഡ് വാര്‍ണറെ (2 പന്തില്‍ 0) ആദ്യ ഓവറില്‍ത്തന്നെ നഷ്ടമായി. എന്നാല്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് മിച്ചല്‍ മാര്‍ഷും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് ടീമിനെ ഉയര്‍ത്തിക്കൊണ്ടുവന്നു. രണ്ട് വിക്കറ്റില്‍ 111 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്.

മായങ്ക് മാര്‍ക്കണ്ഡെയുടെ തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചില്‍ ഫില്‍ സാള്‍ട്ട് മടങ്ങിയതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. 35 പന്തില്‍ ഒമ്പത് ബൗണ്ടറി ഉള്‍പ്പെടെ 59 റണ്‍സാണ് സാള്‍ട്ട് നേടിയത്. നാല് വിക്കറ്റ് പ്രകടനത്തിന് ശേഷം മിച്ചല്‍ മാര്‍ഷ് ബാറ്റുകൊണ്ടും കസറി. 39 പന്തില്‍ ഒരു ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 63 റണ്‍സുമായാണ് മാര്‍ഷ് പുറത്തായത്. 161.53 സ്‌ട്രൈക്കറേറ്റിലാണ് മാര്‍ഷ് ബാറ്റുവീശിയത്.

എന്നാല്‍ ഇരുവരും ചെറിയ ഇടവേളയില്‍ മടങ്ങിയത് ഡല്‍ഹിക്ക് തിരിച്ചടിയായി. മനീഷ് പാണ്ഡെ (3 പന്തില്‍ 1) അഭിഷേക് ശര്‍മയെ ക്രീസില്‍ നിന്ന് കയറിക്കളിച്ച് സ്റ്റംപൗട്ടായി മടങ്ങിയപ്പോള്‍ പ്രിയം ഗാര്‍ഗിനെ (9 പന്തില്‍ 12) മായങ്ക് മാര്‍ക്കണ്ഡെ ക്ലീന്‍ബൗള്‍ഡാക്കി. ഇതോടെ 112ന് രണ്ട് എന്ന നിലയില്‍ നിന്ന് 140ന് അഞ്ച് എന്ന പരുങ്ങുന്ന അവസ്ഥയിലേക്ക് ഡല്‍ഹിയെത്തി.

സര്‍ഫറാസ് അഹമ്മദിനെ (10 പന്തില്‍ 9) ടി നടരാജന്‍ ക്ലീന്‍ബൗള്‍ഡാക്കി. ഡെത്ത് ഓവറുകളില്‍ ടി നടരാജനും ഭുവനേശ്വര്‍ കുമാറും ഗുജറാത്തിനെ വരിഞ്ഞുമുറുക്കിയതോടെ ഡല്‍ഹിയെ തട്ടകത്തില്‍ തകര്‍ക്കാന്‍ ഹൈദരാബാദിനായി. തകര്‍പ്പന്‍ യോര്‍ക്കറുകളെറിഞ്ഞ് നടരാജന്‍ ഡെത്ത് ഓവറിലെ തന്റെ പഴയ കരുത്ത് നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിച്ചു. അക്ഷര്‍ പട്ടേല്‍ (14 പന്തില്‍ 29*) റിപാല്‍ പട്ടേല്‍ (8 പന്തില്‍ 11) പുറത്താവാതെ നിന്നു.

MITCHEL MARSH

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഹൈദരാബാദിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ഓപ്പണിങ്ങിലേക്ക് മടങ്ങിയെത്തിയ അഭിഷേക് ശര്‍മയും മായങ്ക് അഗര്‍വാളും ചേര്‍ന്ന് 21 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ആറ് പന്തില്‍ അഞ്ച് റണ്‍സെടുത്ത മായങ്ക് അഗര്‍വാളിനെ പുറത്താക്കി ഇഷാന്ത് ശര്‍മയാണ് ഹൈദരാബാദിന് ആദ്യ പ്രഹരം നല്‍കിയത്.

പവര്‍പ്ലേയ്ക്കുള്ളില്‍ രാഹുല്‍ ത്രിപാഠിയേയും ഹൈദരാബാദിന് നഷ്ടമായി. ആറ് പന്തില്‍ ഒരു സിക്‌സറടക്കം 10 റണ്‍സ് നേടിയ ത്രിപാഠിയെ മിച്ചല്‍ മാര്‍ഷ് മനീഷ് പാണ്ഡയുടെ കൈയിലെത്തിച്ചു. നായകന്‍ എയ്ഡന്‍ മാര്‍ക്രം മോശം ഫോം തുടരുകയാണ്. 13 പന്തില്‍ എട്ട് റണ്‍സെടുത്ത മാര്‍ക്രം മിച്ചല്‍ മാര്‍ഷിനെ വമ്പന്‍ ഷോട്ടിന് ശ്രമിച്ച് അക്ഷര്‍ പട്ടേലിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്.

ഇതേ ഓവറില്‍ ഹാരി ബ്രൂക്കിനെയും (2 പന്തില്‍ 0) മിച്ചല്‍ മാര്‍ഷ് മടക്കിയത് ഹൈദരാബാദിനെ സമ്മര്‍ദ്ദത്തിലാക്കി. ബ്രൂക്ക് പുറത്താവുമ്പോള്‍ 9.4 ഓവറില്‍ നാല് വിക്കറ്റിന് 83 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. ഒരുവശത്ത് വിക്കറ്റ് വീണപ്പോള്‍ മറുവശത്ത് അഭിഷേക് ശര്‍മ മികച്ച ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്തി. അതിവേഗം ബാറ്റുവീശിയ താരം 25 പന്തില്‍ ഫിഫ്റ്റിയും പൂര്‍ത്തിയാക്കി. ഹെന്‍ റിച്ച് ക്ലാസന്‍ അവസാന ഓവറുകളില്‍ ആഞ്ഞടിച്ചത് കരുത്തായി.

36 പന്തില്‍ 12 ഫോറും ഒരു സിക്‌സുമടക്കം 67 റണ്‍സെടുത്ത അഭിഷേക് ശര്‍മയെ അക്ഷര്‍ പട്ടേല്‍ പുറത്താക്കി. ഡേവിഡ് വാര്‍ണറുടെ തകര്‍പ്പന്‍ ക്യാച്ചിലാണ് അഭിഷേകിന്റെ മടക്കം. ആറാം വിക്കറ്റില്‍ 51 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ക്ലാസനും അബ്ദുല്‍ സമദിനുമായി. 21 പന്തില്‍ 28 റണ്‍സെടുത്ത സമദിനെ മാര്‍ഷ് പുറത്താക്കി. ക്ലാസന്‍ 27 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 53 റണ്‍സുമായി പുറത്താവാതെ നിന്നു.

അക്കീല്‍ ഹൊസീനും (10 പന്തില്‍ 16*) നിര്‍ണ്ണായക റണ്‍സുകള്‍ സമ്മാനിച്ചതോടെ 197 എന്ന മികച്ച ടോട്ടലിലേക്കെത്താനും ഹൈദരാബാദിനായി. ഡല്‍ഹിക്കായി മിച്ചല്‍ മാര്‍ഷ് നാല് ഓവറില്‍ ഒരു മെയ്ഡനടക്കം 27 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടി. അക്ഷര്‍ പട്ടേലും ഇഷാന്ത് ശര്‍മയും ഓരോ വിക്കറ്റും പങ്കിട്ടു.

പ്ലേയിങ് 11-ഡല്‍ഹി ക്യാപിറ്റല്‍സ്- ഡേവിഡ് വാര്‍ണര്‍ (c), ഫില്‍ സാള്‍ട്ട്, മിച്ചല്‍ മാര്‍ഷ്, മനീഷ് പാണ്ഡെ, അക്ഷര്‍ പട്ടേല്‍, പ്രിയം ഗാര്‍ഗ്, റിപാല്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ആന്‍ റിച്ച് നോക്കിയേ, ഇഷാന്ത് ശര്‍മ, മുകേഷ് കുമാര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- മായങ്ക് അഗര്‍വാള്‍, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം (c), ഹെന്‍ റിച്ച് ക്ലാസന്‍, ഹാരി ബ്രൂക്ക്, അബ്ദുല്‍ സമദ്, മായങ്ക് മാര്‍ക്കണ്ഡെ, ഭുവനേശ്വര്‍ കുമാര്‍, അക്കീല്‍ ഹൊസീന്‍, ഉമ്രാന്‍ മാലിക്

Story first published: Saturday, April 29, 2023, 12:00 [IST]
Other articles published on Apr 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+