Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കറക്കി വീഴ്ത്തി ചഹാല്‍, രാജസ്ഥാനോട് പൊരുതി തോറ്റ് കെകെആര്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ കെകെആറിനെ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ്. ജയ പരാജയങ്ങള്‍ മാറി മറിഞ്ഞ മത്സരത്തില്‍ ഏഴ് റണ്‍സിനാണ് രാജസ്ഥാന്‍ കെകെആറിനെ മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആറിന്റെ പോരാട്ടം 19.4 ഓവറില്‍ 210 റണ്‍സില്‍ അവസാനിച്ചു.

ജോസ് ബട്‌ലറുടെ (103) സെഞ്ച്വറിയും ഹാട്രിക് ഉള്‍പ്പെടെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ യുസ് വേന്ദ്ര ചഹാലിന്റെ ബൗളിങ്ങുമാണ് രാജസ്ഥാന് കരുത്തായത്. കെകെആറിനായി ശ്രേയസ് അയ്യര്‍ (85), ആരോണ്‍ ഫിഞ്ച് എന്നിവര്‍ ശ്രമിച്ചെങ്കിലും മധ്യനിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനം തിരിച്ചടിയായി. മക്കോയ് രണ്ടും പ്രസിദ്ധ് കൃഷ്ണ, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി ചഹാലിന് മികച്ച പിന്തുണ നല്‍കി.

1

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന രാജസ്ഥാന് സ്വപ്‌ന തുല്യമായ തുടക്കമാണ് ദേവ്ദത്ത് പടിക്കലും ജോസ് ബട്‌ലറും കാഴ്ചവെച്ചത്. ദേവ്ദത്ത് ഒരുവശത്ത് സ്‌ട്രൈക്ക് കൈമാറി കളിച്ചപ്പോള്‍ ബട്‌ലര്‍ അതിവേഗം റണ്‍സുയര്‍ത്തി. ഒന്നാം വിക്കറ്റില്‍ 97 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ദേവ്ദത്തിന്റെ (24) പുറത്താകല്‍. 18 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും നേടിയ ദേവ്ദത്തിനെ സുനില്‍ നരെയ്ന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. കെകെആറിനായി സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ആന്‍ഡ്രേ റസല്‍, ശിവം മാവി, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മത്സരത്തിലൂടെ വേഗത്തില്‍ ഐപിഎല്ലില്‍ 1000 റണ്‍സ് നേടുന്ന ഇന്ത്യക്കാരില്‍ മൂന്നാം സ്ഥാനത്തേക്കെത്താന്‍ ദേവ്ദത്തിനായി. 35 ഇന്നിങ്‌സില്‍ നിന്നാണ് ദേവ്ദത്ത് ഈ നേട്ടം സ്വന്തമാക്കിയത്. റിഷഭ് പന്തും 35 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലേക്കെത്തിയിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (31), സുരേഷ് റെയ്‌ന (34) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

1

മൂന്നാമനായി ക്രീസിലെത്തിയ നായകന്‍ സഞ്ജു സാംസണും വെടിക്കെട്ട് ബാറ്റിങ്ങില്‍ നിന്ന് പിന്നോട്ട് പോയില്ല. മികച്ച അടിത്തറ ലഭിച്ചതോടെ അതിവേഗം റണ്‍സുയര്‍ത്തിയ സഞ്ജു കടന്നാക്രമിച്ചു. രണ്ടാം വിക്കറ്റില്‍ 67 റണ്‍സിന്റെ കൂട്ടുകെട്ടുമായി കുതിക്കവെ 38 റണ്‍സെടുത്ത സഞ്ജുവിനെ ആന്‍ഡ്രേ റസല്‍ പുറത്താക്കി. 19 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുമടക്കം തല്ലിത്തകര്‍ത്ത സഞ്ജു റസലിനെ സിക്‌സറിന് ശ്രമിച്ച് ശിവം മാവിക്ക് ക്യാച്ച് നല്‍കിയാണ് പുറത്തായത്. സഞ്ജു മടങ്ങുമ്പോള്‍ 15.2 ഓവറില്‍ 164 എന്ന മികച്ച സ്‌കോറിലേക്ക് രാജസ്ഥാന്‍ എത്തിയിരുന്നു.

ഒരു വശത്ത് തകര്‍പ്പന്‍ സെഞ്ച്വറി നേടി ബട്‌ലര്‍ ആറാടി. 61 പന്തില്‍ 9 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 103 റണ്‍സാണ് ബട്‌ലര്‍ നേടിയത്. ഈ സീസണില്‍ ബട്‌ലര്‍ നേടുന്ന രണ്ടാം സെഞ്ച്വറിയാണിത്. മുംബൈ ഇന്ത്യന്‍സിനെതിരേയും ബട്‌ലര്‍ സെഞ്ച്വറി നേടിയിരുന്നു. പാറ്റ് കമ്മിന്‍സിന് വിക്കറ്റ് നല്‍കി ബട്‌ലര്‍ പുറത്താവുമ്പോള്‍ 16.4 ഓവറില്‍ 183 എന്ന മികച്ച ടോട്ടലിലേക്ക് രാജസ്ഥാന്‍ എത്തിയിരുന്നു.

1

രാജസ്ഥാനായി ബട്‌ലര്‍ നേടുന്ന മൂന്നാമത്തെ സെഞ്ച്വറിയാണിത്. ഇതോടെ രാജസ്ഥാനായി കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡും ബട്‌ലര്‍ സ്വന്തം പേരിലാക്കി. അജിന്‍ക്യ രഹാനെയുടെയും ഷെയ്ന്‍ വാട്‌സണിന്റെയും പേരിലുള്ള രണ്ട് സെഞ്ച്വറി നേട്ടങ്ങളെയാണ് ബട്‌ലര്‍ മറികടന്നത്. ഒരു സീസണില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന താരങ്ങളില്‍ രണ്ടാം സ്ഥാനക്കാരുടെ പട്ടികയിലേക്കും ബട്‌ലറെത്തി. ക്രിസ് ഗെയ്ല്‍, ഹാഷിം അംല, ഷെയ്ന്‍ വാട്‌സന്‍, ശിഖര്‍ ധവാന്‍ എന്നിവരാണ് ഈ റെക്കോഡില്‍ ബട്‌ലര്‍ക്കൊപ്പമുള്ളത്. നാല് സെഞ്ച്വറി 2016 സീസണില്‍ നേടിയ വിരാട് കോലിയാണ് തലപ്പത്ത്.

റിയാന്‍ പരാഗ് (5) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. മൂന്ന് പന്തില്‍ ഒരു ബൗണ്ടറി നേടിയ താരത്തെ സുനില്‍ നരെയ്‌ന്റെ പന്തില്‍ പാറ്റ് കമ്മിന്‍സിന്റെയും ശിവം മാവിയുടെയും കൂട്ടായ ശ്രമത്തിന്റെ ഫലത്തിലാണ് മടക്ക ടിക്കറ്റ് നല്‍കിയത്. ബൗണ്ടറി ലൈനിനരികെ തകര്‍പ്പന്‍ ഫീല്‍ഡിങ്ങിലൂടെ പാറ്റ് കമ്മിന്‍സ് തട്ടി നല്‍കിയ പന്തിനെ ശിവം മാവി കൈയിലൊതുക്കുകയായിരുന്നു.

1

കരുണ്‍ നായരും (5 പന്തില്‍ 3) കാര്യമായൊന്നും ചെയ്യാതെ മടങ്ങി. അവസാന ഓവറില്‍ ഷിംറോന്‍ ഹെറ്റ്‌മെയര്‍ ആഞ്ഞടിച്ചപ്പോള്‍ റസലിന്റെ ഓവറില്‍ പിറന്നത് 18 റണ്‍സ്. ഹെറ്റ്‌മെയര്‍ രണ്ട് വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 13 പന്തില്‍ 26 റണ്‍സുമായി പുറത്താവാതെ നിന്നു. ആര്‍ അശ്വിനും (2*) പുറത്താവാതെ നിന്നു. കെകെആറിനായി സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ആന്‍ഡ്രേ റസല്‍, ശിവം മാവി, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ കെകെആറിന് ആദ്യ പന്തില്‍ത്തന്നെ റണ്ണൗട്ടിലൂടെ സുനില്‍ നരെയ്‌നെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ആരോണ്‍ ഫിഞ്ചും (58) നായകന്‍ ശ്രേയസ് അയ്യരും ചേര്‍ന്ന് 107 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി. 28 പന്തില്‍ 9 ഫോറും 2 സിക്‌സും പറത്തിയ ഫിഞ്ചിനെ പ്രസിദ്ധ് കൃഷ്ണ മടക്കി. ഒരു വശത്ത് ശ്രേയസ് അയ്യര്‍ പൊരുതിയെങ്കിലും മധ്യനിരയില്‍ നിന്ന് മികച്ച പിന്തുണ ലഭിച്ചില്ല. നിധീഷ് റാണ (11 പന്തില്‍ 18) ചഹാലിന് മുന്നില്‍ കീഴടങ്ങിയപ്പോള്‍ അപകടകാരിയായ ആന്‍ഡ്രേ റസലിനെ (0) ആര്‍ അശ്വിന്‍ ക്ലീന്‍ബൗള്‍ഡാക്കി. റസല്‍ ഗോള്‍ഡന്‍ ഡെക്കായത് മത്സരത്തില്‍ വഴിത്തിരിവായി. അഞ്ചാം സ്ഥാനത്തേക്കിറങ്ങിയ വെങ്കടേഷ് അയ്യര്‍ (6) ചഹാലിനെ കയറിക്കളിച്ച് സ്റ്റംപ് ഔട്ടായി മടങ്ങി.

1

കെകെആറിന് വലിയ പ്രതീക്ഷ നല്‍കിയ നായകന്‍ ശ്രേയസ് അയ്യര്‍ (85) ചഹാലിന് മുന്നില്‍ എല്‍ബിയില്‍ കുരുങ്ങിയതോടെ മത്സരഫലം തീരുമാനമായി. 51 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സുമാണ് ശ്രേയസ് നേടിയത്. 17ാം ഓവറിന്റെ നാലാം പന്തില്‍ ശ്രേയസിനെ മടക്കിയ ചഹാല്‍ ശിവം മാവി, പാറ്റ് കമ്മിന്‍സ് എന്നിവരെ അടുത്തടുത്ത പന്തുകളില്‍ മടക്കി ഹാട്രിക്കും പൂര്‍ത്തിയാക്കി. നാല് വിക്കറ്റാണ് ഈ ഓവറില്‍ ചഹാല്‍ നേടിയത്.

അവസാന സമയത്ത് ഉമേഷ് യാദവ് (9 പന്തില്‍ 21) കെകെആറിന് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും ഒബെഡ് മക്കോയി അവസാന ഓവറില്‍ ഷെല്‍ഡോന്‍ ജാക്‌സനെയും ഉമേഷിനെയും പുറത്താക്കി വിജയം രാജസ്ഥാന് ഉറപ്പിക്കുകയായിരുന്നു.

1

പ്ലേയിങ് 11: രാജസ്ഥാന്‍- ജോസ് ബട്‌ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, കരുണ്‍ നായര്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, ഒബെഡ് മക്കോയ്, പ്രസിദ്ധ് കൃഷ്ണ, യുസ് വേന്ദ്ര ചഹാല്‍.

കെകെആര്‍- വെങ്കടേഷ് അയ്യര്‍, ആരോണ്‍ ഫിഞ്ച്, ശ്രേയസ് അയ്യര്‍, നിധീഷ് റാണ, ഷെല്‍ഡോന്‍ ജാക്‌സന്‍, ആന്‍ഡ്രേ റസല്‍, പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്ന്‍, ശിവം മാവി, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

Story first published: Monday, April 18, 2022, 23:51 [IST]
Other articles published on Apr 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+