For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ മുംബൈ വീണു, പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി എസ്ആര്‍എച്ച്

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ജയിച്ചാല്‍ ഹൈദരാബാദിന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ മൂന്ന് റണ്‍സിന് തോല്‍പ്പിച്ച് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനെ സാധിച്ചുള്ളു.

ഉമ്രാന്‍ മാലിക്കിന്റെ മൂന്ന് വിക്കറ്റ് പ്രകടനവും 19ാം ഓവര്‍ മെയ്ഡന്‍ വിക്കറ്റാക്കിയ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനവുമാണ് ഹൈദരാബാദ് ജയത്തില്‍ നിര്‍ണ്ണായകമായത്. ഇല്ലാത്ത റണ്‍സിനോടി ടിം ഡേവിഡ് റണ്ണൗട്ടായതും മത്സരത്തില്‍ നിര്‍ണ്ണായകമായി. ഹൈദരാബാദിനെ രാഹുല്‍ ത്രിപാഠി (76) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ പ്രിയം ഗാര്‍ഗ് (42), നിക്കോളാസ് പുരാന്‍ (38) എന്നിവരും തിളങ്ങി. ജയത്തോടെ 13 മത്സരത്തില്‍ നിന്ന് 12 പോയിന്റാണ് ഹൈദരാബാദിനുള്ളത്. നിലവില്‍ എട്ടാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ ജയിച്ചാലും മറ്റ് ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചാവും ഹൈദരാബാദിന്റെ പ്ലേ ഓഫ് സാധ്യത.

1

ടോസ് നേടിയ മുംബൈ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യം പന്തെറിയാന്‍ തീരുമാനിച്ചത് ശരിയാണെന്ന് തോന്നിക്കുന്ന തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 18 റണ്‍സ് മാത്രമുള്ളപ്പോള്‍ സ്റ്റാര്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ഡാനിയല്‍ സാംസ് മടക്കി. 10 പന്തില്‍ ഒരു ബൗണ്ടറി മാത്രമാണ് അഭിഷേകിന് നേടാനായത്. എന്നാല്‍ പിന്നീടങ്ങോട്ട് മുംബൈ ബൗളര്‍മാര്‍ക്ക് മുകളില്‍ ഹൈദരാബാദ് ബാറ്റിങ് നിര സര്‍വാധിപത്യം പുലര്‍ത്തുകയായിരുന്നു.

കെയ്ന്‍ വില്യംസണിന് പകരം ഓപ്പണിങ്ങിലേക്കെത്തിയ പ്രിയം ഗാര്‍ഗ് തല്ലിത്തകര്‍ത്തു. പതിയെ തുടങ്ങി ആഞ്ഞടിച്ച താരം 26 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 42 റണ്‍സുമായി നില്‍ക്കവെ രമന്‍ദീപ് സിങ് മടക്കി അയച്ചു. റിട്ടേണ്‍ ക്യാച്ചിലായിരുന്നു മടക്കം. ഗാര്‍ഗ് മടങ്ങുമ്പോള്‍ 9.5 ഓവറില്‍ 96 എന്ന മികച്ച സ്‌കോറിലേക്ക് ഹൈദരാബാദ് എത്തിയിരുന്നു.

വില്യംസണ്‍ പിന്നോട്ടിറങ്ങിയപ്പോള്‍ മൂന്നാം നമ്പറില്‍ രാഹുല്‍ ത്രിപാഠിയും നിക്കോളാസ് പുരാനും ഒത്തുകൂടി. രണ്ട് പേരും അതിവേഗത്തില്‍ ബാറ്റുവീശിയതോടെ സ്‌കോര്‍ബോര്‍ഡ് 10 റണ്‍സിന് മുകളില്‍ റണ്‍റേറ്റില്‍ കുതിച്ചു. രണ്ട് പേരും ആക്രമിച്ച് തന്നെയാണ് കളിച്ചത്. 22 പന്തില്‍ 38 റണ്‍സ് നേടിയ പുരാനെ റില്ലി മെറീഡിത്ത് പുറത്താക്കുമ്പോള്‍ 16.5 ഓവറില്‍ 172 എന്ന മാന്യമായ സ്‌കോറിലേക്ക് ഹൈദരാബാദ് എത്തിയിരുന്നു. രണ്ട് ഫോറും മൂന്ന് സിക്‌സുമാണ് പുരാന്‍ പറത്തിയത്. 76 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ സൃഷ്ടിച്ചത്.

1

അധികം വൈകാതെ രാഹുല്‍ ത്രിപാഠിയേയും ഹൈദരാബാദിന് നഷ്ടമായി. 44 പന്തില്‍ 9 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 76 റണ്‍സ് നേടിയ രാഹുലിനെ രമന്‍ദീപ് സിങ്ങാണ് പുറത്താക്കിയത്. 18ാം ഓവറിന്റെ രണ്ടാം പന്തിലായിരുന്നു ത്രിപാഠിയുടെ പുറത്താകല്‍. ഇതേ ഓവറിന്റെ അവസാന പന്തില്‍ എയ്ഡന്‍ മാര്‍ക്രത്തെയും (2) രമന്‍ദീപ് പുറത്താക്കി. വലിയ ഷോട്ടിന് ശ്രമിച്ച മാര്‍ക്രത്തെ ടിം ഡേവിഡാണ് പുറത്താക്കിയത്.

200 കടക്കുമെന്ന ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡ് പക്ഷെ 193ലേക്കൊതുങ്ങി. അവസാന ഓവറുകളില്‍ മികച്ച പ്രകടനം നടത്താന്‍ മുംബൈ പേസര്‍മാര്‍ക്കായി. അവസാന ഓവറിന്റെ അവസാന പന്തില്‍ വാഷിങ്ടണ്‍ സുന്ദറെ (9) ബുംറ ക്ലീന്‍ബൗള്‍ഡാക്കി. കെയ്ന്‍ വില്യംസണ്‍ (8*) പുറത്താവാതെ നിന്നു. മുംബൈക്കായി രമന്‍ദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഡാനിയല്‍ സാംസ്, റില്ലി മെറീഡിത്ത്, ജസ്പ്രീത് ബുംറ ഓരോ വിക്കറ്റുകളും വീഴ്ത്തി.

1

മറുപടിക്കിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് മികച്ച തുടക്കം തന്നെ ലഭിച്ചു. ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മയും (48) ഇഷാന്‍ കിഷനും (43) ചേര്‍ന്ന് 95 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. രണ്ട് പേരും കരുതലോടെ മുന്നേറിയപ്പോള്‍ കൂട്ടുകെട്ട് പൊളിച്ചത് വാഷിങ്ടണ്‍ സുന്ദറാണ്. വലിയ ഷോട്ടിന് ശ്രമിച്ച രോഹിത് ജഗദീഷ് സുചിത്തിന്റെ കൈയില്‍ ഭദ്രമായി അവസാനിച്ചു. 36 പന്തില്‍ നിന്ന് രണ്ട് ഫോറും നാല് സിക്‌സുമാണ് ഹിറ്റ്മാന്‍ നേടിയത്.

അധികം വൈകാതെ ഇഷാനും പുറത്തായി. 34 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 43 റണ്‍സ് നേടിയ ഇഷാനെ ഉമ്രാന്‍ മാലിക്കാണ് മടക്കിയത്. സീസണില്‍ മുംബൈക്കായി സ്ഥിരതയോടെ കളിച്ചിരുന്ന തിലക് വര്‍മക്ക് (8) ഇത്തവണ തിളങ്ങാനായില്ല. ഉമ്രാന്റെ അതിവേഗ പന്തില്‍ സിക്‌സറിന് ശ്രമിച്ച തിലകിനെ കെയ്ന്‍ വില്യംസനാണ് ക്യാച്ചിലൂടെ പുറത്താക്കിയത്. മൂന്നാമനായി ക്രീസിലെത്തിയ ഡാനിയല്‍ സാംസും (15) ഉമ്രാന്റെ പേസ് കെണിയില്‍ വീണു. 11 പന്തില്‍ ഒരു സിക്‌സറടക്കം നേടിയ സാംസിനെ പ്രിയം ഗാര്‍ഗ് ഗംഭീര ക്യാച്ചിലൂടെയാണ് മടക്കിയത്.

1

ട്രിസ്റ്റാന്‍ സ്റ്റബസ് (2) ദൗര്‍ഭാഗ്യവശാല്‍ റണ്ണൗട്ടായി. എന്നാല്‍ ഒരുവശത്ത് ടിം ഡേവിഡ് തല്ലിത്തകര്‍ത്തു. ടി നടരാജന്റെ 18ാം ഓവറില്‍ നാല് സിക്‌സടക്കം പറത്തിയ ഡേവിഡ് മത്സരത്തിലേക്ക് മുംബൈയെ തിരികെ കൊണ്ടുവന്നു. എന്നാല്‍ ഇതേ ഓവറിന്റെ അവസാന പന്തില്‍ നടരാജന്റെ തകര്‍പ്പന്‍ ഫീല്‍ഡിങ്ങില്‍ ഡേവിഡ് റണ്ണൗട്ടായി. അനാവശ്യ റണ്‍സിന് ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയെന്ന് തന്നെ പറയാം. 18 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സുമടക്കം 46 റണ്‍സാണ് ഡേവിഡ് നേടിയത്. അദ്ദേഹം പുറത്താവുമ്പോള്‍ 18 ഓവറില്‍ ആറ് വിക്കറ്റിന് 175 എന്ന നിലയിലായിരുന്നു മുംബൈ.

യുവതാരം സഞ്ജയ് യാദവിനെ ഭുവനേശ്വര്‍ കുമാര്‍ അക്കൗണ്ട് തുറക്കും മുമ്പെ പുറത്താക്കി. 19ാം ഓവര്‍ മെയ്ഡന്‍ ഓവര്‍ വിക്കറ്റാക്കാന്‍ ഭുവനേശ്വറിന് സാധിച്ചു. ഇതോടെ അവസാന ഓവറില്‍ മുംബൈക്ക് ജയിക്കാന്‍ 19 റണ്‍സ്. ഫസല്‍ഹഖ് ഫറൂഖിയെറിഞ്ഞ അവസാന ഓവറില്‍ രമന്‍ദീപ് സിങ് (14*) പരമാവധി ശ്രമിച്ചെങ്കിലും മൂന്ന് റണ്‍സകലെ പോരാട്ടം നിന്നു. ഹൈദരാബാദിനായി ഉമ്രാന്‍ മാലിക് മൂന്ന് വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

1

പ്ലേയിങ് 11: മുംബൈ ഇന്ത്യന്‍സ് - ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, ട്രിസ്റ്റാന്‍ സ്റ്റബസ്, തിലക് വര്‍മ, ടിം ഡേവിഡ്, രമന്‍ദീപ് സിങ്, സഞ്ജയ് യാദവ്, ജസ്പ്രീത് ബുംറ, മായങ്ക് മാര്‍ക്കണ്ഡെ, റില്ലി മെറീഡിത്ത്

ഹൈദരാബാദ്: അഭിഷേക് ശര്‍മ, പ്രിയം ഗാര്‍ഗ്, കെയ്ന്‍ വില്യംസന്‍, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്, ടി നടരാജന്‍, ഫസല്‍ഹഖ് ഫറൂഖി

Story first published: Tuesday, May 17, 2022, 23:41 [IST]
Other articles published on May 17, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+