For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: പൊരുതി വീണ് ലഖ്‌നൗ, ആര്‍സിബിക്ക് ക്വാളിഫയര്‍ ടിക്കറ്റ്, രാജസ്ഥാനെ നേരിടും

ആദ്യ ക്വാളിഫയറില്‍ ജയിച്ച ഗുജറാത്ത് നേരിട്ട് ഫൈനല്‍ ടിക്കറ്റെടുത്തിരുന്നു. എലിമിനേറ്ററില്‍ ആര് അകത്താവും ആര് പുറത്താവുമെന്ന് കാത്തിരുന്ന് കാണാം

1

കൊല്‍ക്കത്ത: ആവേശ എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ 14 റണ്‍സിന് തോല്‍പ്പിച്ച് ആര്‍സിബി ക്വാളിഫയറില്‍. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നാല് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗവിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടാനായത്. കെ എല്‍ രാഹുലും (79), ദീപക് ഹൂഡയും (45) ലഖ്‌നൗവിനായി പൊരുതിയെങ്കിലും ആര്‍സിബിയുടെ മികവിനെ മറികടക്കാനായില്ല. ആര്‍സിബിക്കായി ജോഷ് ഹെയ്‌സല്‍വുഡ് മൂന്നും മുഹമ്മദ് സിറാദ്, വനിന്‍ഡു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

വിരാട് കോലിയും ഫഫ് ഡുപ്ലെസിസും ഗ്ലെന്‍ മാക്‌സ് വെല്ലും നിരാശപ്പെടുത്തിയ എലിമിനേറ്ററില്‍ ആര്‍സിബിയുടെ രക്ഷകനായത് രജത് പാട്ടീധാറാണ്. അപരാജിത സെഞ്ച്വറിയോടെ പാട്ടീധാര്‍ (112) കളം നിറഞ്ഞതാണ് നാല് വിക്കറ്റിന് 207 എന്ന വമ്പന്‍ ടോട്ടലിലേക്ക് ആര്‍സിബിയെ എത്തിച്ചത്. ദിനേഷ് കാര്‍ത്തികും (37*) തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചു. ഫീല്‍ഡിങ്ങില്‍ ലഖ്‌നൗ കൈയയഞ്ഞ് സഹായിച്ചതാണ് വലിയ ടോട്ടലിലേക്കെത്താന്‍ ആര്‍സിബിയെ സഹായിച്ചത്.

1

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്ക് ആദ്യ ഓവറില്‍ത്തന്നെ പ്രഹരമേറ്റു. ഓവറിലെ അഞ്ചാം പന്തില്‍ത്തന്നെ നായകന്‍ ഫഫ് ഡുപ്ലെസിസ് ഗോള്‍ഡന്‍ ഡെക്ക്. മികച്ച ലെങ്തിലെത്തിയ പന്തിനെ ഒഴിവാക്കാനായിരുന്നു ഡുപ്ലെസിസിന്റെ ശ്രമമെങ്കിലും അതിന് അവസരം നല്‍കാതെ ബാറ്റിലുരുമ്മി പന്ത് വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡീകോക്കിന്റെ കൈയില്‍ ഭദ്രം. പ്ലേ ഓഫില്‍ ഗോള്‍ഡന്‍ ഡെക്കാവുന്ന നായകന്മാരിലെ ആറാമനായി ഡുപ്ലെസിസ് മാറുകയും ചെയ്തു.

പ്ലേ ഓഫില്‍ ഗോള്‍ഡന്‍ ഡെക്കാകുന്ന മൂന്നാമത്തെ ആര്‍സിബി ക്യാപ്റ്റന്‍ കൂടിയാണ് ഡുപ്ലെസിസ്. 2009ല്‍ ആര്‍സിബി നായകനായിരിക്കെ അനില്‍ കുംബ്ലെയും 2011ല്‍ ഡാനിയല്‍ വെട്ടോറിയും ഗോള്‍ഡന്‍ ഡെക്കായിരുന്നു. ഡുപ്ലെസിസ് മടങ്ങുമ്പോള്‍ നാല് റണ്‍സായിരുന്നു ആര്‍സിബി സ്‌കോര്‍ബോര്‍ഡില്‍. എന്നാല്‍ തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം വിരാട് കോലിയും രജത് പാട്ടീധാറും ചേര്‍ന്ന് ആര്‍സിബിക്ക് അടിത്തറപാകി. രണ്ടാം വിക്കറ്റില്‍ 66 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്.

1

എന്നാല്‍ സ്‌കോര്‍ബോര്‍ഡ് 70ല്‍ നില്‍ക്കെ വിരാട് കോലി പുറത്തായി. 24 പന്തില്‍ രണ്ട് ബൗണ്ടറിയടക്കം നേടിയ കോലി നിലയുറപ്പിച്ച് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കവെയാണ് പുറത്തായത്. ആവേഷ് ഖാന്റെ ബൗണ്‍സറില്‍ സിക്‌സര്‍ പായിക്കാനുള്ള ശ്രമം പാളി. ഉയര്‍ന്ന് പൊങ്ങിയ പന്ത് മൊഹ്‌സിന്‍ ഖാന്റെ കൈയില്‍ ഭദ്രം. നാലാമനായി ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ് വെല്ലില്‍ ആര്‍സിബി വലിയ പ്രതീക്ഷവെച്ചെങ്കിലും 10 പന്തില്‍ 9 റണ്‍സുമായി മടങ്ങി. ഒരു സിക്‌സര്‍ നേടിയ താരം ക്രുണാല്‍ പാണ്ഡ്യയെ സിക്‌സറിന് ശ്രമിച്ച് എവിന്‍ ലെവിസിന്റെ കൈയില്‍ അവസാനിച്ചു.

ഒരുവശത്ത് രജത് പാട്ടീധാര്‍ അര്‍ധ സെഞ്ച്വറിയോടെ സ്‌കോര്‍ ഉയര്‍ത്തി. പ്രതീക്ഷ നല്‍കി തുടങ്ങിയെങ്കിലും മഹിപാല്‍ ലാംറോറിന് (14) വലിയ സ്‌കോറിലേക്കെത്താനായില്ല. രണ്ട് ബൗണ്ടറി നേടിയ താരത്തെ രവി ബിഷ്‌നോയിയുടെ പന്തില്‍ കെ എല്‍ രാഹുല്‍ മികച്ച ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ആറാമനായി ക്രീസിലെത്തിയ ദിനേഷ് കാര്‍ത്തികിനെ രണ്ട് റണ്‍സില്‍ പുറത്താക്കാന്‍ അവസരം ലഭിച്ചെങ്കിലും കെ എല്‍ രാഹുലിന് പിഴച്ചു. മൊഹ്‌സിന്‍ ഖാന്റെ ഓവറില്‍ കാര്‍ത്തികിന്റെ ബാറ്റിന്റെ എഡ്ജില്‍ കൊണ്ട് ഉയര്‍ത്തു. രാഹുല്‍ ഏറെക്കുറെ കൈപ്പിടിയിലൊതുക്കിയെങ്കിലും നിലത്ത് വീണതോടെ പന്ത് കൈയില്‍ നിന്ന് പോയി.

1

16ാം ഓവറില്‍ പാട്ടീധാറിനെ മടക്കാനുള്ള അവസരം ദീപക് ഹൂഡ പാഴാക്കി. രവി ബിഷ്‌നോയിയുടെ പന്ത് കൃത്യം ബൗണ്ടറിലൈനില്‍ നിന്ന ഹൂഡയുടെ കൈയില്‍. എന്നാല്‍ ഹൂഡക്കത് കൈപ്പിടിയിലൊതുക്കാനായില്ല. ഫീല്‍ഡിങ്ങില്‍ ലഖ്‌നൗ വരുത്തിയ പിഴവുകള്‍ ആര്‍സിബിക്ക് വളരെയധികം സഹായമായിട്ടുണ്ട്. സെഞ്ച്വറിക്ക് തൊട്ടരികെ രജത് പാട്ടീധാറിനെ മനാന്‍ വോറ കൈവിട്ടു. ഇതോടെ മൊഹ്‌സിന്‍ ഖാനെ സിക്‌സര്‍ പറത്തി പാട്ടീധര്‍ സെഞ്ച്വറിയും നേടി.

അവസാന ഓവറുകളില്‍ ദിനേഷ് കാര്‍ത്തികും പാട്ടീധാറും ആഞ്ഞടിച്ചതോടെ ആര്‍സിബി നാല് വിക്കറ്റിന് 207 എന്ന വമ്പന്‍ ടോട്ടലിലേക്കെത്തി. പാട്ടീധാര്‍ 54 പന്തില്‍ 12 ഫോറും ഏഴ് സിക്‌സുമടക്കം 112 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ ദിനേഷ് കാര്‍ത്തിക് 23 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സുമടക്കം 37 റണ്‍സുമായി പുറത്താവാതെ നിന്നു. ഐപിഎല്‍ പ്ലേ ഓഫില്‍ സെഞ്ച്വറി നേടുന്ന ആദ്യ അണ്‍ക്യാപ്പഡ് താരമാണ് പാട്ടിധാര്‍. ലഖ്‌നൗവിനായി മൊഹ്‌സിന്‍ ഖാന്‍, ക്രുണാല്‍ പാണ്ഡ്യ, ആവേഷ് ഖാന്‍, രവി ബിഷ്‌നോയ് ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

208 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗവിന് തുടക്കത്തിലേ പ്രഹരമേറ്റു. അവസാന മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി നിറഞ്ഞാടിയ ക്വിന്റന്‍ ഡീകോക്കിനെ (6) മുഹമ്മദ് സിറാജ് മടക്കി. ഒരു സിക്‌സര്‍ നേടിയ താരത്തെ സിറാജ് ഡുപ്ലെസിസിന്റെ കൈയിലെത്തിക്കുകയായിരുന്നു. മൂന്നാം നമ്പറില്‍ മനാന്‍ വോറ അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. 46 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും പറത്തിയ വോറയെ ജോഷ് ഹെയ്‌സല്‍വുഡ് ഷഹബാസ് അഹമ്മദിന്റെ കൈയിലെത്തിച്ചു.

1

വന്‍ തകര്‍ച്ചയിലേക്ക് ലഖ്‌നൗ പോവുമെന്ന് തോന്നിയെങ്കിലും നായകന്‍ കെ എല്‍ രാഹുലും ദീപക് ഹൂഡയും ചേര്‍ന്ന് ടീമിന് മുന്നോട്ടേക്ക് നയിച്ചു. അതിവേഗം റണ്‍സുയര്‍ത്തി മുന്നേറിയ ഹൂഡയെ വനിന്‍ഡു ഹസരങ്ക ക്ലീന്‍ബൗള്‍ഡ് ചെയ്ത് കൂട്ടുകെട്ട് പൊളിച്ചു. 26 പന്തില്‍ ഒരു ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 45 റണ്‍സാണ് ഹൂഡ നേടിയത്. ഹൂഡ പുറത്താവുമ്പോള്‍ 14.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 137 എന്ന നിലയിലായിരുന്നു ലഖ്‌നൗ.

മാര്‍ക്കസ് സ്‌റ്റോയിനിസിന് (9) കാര്യമായൊന്നും ചെയ്യാനായില്ല. ഹര്‍ഷല്‍ പട്ടേലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 19ാം ഓവറിന്റെ നാലാം പന്തില്‍ ജോഷ് ഹെയ്‌സല്‍വുഡ് കെ എല്‍ രാഹുലിനെ പുറത്താക്കി. 58 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 79 റണ്‍സാണ് രാഹുല്‍ നേടിയത്. ഈ ഓവറിലെ അഞ്ചാം പന്തില്‍ ക്രുണാല്‍ പാണ്ഡ്യ ഗോള്‍ഡന്‍ ഡെക്കും ആയതോടെ ടീം സമ്മര്‍ദ്ദത്തിലായി. അവസാന പന്ത് ദുഷ്മന്ത ചമീര ബൗണ്ടറി പറത്തിയതോടെ ലഖ്‌നൗവിന് ആറ് പന്തില്‍ ജയിക്കാന്‍ 24 റണ്‍സ്. ഹര്‍ഷല്‍ പട്ടേല്‍ അവസാന ഓവറില്‍ നന്നായി പന്തെറിഞ്ഞതോടെ ലഖ്‌നൗവിന്റെ പോരാട്ടം 14 റണ്‍സകലെ അവസാനിച്ചു.

1

പ്ലേയിങ് 11: ലഖ്‌നൗ- ക്വിന്റന്‍ ഡീകോക്ക്, കെ എല്‍ രാഹുല്‍, എവിന്‍ ലെവിസ്, ദീപക് ഹൂഡ, ക്രുണാല്‍ പാണ്ഡ്യ, മനാന്‍ വോറ, മാര്‍ക്കസ് സ്‌റ്റോയിനിസ്, മൊഹ്‌സിന്‍ ഖാന്‍, ആവേഷ് ഖാന്‍, ദുഷ്മന്ത ചമീര, രവി ബിഷ്‌നോയ്

ആര്‍സിബി- ഫഫ് ഡുപ്ലെസിസ്, വിരാട് കോലി, രജത് പാട്ടീധാര്‍, ഗ്ലെന്‍ മാക്‌സ് വെല്‍, മഹിപാല്‍ ലോംറോര്‍, ദിനേഷ് കാര്‍ത്തിക്, ഷഹബാസ് അഹമ്മദ്, വനിന്‍ഡു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹെയ്‌സല്‍വുഡ്, മുഹമ്മദ് സിറാജ്

Story first published: Thursday, May 26, 2022, 0:28 [IST]
Other articles published on May 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+