Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ആര്‍സിബിയെ എറിഞ്ഞിട്ടു, പ്ലേ ഓഫ് പ്രതീക്ഷ കാത്ത് പഞ്ചാബ്, ആര്‍സിബി വിയര്‍ക്കും

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്ലേ ഓഫ് സീറ്റിനായുള്ള നിര്‍ണ്ണായക പോരാട്ടത്തില്‍ ആര്‍സിബിയെ 54 റണ്‍സിന് തോല്‍പ്പിച്ച് പഞ്ചാബ് കിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബിക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ലിയാം ലിവിങ്സ്റ്റന്‍ (70) , ജോണി ബെയര്‍സ്‌റ്റോ (66) എന്നിവരുടെ ബാറ്റിങ്ങാണ് പഞ്ചാബിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ആര്‍സിബിക്കായി ഹര്‍ഷല്‍ പട്ടേല്‍ നാലും വനിന്‍ഡു ഹസരങ്ക രണ്ടും ഗ്ലെന്‍ മാക്‌സ് വെല്‍, ഷഹബാസ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ആര്‍സിബി നിരയില്‍ ആര്‍ക്കും തന്നെ തിളങ്ങാനായില്ല. പഞ്ചാബിനായി കഗിസോ റബാഡ മൂന്നും റിഷി ധവാന്‍, രാഹുല്‍ ചഹാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഹര്‍പ്രീത് ബ്രാര്‍, അര്‍ഷദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

തോല്‍വി വഴങ്ങിയെങ്കിലും 13 മത്സരത്തില്‍ നിന്ന് 14 പോയിന്റുമായി ആര്‍സിബി നാലാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ ജയിച്ചാലേ ആര്‍സിബിക്ക് ഇനി പ്ലേ ഓഫ് പ്രതീക്ഷയുള്ളൂ. ജയിച്ചാലും ഉറപ്പ് പറയാനാവാത്ത സാഹചര്യം. പഞ്ചാബ് ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി. 12 മത്സരത്തില്‍ നിന്ന് 12 പോയിന്റാണുള്ളത്. ശേഷിക്കുന്ന രണ്ട് മത്സരവും വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ പഞ്ചാബിനും പ്ലേ ഓഫില്‍ സീറ്റ് പ്രതീക്ഷിക്കാം.

1

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ഗംഭീര തുടക്കമാണ് ജോണി ബെയര്‍സ്‌റ്റോയും (66) ശിഖര്‍ ധവാനും (21) ചേര്‍ന്ന് നല്‍കിയത്. കടന്നാക്രമിച്ച ബെയര്‍സ്‌റ്റോ ആര്‍സിബി ബൗളര്‍മാരെ ശരിക്കും വെള്ളം കുടിപ്പിച്ചു. ആര്‍സിബിയുടെ സ്റ്റാര്‍ ബൗളര്‍ ജോഷ് ഹെയ്‌സല്‍വുഡിന്റെ ആദ്യ ഓവറില്‍ 22 റണ്‍സാണ് ബെയര്‍സ്‌റ്റോ നേടിയത്. ധവാനും പതിയെ ആക്രമത്തിലേക്ക് ചുവടുമാറ്റിയെങ്കിലും ഗ്ലെന്‍ മാക്‌സ് വെല്‍ കൂട്ടുകെട്ട് പൊളിച്ചു. അഞ്ച് ഓവറില്‍ 60 റണ്‍സെന്ന നിലയില്‍ നില്‍ക്കവെയാണ് 15 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും പറത്തിയ ധവാനെ മാക്‌സ് വെല്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുന്നത്. മാക്‌സ് വെല്ലിന്റെ ടേണിങ് പന്തില്‍ സ്വീപ് ഷോട്ടിന് ശ്രമിച്ച ധവാന്റെ ടൈമിങ് പിഴച്ചപ്പോള്‍ കുറ്റി തെറിച്ചു.

സീസണില്‍ മോശമില്ലാത്ത പ്രകടനം നടത്തിയിരുന്ന ബനുഷ്‌ക രാജപക്‌സെക്ക് (1) പക്ഷെ ഇത്തവണ പിഴച്ചു. ശ്രീലങ്കക്കാരനായ ബനുഷ്‌കയ്‌ക്കെതിരേ ശ്രീലങ്കയുടെ വനിന്‍ഡു ഹസരങ്കയെത്തന്നെ പന്തേല്‍പ്പിച്ച ആര്‍സിബി ക്യാപ്റ്റന് പിഴച്ചില്ല. മൂന്ന് പന്ത് നേരിട്ട താരം ഹര്‍ഷല്‍ പട്ടേലിന്റെ കൈയില്‍ ഭദ്രം. 22 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നിന്ന് യുസ് വേന്ദ്ര ചഹാലിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ് ഹസരങ്ക.

1

സെഞ്ച്വറിയിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ച ബെയര്‍‌സ്റ്റോയുടെ കുതിപ്പിന് ഷഹബാസ് അഹമ്മദ് അന്ത്യം കുറിച്ചു. നാല് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെ 227.58 സ്‌ട്രൈക്കറേറ്റില്‍ കളിച്ച ബെയര്‍‌സ്റ്റോ മുഹമ്മദ് സിറാജിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. പവര്‍പ്ലേയില്‍ ഏഴ് സിക്‌സര്‍ പറത്തിയതോടെ ഒരു മത്സരത്തില്‍ പവര്‍പ്ലേയില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡില്‍ സനത് ജയസൂര്യയുടെ റെക്കോഡിനൊപ്പം തലപ്പത്തേക്കെത്താന്‍ ബെയര്‍‌സ്റ്റോയ്ക്കായി.

പിന്നീട് ഒത്തുചേര്‍ന്ന ലിയാം ലിവിങ്‌സ്റ്റനും മായങ്ക് അഗര്‍വാളും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡ് പതിയെ ഉയര്‍ത്തി. ഒരു ഘട്ടത്തില്‍ താഴോട്ട് പോയ റണ്‍റേറ്റിനെ ലിവിങ്‌സ്റ്റന്‍ പതിയെ ഉയര്‍ത്തി. എന്നാല്‍ നായകന്‍ മായങ്കിന് മികവ് കാട്ടാനായില്ല. 16 പന്തില്‍ മൂന്ന് ബൗണ്ടറി നേടിയ മായങ്കിനെ ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കി. ഓപ്പണിങ്ങില്‍ നിന്ന് മധ്യനിരയിലേക്കെത്തിയിട്ടും മായങ്കിന് കാര്യമായൊന്നും ചെയ്യാനാവുന്നില്ല.

വമ്പനടിക്കാരനെന്ന വിശേഷണം ലഭിച്ച യുവ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മക്കും (9) വലിയ സ്‌കോര്‍ നേടാനായില്ല. രണ്ട് ബൗണ്ടറിയടക്കം നേടി പ്രതീക്ഷ നല്‍കിയ താരത്തെ വനിന്‍ഡു ഹസരങ്ക ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. ഹര്‍പ്രീത് ബ്രാര്‍ (7) ഒരു സിക്‌സര്‍ നേടി പ്രതീക്ഷ നല്‍കിയെങ്കിലും ഹര്‍ഷല്‍ പട്ടേലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

1

ഒരു വശത്ത് ആഞ്ഞടിച്ച ലിവിങ്‌സ്റ്റന്‍ പഞ്ചാബ് സ്‌കോര്‍ബോര്‍ഡ് 200 കടത്തി. 42 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും നേടിയ ലിവിങ്‌സ്റ്റനെ അവസാന ഓവറിന്റെ രണ്ടാം പന്തില്‍ ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കി. ലോ ഫുള്‍ട്ടോസിനെ കീപ്പറുടെ മുകളിലൂടെ വിടാനുള്ള ലിവിങ്സ്റ്റന്റെ ശ്രമം പാളി. ഉയന്നുപൊന്തിയ പന്തിനെ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക് കൈയിലൊതുക്കി. ഒരു സിക്‌സടക്കം ഏഴ് റണ്‍സെടുത്ത റിഷി ധവാനെയും നാലാം പന്തില്‍ ഹര്‍ഷല്‍ പുറത്താക്കി.

അവസാന പന്തില്‍ രാഹുല്‍ ചഹാര്‍ റണ്ണൗട്ടുമായി. ഇതോടെ പഞ്ചാബ് 9 വിക്കറ്റിന് 209 എന്ന സ്‌കോറിലേക്കൊതുങ്ങി. അവസാന ഓവറില്‍ നാല് റണ്‍സ് മാത്രമാണ് ഹര്‍ഷല്‍ വഴങ്ങിയത്. മൂന്ന് വിക്കറ്റുകള്‍ ഈ ഓവറില്‍ വീണു. ആര്‍സിബിക്കായി ഹര്‍ഷല്‍ പട്ടേല്‍ നാലും വനിന്‍ഡു ഹസരങ്ക രണ്ടും ഗ്ലെന്‍ മാക്‌സ് വെല്‍, ഷഹബാസ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

210 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആര്‍സിബിക്ക് മികച്ചൊരു തുടക്കമല്ല ലഭിച്ചത്. സ്‌കോര്‍ബോര്‍ഡ് 33ല്‍ നില്‍ക്കെ വിരാട് കോലിയെ (20) നഷ്ടമായി. 14 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും നേടിയ കോലിയെ കഗിസോ റബാഡയാണ് പുറത്താക്കിയത്. തൊട്ടുപിന്നാലെ നായകന്‍ ഫഫ് ഡുപ്ലെസിസിനെ (10) റിഷി ധവാന്‍ മടക്കി. എട്ട് പന്തില്‍ രണ്ട് ബൗണ്ടറിയാണ് അദ്ദേഹം നേടിയത്. മഹിപാല്‍ ലോംറോറും (6) പുറത്തായതോടെ ടീം പ്രതിസന്ധിയിലായി. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റുകളാണ് ആര്‍സിബിക്ക് നഷ്ടമായത്.

1

രജത് പാട്ടീധാറും ഗ്ലെന്‍ മാക്‌സ് വെല്ലും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡുയര്‍ത്തവെ കൂട്ടുകെട്ട് പൊളിച്ച് രാഹുല്‍ ചഹാറെത്തി. 21 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 26 റണ്‍സെടുത്ത രജത്തിന് മടക്ക ടിക്കറ്റ്. തൊട്ടടുത്ത ഓവറില്‍ ഹര്‍പ്രീത് ബ്രാര്‍ മാക്‌സ് വെല്ലിനെ പുറത്താക്കി. 22 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും നേടിയ മാക്‌സ് വെല്ലിനെ അര്‍ഷദീപ് സിങ്ങാണ് കൈയിലൊതുക്കിയത്.

പ്രതീക്ഷ നല്‍കിയ ദിനേഷ് കാര്‍ത്തികിനെ (11) അര്‍ഷദീപ് സിങ്ങും ഷഹബാസ് അഹമ്മദിനെ (9) കഗിസോ റബാദയും പുറത്താക്കി. വനിന്‍ഡു ഹസരങ്കയെ (6) രാഹുല്‍ ചഹാറിന്റെ പന്തില്‍ ഹര്‍പ്രീത് ബ്രാര്‍ ബൗണ്ടറി ലൈനിനരികെ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. വാലറ്റക്കാര്‍ക്ക് എത്തിപ്പിടിക്കാവുന്നതിലും വലിയ വിജയലക്ഷ്യമായതിനാല്‍ തലകുനിക്കേണ്ടി വന്നു. പഞ്ചാബിനായി കഗിസോ റബാഡ മൂന്നും റിഷി ധവാന്‍, രാഹുല്‍ ചഹാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഹര്‍പ്രീത് ബ്രാര്‍, അര്‍ഷദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

പ്ലേയിങ് 11: ആര്‍സിബി-വിരാട് കോലി, ഫഫ് ഡുപ്ലെസിസ്, രജത് പാട്ടീധാര്‍, ഗ്ലെന്‍ മാക്‌സ് വെല്‍, ദിനേഷ് കാര്‍ത്തിക്, മഹിപാല്‍ ലോംറോര്‍, ഷഹബാസ് അഹമ്മദ്, വനിന്‍ഡു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഹെയ്‌സല്‍വുഡ്

പഞ്ചാബ് കിങ്‌സ്- ജോണി ബെയര്‍സ്‌റ്റോ, ശിഖര്‍ ധവാന്‍, ബനുഷ്‌ക രാജപക്‌സെ, മായങ്ക് അഗര്‍വാള്‍, ജിതേഷ് ശര്‍മ, ലിയാം ലിവിങ്സ്റ്റന്‍, റിഷി ധവാന്‍, കഗിസോ റബാഡ, രാഹുല്‍ ചഹാര്‍, ഹര്‍പ്രീത് ബ്രാര്‍, അര്‍ഷദീപ് സിങ്

Story first published: Friday, May 13, 2022, 23:38 [IST]
Other articles published on May 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+