
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. 18 റണ്‍സിനാണ് കെ എല്‍ രാഹുലും സംഘവും ജയം നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ലഖ്‌നൗവിനായി ആവേഷ് ഖാന്‍ മൂന്നും ജേസന്‍ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, രവി ബിഷ്‌നോയ്, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ മുംബൈക്ക് മുന്നില്‍ വെക്കുകയായിരുന്നു. കെ എല്‍ രാഹുലിന്റെ (103*) അപരാജിത സെഞ്ച്വറി പ്രകടനമാണ് ലഖ്‌നൗവിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മനീഷ് പാണ്ഡെ (38), ക്വിന്റന്‍ ഡീകോക്ക് (24) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. മുംബൈക്കായി ജയദേവ് ഉനദ്ഘട്ട് രണ്ടും മുരുഗന്‍ അശ്വിന്‍, ഫാബിയന്‍ അലന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന് ഓപ്പണിങ്ങില്‍ മികച്ച തുടക്കം ലഭിച്ചു. കെ എല്‍ രാഹുലും ക്വിന്റന്‍ ഡീകോക്കും (24) ആക്രമിച്ച് തന്നെയാണ് തുടങ്ങിയത്. മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ക്വിന്റന്‍ ഡീകോക്ക് തന്നെ കൈവിട്ടതിന് മുംബൈയോട് പകരം വീട്ടുന്ന നിലയിലാണ് കസറിയത്. 13 പന്തില്‍ നാല് ഫോറും ഒരു സിക്‌സും പറത്തിയ ഡീകോക്കിനെ ഫാബിയന്‍ അലന്‍ എല്‍ബിയില്‍ കുരുക്കുമ്പോള്‍ 5.3 ഓവറില്‍ 52 എന്ന മികച്ച കൂട്ടുകെട്ടാണ് സൃഷ്ടിക്കപ്പെട്ടത്.
മൂന്നാം നമ്പറിലേക്ക് മടങ്ങിയെത്തിയ മനീഷ് പാണ്ഡെ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. 29 പന്തില്‍ ആറ് ബൗണ്ടറി ഉള്‍പ്പെടെ 38 റണ്‍സാണ് മനീഷ് നേടിയത്. വലിയ സ്‌കോറിലേക്ക് ഉയരുമെന്ന് തോന്നിച്ച മനീഷിനെ മുരുഗന്‍ അശ്വിന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. 72 റണ്‍സിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ രാഹുലും മനീഷും ചേര്‍ന്ന് സൃഷ്ടിച്ചത്. മനീഷ് പുറത്താവുമ്പോള്‍ 13.2 ഓവറില്‍ രണ്ട് വിക്കറ്റിന് 124 എന്ന മികച്ച നിലയിലായിരുന്നു ലഖ്‌നൗ.

ഡെത്ത് ഓവറുകളില്‍ വലിയ അപകടകാരിയാവാന്‍ സാധ്യതയുള്ള മാര്‍ക്കസ് സ്റ്റോയിനിസിനെ (9 പന്തില്‍ 10) ജയദേവ് ഉനദ്ഘട്ട് പുറത്താക്കി. ഒരു സിക്‌സറടക്കം പറത്തി ഫോമിലേക്കെത്തുകയായിരുന്ന താരത്തെ ഉനദ്ഘട്ട് രോഹിത് ശര്‍മയുടെ കൈയില്‍ എത്തിക്കുകയായിരുന്നു. 17ാം ഓവറില്‍ ജയദേവ് ഉനദ്ഘട്ടും 18ാം ഓവറില്‍ ജസ്പ്രീത് ബുംറയും റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടിയപ്പോള്‍ 19ാം ഓവറില്‍ ടൈമല്‍ മില്‍സ് നന്നായി തല്ലുകൊണ്ടു. ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 22 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്.

ജയദേവ് ഉനദ്ഘട്ട് ഡെത്ത് അവസാന ഓവറില്‍ മികവ് കാട്ടി. ആദ്യ മൂന്ന് പന്തിലും സിംഗിള്‍ വഴങ്ങിയ ഉനദ്ഘട്ട് നാലാം പന്തില്‍ ദീപക് ഹൂഡയെ (8 പന്തില്‍ 15) പുറത്താക്കി. ഒരു വശത്ത് തല്ലിത്തകര്‍ത്ത കെ എല്‍ രാഹുല്‍ സെഞ്ച്വറി നേടി പുറത്താവാതെ നിന്നു. 60 പന്തുകള്‍ നേരിട്ട് 9 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെയായിരുന്നു രാഹുലിന്റെ സെഞ്ച്വറി പ്രകടനം. രാഹുലിന്റെ മൂന്നാമത്തെ ഐപിഎല്‍ സെഞ്ച്വറിയാണിത്. കൂടാതെ 100ാം ഐപിഎല്‍ മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ താരമാവാനും രാഹുലിനായി.
മുംബൈ ഇന്ത്യന്‍സിനെതിരേ എന്നും മികച്ച റെക്കോഡുള്ള താരമാണ് രാഹുല്‍. 68*, 20, 94, 71*, 100*, 17, 77, 60*, 21, 103* എന്നിങ്ങനെയാണ് രാഹുലിന്റെ സ്‌കോര്‍. കൃത്യമായി പറഞ്ഞാല്‍ 15 മത്സരത്തില്‍ നിന്ന് 76.40 ശരാശരിയില്‍ 764 റണ്‍സ്. അഞ്ച് അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും നേടിയ രാഹുലിന്റെ പേരില്‍ 132.63 എന്ന ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റുമുണ്ട്.

മറുപടിക്കിറങ്ങിയ മുംബൈയുടെ ഓപ്പണിങ് വീണ്ടും പരാജയപ്പെട്ടു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയാണ് (6) ആദ്യം നഷ്ടമായത്. ഒരു ബൗണ്ടറി നേടി രോഹിത് പ്രതീക്ഷ നല്‍കിയെങ്കിലും ആവേഷ് ഖാന്റെ പന്തില്‍ ഡീകോക്കിന് ക്യാച്ച്. മൂന്നാമനായി ക്രീസിലെത്തിയ ഡെവാള്‍ഡ് ബ്രവിസ് ബാറ്റിങ് വിസ്‌ഫോടനമാണ് കാഴ്ചവെച്ചത്. 13 പന്തില്‍ 6 ഫോറും ഒരു സിക്‌സുമടക്കം 31 റണ്‍സാണ് ബ്രെവിസ് നേടിയത്. വലിയ പ്രതീക്ഷ നല്‍കിയെങ്കിലും ആവേഷ് ഖാന്റെ ഫുള്‍ട്ടോസില്‍ ബ്രവിസ് മടങ്ങി. അധികം വൈകാതെ ഓപ്പണര്‍ ഇഷാന്‍ കിഷനും (13) കൂടാരം കയറി. 17 പന്തില്‍ രണ്ട് ബൗണ്ടറിയാണ് ഇഷാന് നേടാനായത്.
15.25 കോടിക്ക് ടീമിലേക്ക് തിരിച്ചെത്തിച്ചിട്ടും ഇഷാന്‍ വന്‍ പരാജയമായിരിക്കുകയാണ്. യുവ പ്രതിഭ തിലക് വര്‍മക്കും (26 പന്തില്‍ 26) പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. രണ്ട് ബൗണ്ടറി മാത്രം നേടിയ തിലകിനെ ജേസന്‍ ഹോള്‍ഡര്‍ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. നിര്‍ണ്ണായക സമയത്ത് സൂര്യകുമാര്‍ യാദവിനെ (37) രവി ബിഷ്‌നോയ് പുറത്താക്കിയതും മുംബൈക്ക് തിരിച്ചടിയായി. 27 പന്തില്‍ മൂന്ന് ബൗണ്ടറിയടക്കം നേടിയ സൂര്യകുമാറിനെ നഷ്ടമായത് മത്സരഫലത്തെ മാറ്റിമറിച്ചു.

18ാം ഓവറിന്റെ നാലാം പന്തില്‍ ഫാബിയന്‍ അലനെ (8) ആവേഷ് ഖാനും പുറത്താക്കി. അവസാന ഓവറിലെ ആദ്യ പന്തില്‍ ജയദേവ് ഉനദ്ഘട്ട് (14) റണ്ണൗട്ടായപ്പോള്‍ മൂന്നാം പന്തില്‍ മുരുഗന്‍ അശ്വിനും (6) റണ്ണൗട്ടായി. അഞ്ചാം പന്തില്‍ കറെന്‍ പൊള്ളാര്‍ഡിനെയും (25) ദുഷ്മന്ത ചമീര മടക്കിയപ്പോള്‍ മുംബൈയുടെ തോല്‍വി ഉറപ്പായി. ലഖ്‌നൗവിനായി ആവേഷ് ഖാന്‍ മൂന്നും ജേസന്‍ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, രവി ബിഷ്‌നോയ്, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

പ്ലേയിങ് 11: മുംബൈ-രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ഡിവാള്‍ഡ് ബ്രെവിസ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, കറെന്‍ പൊള്ളാര്‍ഡ്, ഫാബിയന്‍ അലന്‍, ജയദേവ് ഉനദ്ഘട്ട്, മുരുഗന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ടൈമല്‍ മില്‍സ്.
ലഖ്നൗ- കെ എല്‍ രാഹുല്‍, ക്വിന്റന്‍ ഡീകോക്ക്, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയിനിസ്, ആയുഷ് ബധോനി, ജേസന്‍ ഹോള്‍ഡര്‍, ക്രുണാല്‍ പാണ്ഡ്യ, ദുഷ്മന്ത ചമീര, ആവേശ് ഖാന്‍, രവി ബിഷ്നോയ്