Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കെകെആറിനെ നാണംകെടുത്തി ലഖ്‌നൗ, വമ്പന്‍ ജയം, താരമായി ആവേഷും ഹോള്‍ഡറും

1

പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തരിപ്പണമാക്കി ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. ആവേശ പോരാട്ടത്തില്‍ 75 റണ്‍സിനാണ് കെകെആറിനെ ലഖ്‌നൗ നാണം കെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആറിന്റെ ചെറുത്തുനില്‍പ്പ് 14.3 ഓവറില്‍ 101 റണ്‍സില്‍ അവസാനിച്ചു. ആവേഷ് ഖാനും ജേസന്‍ ഹോള്‍ഡറും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ മൊഹ്‌സിന്‍ ഖാന്‍, ദുഷ്മന്ത ചമീര, രവി ബിഷ്‌നോയ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും നേടി.

ക്വിന്റന്‍ ഡീകോക്ക് (50), ദീപക് ഹൂഡ (41) എന്നിവരുടെ ബാറ്റിങ്ങാണ് ലഖ്നൗവിന് കരുത്തായത്. കെകെആറിനായി ആന്‍ഡ്രേ റസല്‍ രണ്ടും ടിം സൗത്തി, ശിവം മാവി, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ജയത്തോടെ 11 മത്സരത്തില്‍ നിന്ന് 16 പോയിന്റുമായി ലഖ്‌നൗ തലപ്പത്തേക്കെത്തി. 11 മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുള്ള കെകെആര്‍ നിലവില്‍ എട്ടാം സ്ഥാനത്താണ്.

1

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്നൗവിന് തുടക്കം പിഴച്ചു. ടീമിന്റെ നായകനും ഓപ്പണറുമായ കെ എല്‍ രാഹുല്‍ ഡയമണ്ട് ഡെക്കായി പുറത്ത്. ആദ്യ ഓവറിലെ അഞ്ചാം പന്തിലാണ് രാഹുലിന് മടങ്ങേണ്ടി വന്നത്. കെകെആര്‍ നായകന്‍ ശ്രേയസ് അയ്യരുടെ ഗംഭീര ഫീല്‍ഡിങ്ങാണ് രാഹുലിന് മടക്ക ടിക്കറ്റ് നല്‍കിയത്. സീസണിലെ രാഹുലിന്റെ മൂന്നാമത്തെ ഡെക്കാണിത്.

സീസണിലെ ആദ്യ മത്സരത്തിലും രാഹുല്‍ പൂജ്യത്തിനാണ് പുറത്തായത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ഗോള്‍ഡന്‍ ഡെക്കായാണ് രാഹുല്‍ പുറത്തായത്. സീസണില്‍ ഇത് മൂന്നാമത്തെ ഡെക്കാണ് രാഹുല്‍ നേരിട്ടത്. ഇതോടെ ഒരു സീസണില്‍ കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന ഇന്ത്യന്‍ നായകന്മാരുടെ പട്ടികയിലേക്ക് രാഹുലിന്റെയും പേര് ചേര്‍ക്കപ്പെട്ടു. 2012ല്‍ ഹര്‍ഭജന്‍ സിങ്, 2014ല്‍ ഗൗതം ഗംഭീറും വിരാട് കോലി, 2018ല്‍ ആര്‍ അശ്വിന്‍, രോഹിത് ശര്‍മ, ഇപ്പോഴിതാ ഈ പട്ടികയിലേക്ക് രാഹുലിനും എത്തിപ്പെടേണ്ടി വന്നിരിക്കുന്നു.

എന്നാല്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ക്വിന്റന്‍ ഡീകോക്കും (50) ദീപക് ഹൂഡയും (41) ചേര്‍ന്ന് ടീമിനെ കരകയറ്റി. രണ്ടാം വിക്കറ്റില്‍ 71 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. 29 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഡീകോക്കിനെ മടക്കി സുനില്‍ നരെയ്നാണ് കൂട്ടുകെട്ട് പൊളിച്ചത്. 172.41 സ്ട്രൈക്കറേറ്റിലായിരുന്നു ഡീകോക്കിന്റെ പ്രകടനം.

1

സ്‌കോര്‍ബോര്‍ഡ് 107ലേക്കെത്തിയപ്പോള്‍ നിലയുറപ്പിച്ച ഹൂഡയേയും ലഖ്നൗവിന് നഷ്ടമായി. 27 പന്തില്‍ നാല് ഫോറും രണ്ട് സിക്സും പറത്തിയ ഹൂഡയെ ആന്‍ഡ്രേ റസല്‍ ശ്രേയസ് അയ്യരുടെ കൈയിലെത്തിച്ചു. നാലാമനായി ക്രീസിലെത്തിയ ക്രുണാല്‍ പാണ്ഡ്യക്ക് പ്രതീക്ഷിച്ച വേഗത്തില്‍ റണ്‍സുയര്‍ത്താനായില്ല. 27 പന്തില്‍ രണ്ട് ബൗണ്ടറി ഉള്‍പ്പെടെ 25 റണ്‍സ് നേടിയ ക്രുണാലിനെ റസലാണ് പുറത്താക്കിയത്.

19ാം ഓവര്‍ എറിയാന്‍ വന്ന ശിവം മാവിയുടെ ഓവര്‍ ലഖ്നൗ മുതലാക്കി. ആദ്യത്തെ മൂന്ന് പന്തും സ്റ്റോയിനിസ് സിക്സര്‍ പറത്തിയെങ്കിലും നാലാം പന്തില്‍ പുറത്തായി. 14 പന്തില്‍ ഒരു ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 28 റണ്‍സാണ് സ്റ്റോയിനിസ് നേടിയത്. തൊട്ടുപിന്നാലെ ക്രീസിലെത്തിയ ജേസന്‍ ഹോള്‍ഡര്‍ സ്റ്റോയിനിസിന്റെ പേരില്‍ കണക്കുവീട്ട്. അഞ്ചും ആറും പന്ത് സിക്സ്. 30 റണ്‍സാണ് ശിവം മാവിയുടെ ഈ ഒറ്റ ഓവറില്‍ ലഖ്നൗ നേടിയത്. മത്സരഫലത്തെ മാറ്റിമറിക്കുന്ന ഓവര്‍ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം.

അവസാന ഓവറില്‍ ടിം സൗത്തി പിടിമുറുക്കി. ആദ്യ മൂന്ന് പന്തിലും സിംഗിള്‍ മാത്രം വിട്ടുകൊടുത്ത സൗത്തി നാലാം പന്തില്‍ ജേസന്‍ ഹോള്‍ഡറെ പുറത്താക്കി. വമ്പന്‍ സിക്സറിന് ശ്രമിച്ച ഹോള്‍ഡറെ റിങ്കു സിങ്ങാണ് ക്യാച്ചിലൂടെ പുറത്താക്കിയത്. അവസാന പന്തില്‍ ദുഷ്മന്ത ചമീരയെ (0) വിക്കറ്റ് കീപ്പര്‍ ബാബ ഇന്ദ്രജിത് റണ്ണൗട്ടാക്കി. കെകെആറിനായി ആന്‍ഡ്രേ റസല്‍ രണ്ടും ടിം സൗത്തി, ശിവം മാവി, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

1

മറുപടിക്കിറങ്ങിയ കെകെആറിനെ ആദ്യ ഓവര്‍ മുതല്‍ ലഖ്‌നൗ ബൗളര്‍മാര്‍ വിറപ്പിച്ചു. മൊഹ്‌സീന്‍ ഖാന്റെ ആദ്യ ഓവറിലെ അഞ്ച് പന്തുകള്‍ക്കും ഉത്തരമില്ലാതിരുന്ന ബാബ ഇന്ദ്രജിത് ആറാം പന്തില്‍ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി. ആദ്യ ഓവറില്‍ കെകെആറിനേറ്റ സമ്മര്‍ദ്ദം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ലഖ്‌നൗ ബൗളര്‍മാര്‍ക്കായി.

കൃത്യമായ ഇടവേളകളില്‍ ലഖ്‌നൗ ബൗളര്‍മാര്‍ വിക്കറ്റ് നേടി. കെകെആര്‍ നായകന്‍ ശ്രേയസ് അയ്യരെ (6) ദുഷ്മന്ത ചമീര പുറത്താക്കിയപ്പോള്‍ ആരോണ്‍ ഫിഞ്ച് ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. സീനിയര്‍ താരമെന്ന നിലയില്‍ ഫിഞ്ച് ഉത്തരവാദിത്തം കാട്ടണമായിരുന്നു. എന്നാല്‍ 14 പന്തില്‍ 14 റണ്‍സ് മാത്രം നേടിയ ഫിഞ്ചിനെ ജേസന്‍ ഹോള്‍ഡറാണ് പുറത്താക്കിയത്. പ്രതീക്ഷ നല്‍കിയിരുന്ന നിധീഷ് റാണയും (11 പന്തില്‍ 2) നിരാശപ്പെടുത്തി. ആവേഷ് ഖാന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്.

1

അഞ്ചാം വിക്കറ്റിലൊത്തുചേര്‍ന്ന ആന്‍ഡ്രേ റസലും റിങ്കു സിങ്ങും ചേര്‍ന്ന് കെകെആറിന് പ്രതീക്ഷ നല്‍കി. എന്നാല്‍ 12ാം ഓവറിലെ ആദ്യ പന്തില്‍ റിങ്കുവിനെ (10 പന്തില്‍ 6) രവി ബിഷ്‌നോയ് പുറത്താക്കി. വമ്പനടികളോടെ കളം നിറഞ്ഞ ആന്‍ഡ്രേ റസലിനെ (45) ആവേഷ് ഖാന്‍ പുറത്താക്കിയതോടെ കെകെആറിന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു. 19 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെയായിരുന്നു റസലിന്റെ പ്രകടനം. അനുകുല്‍ റോയിയേയും (0) ആവേഷ് ഖാന്‍ പുറത്താക്കി. സുനില്‍ നരെയ്‌നെയും (22) ടിം സൗത്തിയേയും (0) ഹോള്‍ഡറും മടക്കി.

അവസാനക്കാരന്‍ ഹര്‍ഷിത് റാണ (2) റണ്ണൗട്ടാവുകയും ചെയ്തതോടെ 14.3 ഓവറില്‍ 101 റണ്‍സിന് കെകെആര്‍ ഓള്‍ഔട്ട്. ആവേഷ് ഖാനും ജേസന്‍ ഹോള്‍ഡറും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ മൊഹ്‌സിന്‍ ഖാന്‍, ദുഷ്മന്ത ചമീര, രവി ബിഷ്‌നോയ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും നേടി.

1

പ്ലേയിങ് 11: കെകെആര്‍- ആരോണ്‍ ഫിഞ്ച്, ബാബ ഇന്ദ്രജിത്, ശ്രേയസ് അയ്യര്‍, നിധീഷ് റാണ, റിങ്കു സിങ്, അനുകുല്‍ റോയ്, ആന്‍ഡ്രേ റസല്‍, സുനില്‍ നരെയ്ന്‍, ടിം സൗത്തി, ശിവം മാവി, ഹര്‍ഷിത് റാണ.

ലഖ്‌നൗ- ക്വിന്റന്‍ ഡീകോക്ക്, കെ എല്‍ രാഹുല്‍, ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയിനിസ്, ക്രുണാല്‍ പാണ്ഡ്യ, ആയുഷ് ബധോനി, ജേസന്‍ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, രവി ബിഷ്‌നോയ്, ആവേഷ് ഖാന്‍, മൊഹ്‌സിന്‍ ഖാന്‍

Story first published: Saturday, May 7, 2022, 23:07 [IST]
Other articles published on May 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+