
നവി മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 156 എന്ന ചെറിയ സ്‌കോറാണ് നേടിയതെങ്കിലും മറുപടിക്കിറങ്ങിയ കെകെആറിനെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 148 എന്ന സ്‌കോറിലേക്ക് പിടിച്ചുകെട്ടാന്‍ ഗുജറാത്ത് ബൗളര്‍മാര്‍ക്കായി. ഗുജറാത്തിനായി മുഹമ്മദ് ഷമിയും യാഷ് ദയാലും റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ അല്‍സാരി ജോസഫും ലോക്കി ഫെര്‍ഗൂസനും ഓരോ വിക്കറ്റും വീഴ്ത്തി. കെകെആര്‍ നിരയില്‍ ആന്‍ഡ്രേ റസല്‍ (48), റിങ്കു സിങ് (35) എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും ചെറുത്തുനിന്നത്.
ടോസ് നേടി ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് നേടിയത്. ഹര്‍ദിക് പാണ്ഡ്യയുടെ (67) അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഗുജറാത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ആന്‍ഡ്രേ റസലിന്റെ അവസാന ഓവറിലെ നാല് വിക്കറ്റ് പ്രകടനവും ടിം സൗത്തിയുടെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ഗുജറാത്തിനെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടുത്തത്. ഉമേഷ് യാദവ്, ശിവം മാവി എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

ഗുജറാത്ത് ടൈറ്റന്‍സിന്റെ തുടക്കം മികച്ചതായിരുന്നില്ല. സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ശുബ്മാന്‍ ഗില്ലിനെ (7) നഷ്ടമായി. ഒരു ബൗണ്ടറി നേടിയ ഗില്‍ ടിം സൗത്തിയുടെ ലെഗ് സൈഡിലെത്തിയ പന്തില്‍ അനാവശ്യമായി ബാറ്റുവെച്ച് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. സ്ഥിരത കണ്ടെത്താന്‍ ഗില്ലിന് സാധിക്കുന്നില്ല. 0, 84, 96, 7, 13, 0, 7 എന്നിങ്ങനെയാണ് ഈ സീസണിലെ ഗില്ലിന്റെ ഇതുവരെയുള്ള സ്‌കോര്‍.
തുടക്കത്തില്‍ പതറിയെങ്കിലും രണ്ടാം വിക്കറ്റില്‍ വൃദ്ധിമാന്‍ സാഹയും നായകന്‍ ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് ഗുജറാത്തിന് അടിത്തറ പാകി. രണ്ടാം വിക്കറ്റില്‍ 75 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. 25 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സുമടക്കം 25 റണ്‍സ് നേടിയ സാഹയെ ഉമേഷ് യാദവ് പുറത്താക്കിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. നന്നായി തുടങ്ങിയെങ്കിലും അതിവേഗം റണ്‍സുയര്‍ത്തുന്നതില്‍ സാഹ പരാജയപ്പെട്ടു.

മൂന്നാം വിക്കറ്റില്‍ ഡേവിഡ് മില്ലറും ഹര്‍ദിക്കും ചേര്‍ന്ന് 50 റണ്‍സിന്റെ കൂട്ടുകെട്ടും സൃഷ്ടിച്ചു. 20 പന്തുകള്‍ നേരിട്ട് ഒരു ഫോറും രണ്ട് സിക്‌സും പറത്തിയ മില്ലറെ ശിവം മാറി പുറത്താക്കി. സ്ലോ ബോളില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച മില്ലര്‍ ഉമേഷ് യാദവിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ഒരുവശത്ത് നായകന്റെ ഗംഭീര ഇന്നിങ്‌സ് കാഴ്ചവെച്ച ഹര്‍ദിക് പാണ്ഡ്യയെ 18ാം ഓവറിന്റെ രണ്ടാം പന്തില്‍ ടിം സൗത്തി പുറത്താക്കി. 49 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സുമടക്കം 67 റണ്‍സാണ് ഹര്‍ദിക് നേടിയത്. അതിവേഗം റണ്‍സുയര്‍ത്തേണ്ട സമയത്താണ് ഹര്‍ദിക്കിന്റെ വിക്കറ്റ് വീണത്. റിങ്കു സിങ്ങിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് ഹര്‍ദിക്കിന്റെ പുറത്താകല്‍.
ഇതേ ഓവറില്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാനെയും (0) ഗുജറാത്തിന് നഷ്ടമായത് വലിയ തിരിച്ചടിയായി. സൗത്തിയുടെ സ്ലോ ബോളില്‍ തന്നെയാണ് റാഷിദ് കീഴടങ്ങിയത്. ഉമേഷ് യാദവിന് അനായാസ ക്യാച്ച് നല്‍കിയാണ് റാഷിദ് ഖാന്‍ പുറത്തായത്. അവസാന ഓവറിലെ ആദ്യ പന്തില്‍ അഭിനവ് മനോഹറിനെ (2) ആന്‍ഡ്രേ റസല്‍ റിങ്കു സിങ്ങിന്റെ കൈയിലെത്തിച്ചു. ലോക്കി ഫെര്‍ഗൂസനെ (0) രണ്ടാം പന്തില്‍ മടക്കി റസല്‍ അഞ്ചാം പന്തില്‍ രാഹുല്‍ തെവാത്തിയേയും (17) അവസാന പന്തില്‍ യാഷ് ദുയാലിനെയും (0) റസല്‍ മടക്കി. അവസാന ഓവറില്‍ അഞ്ച് റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് റസല്‍ വീഴ്ത്തിയത്.

മറുപടിക്കിറങ്ങിയ കെകെആറിന്റെ ടോപ് ഓഡര്‍ തകര്‍ന്നടിഞ്ഞു. സ്‌കോര്‍ബോര്‍ഡില്‍ അഞ്ച് റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ സാം ബില്ലിങ്‌സ് (4) പുറത്ത്. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്. മറ്റൊരു ഓപ്പണറായ സുനില്‍ നരെയ്‌നെയും (5) ഷമി മടക്കിയപ്പോള്‍ നിധീഷ് റാണക്ക് (2) ലോക്കി ഫെര്‍ഗൂസന്‍ മടക്ക ടിക്കറ്റ് നല്‍കി. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റാണ് കെകെആറിന് നഷ്ടമായത്. പ്രതീക്ഷ നല്‍കി ക്രീസില്‍ നിന്ന ശ്രേയസ് അയ്യരെ (15 പന്തില്‍ 12) യാഷ് ദയാല്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈയിലെത്തിച്ചു. നിലയുറപ്പിച്ച റിങ്കു സിങ്ങിനെ (28 പന്തില്‍ 35) ദയാല്‍ പുറത്താക്കി. നാല് ഫോറും ഒരു സിക്‌സുമാണ് താരം നേടിയത്.
വെങ്കടേഷ് അയ്യര്‍ ടീമിനൊപ്പം വീണ്ടും നിരാശപ്പെടുത്തി. 17 പന്തില്‍ രണ്ട് ബൗണ്ടറിയടക്കം 17 റണ്‍സ് നേടിയ താരത്തെ റാഷിദ് ഖാന്‍ പുറത്താക്കിയത് മത്സരത്തില്‍ നിര്‍ണ്ണായകമായി. ശിവം മാവിയെ (2) റാഷിദ് ഖാന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. റാഷിദ് ഖാനെ മധ്യ ഓവറുകളില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ നായകനെന്ന നിലയില്‍ ഹര്‍ദിക് പാണ്ഡ്യക്ക് സാധിച്ചു.

ഒരുവശത്ത് പിടിച്ചുനിന്ന ആന്‍ഡ്രേ റസല്‍ കെകെആറിന്റെ പ്രതീക്ഷകളെ ഉയര്‍ത്തി. മികച്ച ബൗളിങ് പ്രകടനം ഗുജറാത്ത് കാഴ്ചവെച്ചതോടെ അവസാന ഓവറില്‍ കെകെആറിന് ജയിക്കാന്‍ 18 റണ്‍സ്. അല്‍സാരി ജോസഫിന് പന്ത് നല്‍കിയ തീരുമാനം തെറ്റിപ്പോയോയെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ആദ്യ പന്ത്. റസലിന്റെ വമ്പന്‍ സിക്‌സ്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ കെകെആറിന്റെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച റസലിനെ അല്‍സാരി ജോസഫ് പുറത്താക്കി.
ഷോട്ട് ബോളില്‍ പതറിയ റസലിനെ തകര്‍പ്പന്‍ ക്യാച്ചിലൂടെ ലോക്കി ഫെര്‍ഗൂസന്‍ മടക്ക ടിക്കറ്റ് നല്‍കുകയായിരുന്നു. 25 പന്തില്‍ 1 ഫോറും ആറ് സിക്‌സുമടക്കം 48 റണ്‍സാണ് റസല്‍ അടിച്ചെടുത്തത്. 192 ആയിരുന്നു അദ്ദേഹത്തിന്റെ
സ്‌ട്രൈക്കറേറ്റ്. എന്നാല്‍ വിജയത്തിലേക്ക് ടീമിനെ എത്തിക്കാനായില്ല. ഉമേഷ് യാദവ് ഒരു വശത്ത് ശ്രമം തുടര്‍ന്നു. കെകെആറിന് അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ വേണ്ടത് 9 റണ്‍സ്. അഞ്ചാം പന്ത് ബൗണ്‍സ് എറിഞ്ഞ് ജോസഫ് ഡോട്ട് ബോളാക്കിയതോടെ ഗുജറാത്ത് വിജയം ഉറപ്പിച്ചു. ഉമേഷ് യാദവും (15) ടിം സൗത്തിയും (1) പുറത്താവാതെ നിന്നു.

ടോസ് നേടിയ ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്തവണ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുന്ന ആദ്യത്തെ നായകനാണ് ഹര്‍ദിക്.
പ്ലേയിങ് 11: ഗുജറാത്ത്- വൃദ്ധിമാന്‍ സാഹ, ശുബ്മാന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ, അഭിനവ് മനോഹര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, ലോക്കി ഫെര്‍ഗൂസന്‍, മുഹമ്മദ് ഷമി, യഷ് ദയാല്‍
കെകെആര്‍- വെങ്കടേഷ് അയ്യര്‍, സുനില്‍ നരെയ്ന്‍, ശ്രേയസ് അയ്യര്‍, നിധീഷ് റാണ, സാം ബില്ലിങ്സ്, റിങ്കു സിങ്, ആന്‍ഡ്രേ റസല്‍, ടിം സൗത്തി, ശിവം മാവി, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി