
ഐപിഎല്ലില്‍ വീണ്ടുമൊരു കിരീടപ്പോരാട്ടം നടക്കാനിരിക്കുകയാണ്. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഫൈനലില്‍ മുന്‍ ചാംപ്യന്‍മാരായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും മറ്റൊരു മുന്‍ ജേതാക്കളായ ഒയ്ന്‍ മോര്‍ഗന്റെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമാണ് കൊമ്പുകോര്‍ക്കുന്നത്. രാത്രി 7.30ന് ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ലോകം ഉറ്റുനോക്കുന്ന കലാശക്കളി. നാലാം കിരീടം തേടിയാണ് ധോണിയുടെ ചെന്നൈ ഇറങ്ങുകയെങ്കില്‍ മൂന്നാം കിരീടമാണ് കൊല്‍ക്കത്തയുടെ സ്വപ്നം. ഇത്തവണ വിജയികളായാല്‍ അഞ്ചു ട്രോഫികളെന്ന മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍ടൈം റെക്കോര്‍ഡിന് ഒരുപടി കൂടി അടുക്കാന്‍ ചെന്നൈയ്ക്കു കഴിയും. മറുഭാഗത്ത് കൊല്‍ക്കത്തയാവട്ടെ മൂന്നു കിരീടങ്ങളെന്ന ചെന്നൈയുടെ നേട്ടത്തിനൊപ്പമെത്തുകയാണ് ലക്ഷ്യമിടുന്നത്.
സെമി ഫൈനലിനു തുല്യമായ ക്വാളിഫയര്‍ വണ്ണില്‍ റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നാലു വിക്കറ്റിനു തകര്‍ത്താണ് ചെന്നൈ തങ്ങളുടെ ഒമ്പതാം ഐപിഎല്‍ ഫൈനലിലേക്കു കുതിച്ചത്. 2019നു ശേഷം അവരുടെ ആദ്യത്തെ കലാശക്കളി കൂടിയാണിത്. അന്നു മുംബൈ ഇന്ത്യന്‍സിനോടു ഒരു റണ്‍സിനു ധോണിയും സംഘവും കീഴടങ്ങിയിരുന്നു. കൊല്‍ക്കത്തയാവട്ടെ രണ്ടു കടമ്പകള്‍ പിന്നിട്ടാണ് ഫൈനലിലെത്തിയിരിക്കുന്നത്. മികച്ച നെറ്റ്‌റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലായിരുന്നു കെകെആറിന്റെ പ്ലേഓഫ് പ്രവേശനം. പിന്നീട് എലിമിനേറ്ററില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നാലു വിക്കറ്റനു തകര്‍ത്തുവിട്ട കെകെആര്‍ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ മൂന്നു വിക്കറ്റിനും കീഴടക്കി ഫൈനലിലെത്തുകയായിരുന്നു.

ചെന്നൈ- കൊല്‍ക്കത്ത ഫൈനലില്‍ ആരാവും പ്ലെയര്‍ ഓഫ് ദി മാച്ചാവുകയെന്നതിനെക്കുറിച്ച് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഇതിനകം ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ചെന്നൈ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ, കൊല്‍ക്കത്തയുടെ വെങ്കടേഷ് അയ്യര്‍, സുനില്‍ നരെയ്ന്‍ എന്നിവരുടെ പേരുകളെല്ലാം ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള 13 വര്‍ഷത്തെ ചരിത്രത്തിലെ ഫൈനലുകളെടുത്താല്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാണ് ആധിപത്യമെന്നു കാണാന്‍ കഴിയും. 13ല്‍ ഒമ്പതു തവണയും ഇന്ത്യന്‍ താരങ്ങളാണ് പ്ലെയര്‍ ഓഫ് ദി മാച്ചായിട്ടുള്ളത്. നാലു തവണയാണ് വിദേശ താരങ്ങള്‍ കളിയിലെ കേമന്‍മാരായിട്ടുള്ളത്. ഇതുവരെയുള്ള പ്ലെയര്‍ ഓഫ് ദി മാച്ച് വിജയികള്‍ ആരൊക്കെയാണെന്നു നോക്കാം.
2008ലെ പ്രഥമ സീസണിലെ ഐപിഎല്‍ ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ച് രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാനായിരുന്നു. 2009ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ അനില്‍ കുംബ്ലെ, 2010ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സുരേഷ് റെയ്‌ന, 2011ല്‍ ചെന്നൈയുടെ തന്നെ മുരളി വിജയ്, 2012ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മന്‍വീന്ദര്‍ ബിസ്ല എന്നിവരും കളിയിലെ കേമന്‍മാരായി. ഫൈനലില്‍ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യം അവസാനിച്ചത് 2013ലായിരുന്നു. അന്നു മുംബൈ ഇന്ത്യന്‍സിന്റെ കരെണ്‍ പൊള്ളാര്‍ഡായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്.

2014ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മനീഷ് പാണ്ഡെ, 2015ല്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ, 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബെന്‍ കട്ടിങ്, 2017ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്രുനാല്‍ പാണ്ഡ്യ, 2018ല്‍ ചെന്നൈയുടെ ഷെയ്ന്‍ വാട്‌സന്‍, 2019ല്‍ മുബൈയുടെ ജസ്പ്രീത് ബുംറ, 2020ല്‍ മുംബൈയുടെ തന്നെ ജസ്പ്രീത് ബുംറ എന്നിവരും ഫൈനലിലെ കേമന്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു.