ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗുകളിലൊന്നാണ് ഐപിഎല്‍. ബിസിസി ഐ കൊണ്ടുവന്ന ടി20 ലീഗ് ഇന്ന് ഒട്ടുമിക്ക ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും കീഴില്‍ നടക്കുന്നുണ്ട്. വലിയ ആരാധക പിന്തുണ ക്രിക്കറ്റ് ലീഗുകള്‍ക്ക് ലഭിക്കുന്നുണ്ട്. ഐപിഎല്‍ മാതൃകയില്‍ പല ക്രിക്കറ്റ് ലീഗുകള്‍ വന്നെങ്കിലും ഐപിഎല്ലിനോട് കിടപിടിക്കാന്‍ ഒന്നിനും സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. ബിബിഎല്ലിന് പോലും ഐപിഎല്ലിന്റെ അത്ര വളര്‍ച്ച കൈവരിക്കാനായിട്ടില്ല.
എന്നാല്‍ പാകിസ്താന്‍ ആരാധകര്‍ അവകാശപ്പെടുന്നത് പിഎസ്എല്ലാണ് ഐപിഎല്ലിനെക്കാള്‍ മികച്ചതെന്നാണ്. ഐപിഎല്ലും പിഎസ്എല്ലും രണ്ട് ചിരവൈരികള്‍ക്ക് കീഴിലുള്ള ടൂര്‍ണമെന്റാണ്. രണ്ടും ടി20 ലീഗാണെങ്കിലും വലിയ വ്യത്യാസം ഇത് രണ്ടും തമ്മിലുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഐപിഎല്ലിലേയും പിഎസ്എല്ലിലേയും ശമ്പളമാണ് പ്രധാന വ്യത്യാസമായി എടുത്തു പറയേണ്ടത്. 2008ലാണ് ഐപിഎല്‍ ആരംഭിച്ചത്. പിഎസ്എല്‍ വരുന്നത് 2016ലാണ്.
ഐപിഎല്ലില്‍ അണ്‍ക്യാപ്പ്ഡ് താരങ്ങള്‍ക്ക് പോലും കോടികളാണ് പ്രതിഫലം. ടീമുകളുടെ നായകന്മാരുടെ പ്രതിഫലം 14 കോടിക്ക് മുകളിലാണ്. എന്നാല്‍ പിഎസ്എല്ലില്‍ സൂപ്പര്‍ താരമായ ബാബര്‍ അസമിന് പോലും ഒന്നരക്കോടിക്ക് താഴെയാണ് പ്രതിഫലം. ഐപിഎല്ലിലെ യുവതാരങ്ങള്‍ പോലും ഒരു കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങുമ്പോഴാണ് പിഎസ്എല്ലിലെ സൂപ്പര്‍ താരങ്ങള്‍ക്ക് ഒന്നരക്കോടി പോലും പ്രതിഫലമില്ലാത്തത് എന്നതാണ് എടുത്തു പറയേണ്ടത്.
പ്രതിഫലത്തിന്റെ കാര്യത്തില്‍ പിഎസ്എല്ലും ഐപിഎല്ലും തമ്മില്‍ വലിയ വ്യത്യാസമാണുള്ളതെന്ന് പറയാം. രണ്ട് ലീഗിന്റേയും ശമ്പളത്തിന്റെ ഘടന വ്യത്യസ്തമാണ്. ഐപിഎല്ലില്‍ ലേലത്തിനായി താരങ്ങളെ വിളിക്കുമ്പോള്‍ കൂടുതല്‍ തുക നല്‍കുന്നവര്‍ക്ക് ആ താരത്തെ സ്വന്തമാക്കാം. ആഭ്യന്തര താരങ്ങള്‍ പോലും 10 കോടിക്ക് മുകളില്‍ പ്രതിഫലം നേടിയ നിരവധി സംഭവങ്ങള്‍ ഐപിഎല്ലില്‍ കാണാന്‍ സാധിക്കും. എന്നാല്‍ പിഎസ്എല്ലില്‍ ഇത് കാണാനാവില്ല.

പിഎസ്എല്ലിലെ പ്രതിഫത്തിന്റെ വിഭാഗം വരുന്നത് പ്ലാറ്റിനം, ഡമയണ്ട്, ഗോള്‍ഡ്, സില്‍വര്‍, എമര്‍ജിങ്, സപ്ലിമെന്ററി എന്നിങ്ങനെയാണ്. ഈ വിഭാത്തിലെ താരങ്ങളുടെ പ്രതിഫലത്തിന് കൃത്യമായ നിയന്ത്രണമുണ്ട്. പരമാവധി ഇത്ര തുക വരെയെന്ന നിയന്ത്രണമുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ ഇത്തരമൊരു സംവിധാനമില്ല. അതുകൊണ്ട് തന്നെ കഴിവ് തെളിയിച്ച താരങ്ങള്‍ക്ക് വലിയ പ്രതിഫലം ഐപിഎല്ലില്‍ ലഭിക്കും. എന്നാല്‍ പിഎസ്എല്ലില്‍ ഇത് നടക്കില്ല.
മറ്റൊരു കാര്യം ഐപിഎല്ലിലെ മത്സരങ്ങളെല്ലാം നടക്കുന്നത് സാധാരണ ക്രിക്കറ്റ് മത്സരത്തിലെ ബൗണ്ടറിയുടെ വലുപ്പത്തിലാണ്. എന്നാല്‍ പിഎസ്എല്ലില്‍ ബൗണ്ടറിയുടെ ദൂരം കുറവാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ സിക്‌സും ഫോറും എണ്ണത്തില്‍ കൂട്ടാന്‍ പിഎസ്എല്ലില്‍ സാധിക്കും. ഇത്തരത്തില്‍ കളിക്കുന്നത് താരങ്ങള്‍ക്കും ഗുണകരമാവില്ല. പിഎസ്എല്ലിലെ കണക്കുകൂട്ടലില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചാല്‍ വിക്കറ്റ് നഷ്ടമാവുമെന്നുറപ്പാണ്.
ഐപിഎല്‍ നിരവധി യുവതാരങ്ങള്‍ക്കാണ് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. ഇന്നത്തെ ഇന്ത്യന്‍ ടീമിലേക്ക് നോക്കുമ്പോള്‍ മിക്ക താരങ്ങളും ഐപിഎല്ലില്‍ മികവ് കാട്ടി വന്നവരാണ്. രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിങ്ങനെ നീളുന്ന താരനിരയുടെ വളര്‍ക്ക് നിര്‍ണ്ണായകമായത് ഐപിഎല്ലാണ്. ഓരോ സീസണിന് ശേഷവും പ്രതിഭകാട്ടി നിരവധി താരങ്ങളാണ് ഐപിഎല്ലിലൂടെ ദേശീയ ടീമിലേക്കെത്തുന്നത്.
എന്നാല്‍ പിഎസ്എല്ലിലൂടെ ഇത്തരം താരങ്ങള്‍ വളര്‍ന്നുവരുന്നത് വളരെ കുറവാണെന്ന് പറയാം. ഇന്ത്യയുടെ ഇപ്പോഴത്തെ ടീം കരുത്ത് പരിശോധിക്കുമ്പോള്‍ ഒരേ സമയം മൂന്ന്, നാല് ടീമിനെവരെ ഒരുമിച്ച് ഇറക്കാന്‍ സാധിക്കും. എന്നാല്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി വലിയ ചോദ്യമുയര്‍ത്തുന്നതാണ്. ഐപിഎല്ലിലൂടെ യുവതാരങ്ങള്‍ വളരുന്നതുപോലെ പിഎസ്എല്ലില്‍ താരങ്ങള്‍ വളരുന്നില്ലെന്നതാണ് വസ്തുത.