IPL 2022: 3000ലധികം റണ്‍സടിച്ചു, കിരീടം മാത്രമില്ല, നിര്‍ഭാഗ്യവാന്മാരായ ആറ് സൂപ്പര്‍ താരങ്ങളിതാ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച ടൂര്‍ണമെന്റാണ്. ടി20 ഫോര്‍മാറ്റിന് ഇത്രയധികം പ്രചാരം ലഭിക്കുന്നതില്‍ ഐപിഎല്ലിന്റെ പങ്ക് വളരെ വലുതാണ്. ലോക ക്രിക്കറ്റിലെ പ്രമുഖരെയെല്ലാം ഒപ്പം കൂട്ടി ലേലത്തിലൂടെ ടീമെന്ന നിലയിലേക്ക് എത്തിക്കുന്ന ഐപിഎല്‍ എന്ന ആശയമാണ് ഇന്നത്തെ എല്ലാ ക്രിക്കറ്റ് ലീഗുകളുടെയും അടിസ്ഥാനം. ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കുന്ന ടൂര്‍ണമെന്റായി ഫ്രാഞ്ചൈസി ക്രിക്കറ്റുകള്‍ മാറിക്കഴിഞ്ഞു.
ഐപിഎല്ലിന്റെ 15ാം സീസണിലും ഇപ്പോള്‍ ഭംഗിയായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പല തരത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ച് ഒരു സീസണ്‍ പോലും മുടങ്ങാതെ ഐപിഎല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ബിസിസിഐക്ക് സാധിച്ചു. ടൂര്‍ണമെന്റിന്റെ ചരിത്രം പരിശോധിച്ചാല്‍ പല സൂപ്പര്‍ താരങ്ങള്‍ക്കും കിരീടത്തിന്റെ ഭാഗമാവാന്‍ സാധിച്ചിട്ടുണ്ടെങ്കിലും പല പ്രമുഖര്‍ക്കും കിരീടത്തിലേക്കെത്താനായിട്ടില്ല.
ഇതില്‍ വിരാട് കോലി ഉള്‍പ്പെടെ പല വമ്പന്മാരും ഉള്‍പ്പെടും. ഇത്തരത്തില്‍ ഐപിഎല്ലില്‍ 3000ലധികം റണ്‍സ് നേടുകയും എന്നാല്‍ ഇതുവരെ ഒരു ഐപിഎല്‍ കിരീടം പോലും നേടാന്‍ സാധിക്കാതെ പോവുകയും ചെയ്ത ചില താരങ്ങളുണ്ട്. ഇത്തരത്തിലുള്ള ആറ് നിര്‍ഭാഗ്യവാന്മാരായ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

വിരാട് കോലി
ഐപിഎല്ലിലെ റണ്‍വേട്ടക്കാരിലെ ഒന്നാമനാണ് കോലി. ഇത്തവണ ബാറ്റുകൊണ്ട് കാര്യമായൊന്നും ചെയ്യാന്‍ കോലിക്കായില്ലെങ്കിലും മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് അദ്ദേഹം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകനായും ഏറെക്കാലം കളിച്ചിട്ടുള്ള കോലി 6624 റണ്‍സാണ് ഇതുവരെ നേടിയത്. 2016ല്‍ ഓറഞ്ച് ക്യാപ്പും നേടി. 36.30 ശരാശരിയും 129.15 സ്‌ട്രൈക്കറേറ്റുമാണ് കോലിയുടെ പേരിലുള്ളത്. അഞ്ച് സെഞ്ച്വറിയും 44 അര്‍ധ സെഞ്ച്വറിയും കോലിയുടെ പേരിലുണ്ട്.
എന്നാല്‍ ഇതുവരെ കിരീടത്തിലേക്കെത്താന്‍ അദ്ദേഹത്തിനായില്ല. 2016ല്‍ ആര്‍സിബി കിരീടം ഉറപ്പിച്ച് കുതിച്ചെങ്കിലും ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റു. ഇത്തവണ എലിമിനേറ്റര്‍ കടമ്പ താണ്ടി രണ്ടാം ക്വാളിഫയറിലേക്കെത്തിയെങ്കിലും ആര്‍സിബിക്ക് കപ്പിലേക്കെത്താനായില്ല. ഐപിഎല്ലില്‍ കിരീടം നേടിക്കാണാന്‍ ആഗ്രഹിക്കുന്ന ഏറ്റവും അത് അര്‍ഹിക്കുന്ന താരങ്ങളിലൊരാളാണ് കോലി.

എബി ഡിവില്ലിയേഴ്‌സ്
ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ് ഐപിഎല്ലില്‍ ഏറ്റവും മികവ് കാട്ടിയ താരങ്ങളിലൊരാളാണ്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള എബിഡി ഐപിഎല്ലിലെ ഇതിഹാസങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന താരം കൂടിയാണ്. ഐപിഎല്ലിലെ എക്കാലത്തെയും റണ്‍വേട്ടക്കാരിലെ ആറാം സ്ഥാനക്കാരനാണ് അദ്ദേഹം. 184 മത്സരത്തില്‍ നിന്ന് 5162 റണ്‍സാണ് അദ്ദേഹം നേടിയത്. 39.70 ശരാശരിയും 151.68 എന്ന ഉയര്‍ന്ന സ്‌ട്രൈക്കറേറ്റും എബിഡിയുടെ പേരിലുണ്ട്. മൂന്ന് സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. അവസാന സീസണില്‍ കളിക്കാതിരുന്ന എബിഡി അടുത്ത സീസണില്‍ തിരിച്ചെത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ കിരീട ഭാഗ്യം ലഭിക്കാതെ പോയ നിര്‍ഭാഗ്യവാനായ താരമാണ് അദ്ദേഹം.

ക്രിസ് ഗെയ്ല്‍
ടി20യിലെ ഇതിഹാസമാണ് ക്രിസ് ഗെയ്ല്‍. വെസ്റ്റ് ഇന്‍ഡീസ് ടീമിനൊപ്പം ലോകകപ്പ് കിരീടം ചൂടിയിട്ടുള്ള ഗെയ്ല്‍ കളിക്കാത്ത ഫ്രാഞ്ചൈസി ലീഗുകള്‍ കുറവാണെന്ന് പറയാം. ടി20 ഫോര്‍മാറ്റില്‍ വലിയ റെക്കോഡുള്ള താരമായ ഗെയ്ല്‍ നിരവധി കിരീടങ്ങളുടെ ഭാഗമായിട്ടുണ്ടെങ്കിലും ഇതുവരെ ഐപിഎല്‍ കിരീടം നേടാന്‍ സാധിച്ചിട്ടില്ല. കെകെആര്‍, ആര്‍സിബി, പഞ്ചാബ് കിങ്‌സ് ടീമുകളുടെ ഭാഗമായിട്ടുള്ള ഗെയ്ല്‍ 142 മത്സരത്തില്‍ നിന്ന് 4965 റണ്‍സാണ് നേടിയത്.
39.72 എന്ന ശരാശരിയും 148.96 സ്‌ട്രൈക്കറേറ്റും ഗെയ്‌ലിനുണ്ട്. ആറ് സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടി. ഐപിഎല്ലിലെ പല റെക്കോഡുകളും ഗെയ്‌ലിന്റെ പേരിലാണ്. എന്നാല്‍ ഇതുവരെ ഒരു കിരീടത്തിന്റെ പോലും ഭാഗമായിട്ടില്ല. ഈ വര്‍ഷം കളിക്കാതിരുന്ന അദ്ദേഹം അടുത്ത വര്‍ഷം തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. ഐപിഎല്‍ കിരീടം അര്‍ഹിക്കുന്ന താരമാണ് ഗെയ്ല്‍.

കെ എല്‍ രാഹുല്‍
ഇന്ത്യയുടെ ഭാവി നായകനായി വിലയിരുത്തപ്പെടുന്ന താരമാണ് കെ എല്‍ രാഹുല്‍. ഐപിഎല്ലില്‍ സ്ഥിരതകൊണ്ട് വിസ്മയിപ്പിക്കുന്ന രാഹുല്‍ ഓറഞ്ച് ക്യാപ്പടക്കം നേടിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ കിരീടത്തിന്റെ ഭാഗമാവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. പഞ്ചാബ് കിങ്‌സ് നായകനായിരുന്ന രാഹുല്‍ ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമായിരുന്നു. ആര്‍സിബി, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്. 109 മത്സരത്തില്‍ നിന്ന് 3889 റണ്‍സാണ് രാഹുലിന്റെ പേരിലുള്ളത്. 48.01 ശരാശരിയും 136.22 സ്‌ട്രൈക്കറേറ്റും രാഹുലിന്റെ പേരിലുണ്ട്. നാല് സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയും നേടിയ രാഹുല്‍ ഇത്തവണ മാത്രം രണ്ട് സെഞ്ച്വറിയാണ് നേടിയത്. ഐപിഎല്ലില്‍ കിരീടം അര്‍ഹിക്കുന്ന താരങ്ങളിലൊരാളാണ് രാഹുലും.

അജിന്‍ക്യ രഹാനെ
ഇനി കിരീടത്തിന്റെ ഭാഗമാവാന്‍ യാതൊരു സാധ്യതയുമില്ലാത്ത താരങ്ങളിലൊരാളാണ് അജിന്‍ക്യ രഹാനെ. ഇത്തവണ കെകെആറിന്റെ ഭാഗമായിരുന്ന അദ്ദേഹം കാര്യമായ പ്രകടനം കാഴ്ചവെച്ചില്ല. ഇനിയൊരു ടീമിനൊപ്പം രഹാനെക്ക് അവസരം ലഭിക്കാനുള്ള സാധ്യതയും വിരളമാണ്. 158 മത്സരത്തില്‍ നിന്ന് 30.86 ശരാശരിയില്‍ 4074 റണ്‍സാണ് രഹാനെ നേടിയിട്ടുള്ളത്. ഇതില്‍ രണ്ട് സെഞ്ച്വറിയും 28 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. രാജസ്ഥാന്‍ റോയല്‍സിനായും റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിനായുമെല്ലാം കളിച്ചിട്ടുള്ള രഹാനെക്ക് കിരീട ഭാഗ്യം മാത്രം ഇതുവരെ ഉണ്ടായിട്ടില്ല.

സഞ്ജു സാംസണ്‍
ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനെന്ന നിലയില്‍ ഫൈനലിലേക്കെത്തിക്കാന്‍ സഞ്ജു സാംസണിന് സാധിച്ചിരുന്നു. എന്നാല്‍ കിരീടത്തിലേക്കെത്തിക്കാന്‍ സാധിച്ചില്ല. രാജസ്ഥാന്‍ റോയല്‍സിനായും ഡല്‍ഹി ക്യാപിറ്റന്‍സിനായും കളിച്ചിട്ടുള്ള സഞ്ജു സാംസണ് ഇതുവരെ കിരീട ഭാഗ്യം ഉണ്ടായില്ല. 138 മത്സരങ്ങളില്‍ നിന്ന് 3526 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. 29.14 ശരാശരിയും 135.72 സ്‌ട്രൈക്കറേറ്റും സഞ്ജുവിന്റെ പേരിലുണ്ട്. മൂന്ന് സെഞ്ച്വറിയും 17 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യന്‍ ടീമിലെ സജീവ താരമല്ലെങ്കിലും ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള സഞ്ജു സാംസണ്‍ കിരീടം അര്‍ഹിക്കുന്നവരില്‍ ഒരാള്‍ തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications