മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് പ്രതീക്ഷകളുടെ വര്‍ഷമാണ് 2024. ടി20 ലോകകപ്പടക്കം നിരവധി വമ്പന്‍ പോരാട്ടങ്ങളാണ് ഈ വര്‍ഷം വരാന്‍ പോകുന്നത്. ഇന്ത്യയുടെ പല താരങ്ങളുടേയും തലവര മാറുന്ന വര്‍ഷമായിരിക്കും ഇത്. ഇന്ത്യയുടെ പല താരങ്ങളുടേയും കരിയറില്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ ഈ വര്‍ഷം സാധിക്കും. പല സീനിയര്‍ താരങ്ങളും വിരമിക്കല്‍ പ്രഖ്യാപിക്കാനും സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ യുവതാരങ്ങള്‍ക്ക് വളര്‍ന്ന് വരാനുള്ള അവസരവും മുന്നിലുണ്ട്.
ഇന്ത്യന്‍ താരം സഞ്ജു സാംസണെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട വര്‍ഷമാണ് വരാനിരിക്കുന്നത്. സഞ്ജുവിന്റെ കരിയര്‍ മുന്നോട്ട് പോകണമോയെന്നതില്‍ നിര്‍ണ്ണായകമാവുന്ന വര്‍ഷമാണിത്. ചില വലിയ വെല്ലുവിളികള്‍ സഞ്ജുവിന് മുന്നിലുണ്ട്. അത് മറികടന്നാല്‍ സഞ്ജുവിന് കരിയറില്‍ കുതിക്കാനായേക്കും. ഇത്തരത്തില്‍ ഈ വര്‍ഷം സഞ്ജുവിന് മുന്നിലുള്ള പ്രധാന മൂന്ന് വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ കാര്യം ഐപിഎല്ലില്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കുകയെന്നതാണ്. ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സഞ്ജുവിന് മുന്നിലുള്ള ഏക പിടിവള്ളി ഇതാണ്. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന ഏക ടി20 പരമ്പര അഫ്ഗാനിസ്ഥാനെതിരേയാണ്. ഇതില്‍ സഞ്ജുവിന് ഇടം നേടുക പ്രയാസമായിരിക്കും. അതുകൊണ്ടുതന്നെ സഞ്ജുവിന് ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ഇന്ത്യയുടെ ടി20 ടീമിനൊപ്പം പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിനായിട്ടില്ല. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം തിളങ്ങുന്നു. പക്ഷെ ഇത്തവണ സ്ഥിരതയോടെ ഗംഭീര പ്രകടനം നടത്താതെ സഞ്ജുവിന് ദേശീയ ടി20 ടീമിലേക്ക് മടങ്ങിയെത്തുക പ്രയാസമായിരിക്കും. അതുകൊണ്ടുതന്നെ സ്ഥിരതയോടുള്ള ബാറ്റിങ് പ്രകടനം നടത്തി ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം നേടുകയെന്നതാണ് സഞ്ജുവിന്റെ മുന്നിലെ പ്രധാന വെല്ലുവിളി.

ഏകദിന ഫോര്‍മാറ്റിലേക്ക് മാത്രം സഞ്ജു ഒതുങ്ങിയാല്‍ കരിയറില്‍ അത് വലിയ തിരിച്ചടിയായി മാറും. ടി20 ടീമിലും കൂടി സ്ഥാനം നേടിയാലെ സഞ്ജുവിന് കൂടുതല്‍ അവസരം നേടിയെടുത്ത് കരിയര്‍ വളര്‍ത്താന്‍ സാധിക്കൂ. മറ്റൊരു വെല്ലുവിളി രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്‍ ചാമ്പ്യന്മാരാക്കുകയെന്നതാണ്. സഞ്ജുവിനെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഇപ്പോഴും പരിഗണിക്കാനുള്ള കാരണങ്ങളിലൊന്ന് രാജസ്ഥാന്റെ നായകസ്ഥാനമാണ്.
ഒരു തവണ രാജസ്ഥാനെ ഫൈനലിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിച്ചു. എന്നാല്‍ പിന്നീടുള്ള സീസണുകളിലെല്ലാം സഞ്ജുവിന് കീഴില്‍ രാജസ്ഥാന്‍ പതറി. അവസാന സീസണിലും ടീമിനെ പ്ലേ ഓഫിലേക്കെത്തിക്കാന്‍ സഞ്ജുവിനായില്ല. ഇത്തവണ രാജസ്ഥാനെ പ്ലേ ഓഫിലേക്കെത്തിക്കാനാവാത്ത പക്ഷം നായകസ്ഥാനത്ത് നിന്ന് സഞ്ജുവിനെ മാറ്റാന്‍ സാധ്യതയുണ്ട്. പകരം ജോസ് ബട്‌ലര്‍ രാജസ്ഥാന്റെ നായകസ്ഥാനത്തേക്കെത്തും.
ഇത് സംഭവിക്കാതിരിക്കാന്‍ ഇത്തവണ രാജസ്ഥാനെ പ്ലേ ഓഫിലേക്കെങ്കിലും സഞ്ജുവിന് എത്തിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം സഞ്ജുവിന്റെ നായകസ്ഥാനം തെറിക്കുകയും കരിയറിനെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യാന്‍ സാധ്യത കൂടുതലാണ്. മറ്റൊരു വെല്ലുവിളി ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുകയെന്നതാണ്. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിക്കുകയെന്നത് ഏതൊരു താരത്തിന്റേയും സ്വപ്‌നമാണ്. ആ നേട്ടത്തിലേക്കെത്താന്‍ സഞ്ജുവിന് ആഭ്യന്തര ക്രിക്കറ്റിലും ശ്രദ്ധിക്കേണ്ടതായുണ്ട്.
നിലവില്‍ കേരള ടീമിനൊപ്പം സഞ്ജു സജീവമാണ്. കേരള ടീമിന്റെ നായകനായും സഞ്ജു കളിക്കുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ മികവ് കാട്ടാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്. ഇത് അദ്ദേഹത്തിന്റെ മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. റിഷഭ് പന്ത് പരിക്ക് ഭേദമായി തിരിച്ചെത്താന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസമായിരിക്കുമെന്നുറപ്പാണ്.