ഐപിഎല്ലില്‍ കേരളത്തില്‍ നിന്നും വീണ്ടുമൊരു ടീം ഉയര്‍ന്നു വരുമോയെന്നാണ് ലോകമെമ്പാടുമുള്ള ആരാധകര്‍ ഉറ്റുനോക്കുന്നത്. കൊച്ചി ടസ്‌കേഴ്‌സ് കേരളയാണ് നേരത്തേ ഐപിഎല്ലില്‍ സാന്നിധ്യമറിയിച്ച ഒരേയൊരു ഫ്രാഞ്ചൈസി. പക്ഷെ ഒരു സീസണ്‍ മാത്രമേ (2011) അവര്‍ക്കു ആയുസ്സുണ്ടായുള്ളൂ. നിയമലംഘനം നടത്തിയതിനു ഒരു സീസണിനു ശേഷം ടസ്‌കേഴ്‌സിനെ ഐപിഎല്ലില്‍ നിന്നും ബിസിസിഐ പുറത്താക്കുകയായിരുന്നു.
ടസ്‌കേഴ്‌സിന്റെ പിന്‍ഗാമിയായി വീണ്ടുമൊരു ടീം മലയാള മണ്ണില്‍ നിന്നും വേണമെന്നതു വര്‍ഷങ്ങളായുള്ള ആരാധകരുടെ ആവശ്യമാണ്. അടുത്തിടെ ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും ഇതേ ആവശ്യമുന്നയിച്ചിരുന്നു. അധികം വൈകാതെ തന്നെ അതു സംഭവിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍.

കൊച്ചിയോ, തിരുവനന്തപുരമോ കേന്ദ്രീകരിച്ച് വീണ്ടുമൊരു ഐപിഎല്‍ ഫ്രാഞ്ചൈസി പിറവിയെടുത്താല്‍ തീര്‍ച്ചയായും ടീമില്‍ സ്ഥാനം ലഭിക്കാന്‍ സാധ്യതയുള്ള ചില കേരള താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്നു നോക്കാം. കേരളാ ക്രിക്കറ്റിലെ പോസ്റ്റര്‍ ബോയ് ആയി ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന സഞ്ജു സാംസണ്‍ തന്നെയായിരിക്കും ആദ്യത്തെയാള്‍. നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കേരളാ ടീമിന്റെ ക്യാപ്റ്റനായ അദ്ദേഹം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെയും നായകനാണ്.
കേരളത്തില്‍ നിന്നും പുതിയൊരു ഐപിഎല്‍ ഫ്രാഞ്ചൈസി അധികം വൈകാതെ വരികയാണെങ്കില്‍ അവര്‍ ലക്ഷ്യമിടുന്ന ആദ്യത്തെ താരം സഞ്ജു തന്നെയായിരിക്കും. കാരണം നിലവില്‍ കേരളാ ക്രിക്കറ്റിനെ പ്രൊമോട്ട് ചെയ്യാനും ഐക്കണായുമെല്ലാം സഞ്ജുവിനേക്കാള്‍ മികച്ചൊരു താരത്തെ കിട്ടാനില്ല. ആരാധകര്‍ക്കു പ്രിയങ്കരനായ, അധികം ഹേറ്റേഴ്‌സുമില്ലാത്ത സഞ്ജുവിനെ തന്നെയായിരിക്കും കേരളത്തില്‍ നിന്നുള്ള ഐപിഎല്‍ ടീം തങ്ങളുടെ ക്യാപ്റ്റനായി പ്രഖ്യാപിക്കുക.
കേരളത്തില്‍ നിന്നൊരു ഫ്രാഞ്ചൈസി വരികയാണെങ്കില്‍ അതു കൂടുതല്‍ മലയാളി താരങ്ങള്‍ക്കും ഐപിഎല്ലില്‍ അവസരമൊരുക്കുമെന്നുറപ്പാണ്. പ്രതിഭയുണ്ടായിട്ടും ഐപിഎല്ലില്‍ ഇപ്പോഴും തങ്ങളുടെ മികവ് തെളിയിക്കാന്‍ വേണ്ടത്ര അവസരം ലഭിക്കാത്ത ചില മലയാളി താരങ്ങളുണ്ട്.
ഇവരില്‍ ചിലര്‍ക്കെങ്കിലും കേരളീ ടീമിന്റെ ഭാഗമാവാന്‍ സാധിക്കുമെന്നുറപ്പാണ്. സഞ്ജുവിനെക്കൂടാതെ തീര്‍ച്ചയായും കേരളാ ഫ്രാഞ്ചൈസിയുടെ ഭാഗമാവാന്‍ സാധ്യതയുള്ള മലയാളി താരങ്ങള്‍ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലും വിക്കറ്റ് കീപ്പറും ഫിനിഷറുമായ വിഷ്ണു വിനോദുമായിരിക്കും.
സഞ്ജുവിനു ശേഷം കേരളത്തില്‍ നിന്നും ഇന്ത്യന്‍ ടീമിലെത്താന്‍ മിടുക്കുള്ള താരമെന്നാണ് രോഹന്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. അഗ്രസീവ് ബാറ്റിങ് ശൈലിയുടെ വക്താവായ രോഹന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ആഭ്യന്തര ടൂര്‍ണമെന്റുകളിലുമെല്ലാം മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

പക്ഷെ ഐപിഎല്ലില്‍ അരങ്ങേറാന്‍ രോഹന് ഇനിയും ഭാഗ്യമുണ്ടായിട്ടില്ല. കഴിഞ്ഞ രണ്ടു ഐപിഎല്‍ താരലേലത്തിലും അദ്ദേഹം രജിസ്റ്റര്‍ ചെയ്തിരുന്നു. പക്ഷെ ഒരു ടീം പോലും രോഹനെ വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചില്ല. അധികം വൈകാതെ തന്നെ താരത്തിന്റെ സമയം തെളിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വിഷ്ണു വിനോദാവട്ടെ വെടിക്കെട്ട് ഇന്നിങ്‌സുകള്‍ക്കു പേരുകേട്ട താരമാണ്. നിലവില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമാണ് താരം. കഴിഞ്ഞ സീസണില്‍ മുംബൈയ്ക്കായി മൂന്നു മല്‍സരങ്ങളില്‍ കളിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു. 119.35 സ്‌ട്രൈക്ക് റേറ്റില്‍ 37 റണ്‍സാണ് വിഷ്ണു സ്‌കോര്‍ ചെയ്തത്.
ആഭ്യന്തര ക്രിക്കറ്റില്‍ നിലവില്‍ സഞ്ജുവിനേക്കാള്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 24 മല്‍സരങ്ങളില്‍ നിന്നും 916 റണ്‍സും ലിസ്റ്റ് എയില്‍ 1773 റണ്‍സും 61 ടി20കളില്‍ നിന്നും 1591 റണ്‍സും വിഷ്ണു സ്‌കോര്‍ ചെയ്തിണ്ട്. മൂന്നിലുമായി ഒമ്പതു സെഞ്ച്വറികളും 14 ഫിഫ്റ്റികളും താരം അടിച്ചെടുക്കുകയും ചെയ്തു.