ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അധികം മല്‍സരങ്ങളില്‍ കളിക്കാതെ തന്നെ അതിശയിപ്പിക്കുന്ന ആരാധകപിന്തുണ നേടിയെടുത്ത താരമാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ഇതിനു പ്രധാന കാരണം ഐപിഎല്‍ തന്നെയാണ്. പത്തു വര്‍ഷത്തിലേറെയായി ടൂര്‍ണമെന്റിലെ സജീവസാന്നിധ്യമാണ് സഞ്ജു. വിവിധ ടീമുകള്‍ക്കായി നടത്തിയിട്ടുള്ള മാച്ച് വിന്നിങ് പ്രകടനങ്ങളാണ് അദ്ദേഹത്തിനു ഇത്രയുമധികം ആരാധകരെ നേടിക്കൊടുത്തത്.
2021 മുതല്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനെ നയിച്ചുകൊണ്ടിരിക്കുകയാണ് സഞ്ജു. 2022ല്‍ അദ്ദേഹത്തിനു കീഴില്‍ ടീം റണ്ണറപ്പാവുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു തവണ ഐപിഎല്‍ കിരീടം നേടിയ ടീമിന്റെ ഭാഗമാവാന്‍ സഞ്ജുവിനു ഭാഗ്യമുണ്ടായിട്ടുണ്ടെന്നതു അധികം പേര്‍ക്കും അറിയില്ലെന്നു കാണാം. ഇതു എപ്പാഴോയിരുന്നുവെന്നു നോക്കാം.

ഗംഭീറിനൊപ്പം കെകെആറിന്റെ ഭാഗമായി
2012ലെ ഐപിഎല്ലിലാണ് സഞ്ജു സാംസണിനു കരിയറിലാദ്യമായും അവസാനമായും ഐപിഎല്‍ കിരീടവിജയത്തില്‍ പങ്കാളിയാവാന്‍ ഭാഗ്യമുണ്ടായത്. നിലവിലെ ഇന്ത്യന്‍ കോച്ച് കൂടിയായ ഗൗതം ഗംഭീര്‍ നയിച്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ലേലത്തിനു പുറമെ അണ്‍ക്യാപ്ഡ് താരങ്ങളെ ടീമിലെത്തിക്കാനുള്ള അവസരം അന്നു ടീമുകള്‍ക്കുണ്ടായിരുന്നു. ഇതിലൂടെയാണ് സഞ്ജുവിനെ കെകെആര്‍ വാങ്ങിയത്.
ഗംഭീറിനു കീഴില്‍ കെകെആര്‍ അന്നു കന്നിക്കിരീടം ചൂടിയെങ്കിലും അദ്ദേഹത്തിനു ഒരു മല്‍സരം പോലും കളിക്കാനുള്ള അവസരം ലഭിച്ചില്ല. എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ചായിരുന്നു കെകെആറിന്റെ കിരീടധാരണം. കളിക്കാന്‍ ഭാഗ്യമുണ്ടായില്ലെങ്കിലും ഐപിഎല്‍ കിരീടവിജയത്തില്‍ സഞ്ജുവിന്റെ പേരും അന്നു കൂട്ടിച്ചേര്‍ക്കപ്പെട്ടു.
സീസണിനു ശേഷം ഒഴിവാക്കപ്പെട്ട താരം തുടര്‍ന്നു രാജസ്ഥാന്‍ റോയല്‍സിലെത്തുകയായിരുന്നു. സഞ്ജുവിന്റെ കരിയറില ടേണിങ് പോയിന്റെ ഇതു തന്നെയാണ്. ട്രയല്‍സില്‍ കസറിയതോടെ അദ്ദേഹത്തെ ടീമിലേക്കു കൊണ്ടുവരാന്‍ അന്നത്തെ റോയല്‍സ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് തീരുമാനിക്കുകയായിരുന്നു. റോയല്‍സ് ടീമിലെ നിര്‍ണായക താരമായി വൈകാതെ അദ്ദേഹം മാറുകയും ചെയ്തു.
മൂന്നു ടീമുകള്‍ക്കായി കളിച്ചു
ഐപിഎല്‍ കരിയറില്‍ മൂന്നു ടീമുകളുടെ ഭാഗമായിട്ടുള്ള താരമാണ് സഞ്ജു സാംസണ്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലൂടെ തുടങ്ങിയ അദ്ദേഹം പിന്നീട് രാജസ്ഥാന്‍ റോല്‍സിലും അതിനു ശേഷം ഡല്‍ഹി ക്യാപ്പിറ്റല്‍സിലും (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) എത്തുകയായിരുന്നു. 2016, 17 സീസണുകളില്‍ റോയല്‍സിനു ഐപിഎല്ലില്‍ വിലക്ക് നേരിട്ടപ്പോഴാണ് സഞ്ജു ഡല്‍ഹിയിലേക്കു ചേക്കേറിയത്.
2018ല്‍ ടൂര്‍ണമെന്റിലേക്കു റോയല്‍സ് മടങ്ങിയെത്തിയപ്പോള്‍ സഞ്ജുവിനെ അവര്‍ തിരികെ കൊണ്ടുവരികയും ചെയ്തു. പിന്നീട് റോയല്‍സിനൊപ്പം തന്നെയാണ് അദ്ദേഹം. സഞ്ജുവിന്റെ ഐപിഎല്‍ കരിയറെടുത്താല്‍ 167 മല്‍സരങ്ങളില്‍ ഇതിനകം കളിച്ചുകഴിഞ്ഞു. ഇവയില്‍ നിന്നും 30.69 ശരാശരിയില്‍ 138.96 സ്‌ട്രൈക്ക് റേറ്റില്‍ 4419 റണ്‍സാണ് സമ്പാദ്യം. മൂന്നു സെഞ്ച്വറികളും 25 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. 119 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

സഞ്ജു- ദ്രാവിഡ് കോംബോ
വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ തന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ രാഹുല്‍ ദ്രാവിഡിന്‍റെ ശിക്ഷണത്തില്‍ രാജസ്ഥാന്‍ റോയല്‍സില്‍ കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് സഞ്ജു സാംസണ്‍. അടുത്തിടെയാണ് റോയല്‍സിന്റെ മുഖ്യ കോച്ചായി അദ്ദേഹത്തെ നിയമിച്ചത്. നേരത്തേ 2011 മുതല്‍ 15 വരെ റോയല്‍സിനൊപ്പം ദ്രാവിഡുണ്ടായിരുന്നു.
2011 മുതല്‍ 13 വരെയാണ് അദ്ദേഹം ടീമിനായി കളിച്ചത്. 2013ലെ ചാംപ്യന്‍സ് ലീഗ് ടി20ക്കു ശേഷം ദ്രാവിഡ് വിരമിക്കലും പ്രഖ്യാപിക്കുകയായിരുന്നു. അതിനു ശേഷം ടീമിന്റെ പരിശീലകസംഘത്തിന്റെയും ഭാഗമാവാന്‍ അദ്ദേഹത്തിനു സാധിച്ചു. ഇപ്പോള്‍ കോച്ചായുള്ള രണ്ടാം വരവില്‍ ടീമിനെ ചാംപ്യന്‍മാരാക്കാനുള്ള പടയൊരുക്കത്തിലാണ് ഇന്ത്യന്‍ വന്‍മതില്‍.