മുംബൈ: കൊറൊണ വൈറസിനെ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തു ലോക്ക്ഡൗണ്‍ നീട്ടിയതോടെ ഈ വര്‍ഷത്തെ ഐപിഎല്‍ വീണ്ടും മാറ്റി വച്ചു. മേയ് മൂന്നു വരെ ലോക്ക്ഡൗണ്‍ നീട്ടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് രണ്ടാം തവണയും ഐപിഎല്‍ മാറ്റി വയ്ക്കപ്പെട്ടത്. മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ കൂടുതല്‍ പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്കു മാറ്റുന്നതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനിടെ ഏപ്രില്‍ 14വരെ രാജ്യത്തു ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരുന്നു. ബുധനാഴ്ച ലോക്ക്ഡൗണ്‍ തീരാനിരിക്കെയാണ് കേന്ദ്രം ഇതു മേയ് ആദ്യവാരം വരെ നീട്ടാന്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെ ഐപിഎല്ലും മാറ്റുകയായിരുന്നു.

ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചതോടെ ഐപിഎല്ലും മാറ്റി വയ്ക്കുന്നതായി ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ഇനി ടൂര്‍ണമെന്റിനെക്കുറിച്ച് അടുത്തൊന്നും ബിസിസിഐ ചര്‍ച്ച ചെയ്യില്ലെന്നാണ് വിവരം. മേയ് മൂന്നിന് ലോക്ക്ഡൗണ്‍ അവസാനിക്കുകയാണെങ്കില്‍ അതിനു ശേഷമ മാത്രമേ ടൂര്‍ണമെന്റിന്റെ ഭാവിയെക്കുറിച്ച് ബിസിസിഐ ചര്‍ച്ച നടത്തുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഐപിഎല്ലിനെക്കുറിച്ച് തല്‍ക്കാലത്തേക്കു മറന്നേക്കാനായിരുന്നു നേരത്തേ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രതികരിച്ചത്. നിലവിലെ സാഹചര്യത്തില്‍ ലോകത്ത് എവിടെയും ഒരു കായിക മല്‍സരവും നടത്താന്‍ സാധിക്കുന്ന അവസ്ഥയല്ലയുള്ളത്. പുരോഗതി ഞങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. നിലവിലെ അവസ്ഥയില്‍ ഒന്നും പറയാന്‍ കഴിയില്ല. വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുന്നു, ജനങ്ങള്‍ വീടിനകത്ത് കുടുങ്ങിയിരിക്കുകയാണ്, ഓഫീസുകളും അടഞ്ഞു കിടക്കുകയാണ്. ആര്‍ക്കും എവിടേക്കും പോവാന്‍ കഴിയില്ല.
മേയ് പകുതി ഇതു പോലെ തന്നെ തുടരാനാണ് സാധ്യത. ഇപ്പോഴത്തെ അവസ്ഥയില്‍ നിങ്ങള്‍ക്കു താരങ്ങളെ എവിടെ നിന്നു ലഭിക്കും, താരങ്ങള്‍ എങ്ങോട്ട് യാത്ര ചെയ്യും. ഇതൊക്കെ മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി. ഈ അവസ്ഥയില്‍ ഐപിഎല്ലെന്നല്ല, ഒരു കായിക മല്‍സരവും ലോകത്ത് ഒരിടത്തും നടത്താന്‍ കഴിയില്ല. തല്‍ക്കാലത്തേക്ക് ഐപിഎല്ലിനെ മറന്നേക്കൂയെന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു.