ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ തിങ്കളാഴ്ട രാത്രി നടന്ന മല്‍സരത്തില്‍ ഒരു ബൗണ്ടറി നേടിയ ശേഷം നടത്തിയ ആഹ്ലാദ പ്രകടനത്തിന്റെ പേരില്‍ ട്രോളിന് ഇരയായിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി. കെകെആറിനെതിരേ ആര്‍സിബി 82 റണ്‍സിന്റെ വിജയം ആഘോഷിച്ച മല്‍സരത്തില്‍ കോലി 33 റണ്‍സോടെ പുറത്താവാതെ നിന്നിരുന്നു. 28 പന്തില്‍ ഒരേയൊരു ബൗണ്ടറി മാത്രമേ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. അത് തന്റെ പതിവ് ശൈലിയില്‍ മുഷ്ടി ചുരുട്ടി ആഘോഷിച്ചത് ട്രോളര്‍മാര്‍ ഏറ്റെടുക്കുകയായികുന്നു.

ക്രീസിന്റെ മറുഭാഗത്ത് ബൗളര്‍മാരെ നിലത്ത് നിര്‍ത്താതെ എബി ഡിവില്ലിയേഴ്‌സ് പ്രഹരിച്ചു കൊണ്ടിരിക്കെ ഏക ബൗണ്ടറിയുടെ പേരില്‍ കോലി നടത്തിയ ആഹ്ലാദ പ്രകടനം വേണ്ടിയിരുന്നോയെന്നാണ് ട്രോളന്‍മാരുടെ ചോദ്യം. എബിഡി വെറും 33 പന്തില്‍ ആറു സിക്‌സറുകളും അഞ്ചു ബൗണ്ടറികളുമടക്കം പുറത്താവാതെ 73 റണ്‍സ് അടിച്ചെടുത്തിരുന്നു.
മൂന്നാമനായി ഇറങ്ങിയ കോലി വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ എബിഡി അനായാസം സിക്‌സറുകളും ബൗണ്ടറികളും പായിച്ചു കൊണ്ടിരുന്നു. മൂന്നാമനായി ബാറ്റിങിന് ഇറങ്ങിയ ആര്‍സിബി ക്യാപ്റ്റന്‍ 19ാം ഓവറിലായിരുന്നു തന്റെ ഏക ബൗണ്ടറി കണ്ടെത്തിയത്. ഇതിനു വേണ്ടി 25 പന്തുകളാണ് കോലിക്കു വേണ്ടിവന്നത്. അതും മികച്ചൊരു ഷോട്ടിലൂടെയായിരുന്നില്ല ഈ ബൗണ്ടറി. പ്രസിദ്ധ് കൃഷ്ണയുടെ ഓവറിലായിരുന്നു കോലിയുടെ ഈ ലക്കി ബൗണ്ടറി പിറന്നത്. വൈഡ് ബോളില്‍ കോലി ബാറ്റ് നീട്ടിയപ്പോള്‍ അരികില്‍ തട്ടിത്തെറിച്ച പന്ത് ബൗണ്ടറിയില്‍ കലാശിക്കുകയായിരുന്നു. ഉടന്‍ കൈമുഷ്ടി ചുരുട്ടി അദ്ദേഹം ഇത് ആഘോഷിക്കുകയും ചെയ്തിരുന്നു.
കോലിയുടെ ഈ ആഹ്ലാദ പ്രകടനത്തെ കളിയാക്കിക്കൊണ്ട് നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ആറു സിക്‌സറുകളും നാലു ബൗണ്ടറിയുമടിച്ച എബി ഡിവില്ലിയേഴ്‌സ് ഒരു കൂസലുമില്ലാതെ ബാറ്റുമായി നില്‍ക്കുന്ന ചിത്രത്തിനൊപ്പം കോലി മുഷ്ടി ചുരുട്ടി ആഹ്ലാദം പ്രകടിപ്പിക്കുന്ന ചിത്രം നല്‍കിയായിരുന്നു ഒരു ട്രോള്‍.
കൂറ്റന്‍ സിക്‌സറുകള്‍ പറത്തിയ എബിഡി ഒരു പ്രതികരണവുമില്ലാതെ ബാറ്റിങ് തുടരുമ്പോള്‍ കോലി പന്ത് എഡ്ജ് ചെയ്ത് നേടിയ ബൗണ്ടറി ആഘോഷിക്കുന്നുവെന്നായിരുന്നു ഒരു ട്വീറ്റ്.
കോലി സെഞ്ച്വറിയാണോ പൂര്‍ത്തിയാക്കിയത് എന്നായിരുന്നു ആഹ്ലാദ പ്രകടനത്തിന്റെ രണ്ടു ചിത്രങ്ങള്‍ക്കൊപ്പം ഒരു പരിഹാസം.

'ഷാര്‍ജയില്‍' ബൗണ്ടറി നേടിയ ശേഷം (കിങ്) വിരാട് കോലിയുടെ പ്രതികരണം.
എന്തൊരു മഹത്തായ ഇന്നിങ്‌സായിരുന്നു കിങ്‌സ് കോലിയുടേത് 28 (34*). എന്നായിരുന്നു മറ്റൊരു ട്രോള്‍.