ഐപിഎല്ലിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ വെടിക്കെട്ട് ബാറ്ററും ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീം ക്യാപ്റ്റനുമായ ജോസ് ബട്‌ലര്‍. പല വമ്പന്‍ താരങ്ങളും ഇലവന്റെ ഭാഗമായപ്പോള്‍ ചിലര്‍ തഴയപ്പെടുകയും ചെയ്തു. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്ല്‍, ഓസ്‌ട്രേലിയയുടെ മുന്‍ സൂപ്പര്‍ താരവും ഐപിഎല്ലില്‍ ഏറ്റവുമധികം റണ്ണെടുത്ത വിദേശ താരുമായ ഡേവിഡ് വാര്‍ണറും ഇലവനില്‍ ഇടം പിടിച്ചില്ല.
കൂടാതെ മിസ്റ്റര്‍ ഐപിഎല്ലെന്നും ചിന്നത്തലയെന്നുമെല്ലാം ആരാധകര്‍ വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയെയും ഇലവനില്‍ ബട്‌ലര്‍ ഉള്‍പ്പെടുത്തിയില്ല. തന്റെ ഫ്രാഞ്ചൈസിയായ റോയല്‍സില്‍ നിന്നും ഒരേയൊരു താരത്തെ മാത്രമേ ഇലവനില്‍ ബട്‌ലര്‍ ഉള്‍പ്പെടുത്തിയുള്ളൂ. ഇലവനിലെ കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

ഓപ്പണിങില്‍ ആരൊക്കെ?
ഓള്‍ടൈം ഇലവനിലെ ഓപ്പണര്‍മാരില്‍ ഒരാള്‍ മുംബൈ ഇന്ത്യന്‍സ് മുന്‍ നായകനും ഇടിവെട്ട് ബാറ്ററുനായ രോഹിത് ശര്‍മയാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായാണ് ഹിറ്റ്മാന്‍ വിശേഷിപ്പിക്കപ്പെടുന്നത്. അഞ്ചു തവണയാണ് അദ്ദേഹത്തിനു കീഴില്‍ മുംബൈ കിരീടം ചൂടിയത്.
രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി ബട്‌ലര്‍ തിരഞ്ഞെടുത്തത് സ്വയം തന്റെ പേര് തന്നെയാണ്. ക്രിസ് ഗെയ്ല്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരെയെല്ലാം തഴഞ്ഞാണ് അദ്ദേഹം ടീമിന്റെ രണ്ടാമത്തെ ഓപ്പണറായി തന്റെ പേര് ഉള്‍പ്പെടുത്തിയത്.
ശക്തമായ മധ്യനിര
അതിശക്തമായ മധ്യനിരയെയാണ് ജോസ് ബട്‌ലര്‍ ഇലവനിലുള്‍പ്പെടുത്തിയത്. മൂന്നാം നമ്പറിലുള്ളത് റണ്‍മെഷീനെന്നു വിളിക്കപ്പെടുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോലിയാണ്. ടൂര്‍ണമെന്റില്‍ ഓള്‍ടൈം റണ്‍വേട്ടക്കാരന്‍ കൂടിയാണ് അദ്ദേഹം.
ഇലവനില്‍ നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത് മിസ്റ്റര്‍ 360യെന്നറിയപ്പെടുന്ന സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് വിസ്മയം എബി ഡിവില്ലിയേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുമാണ്. ആര്‍സിബിയുടെ ഐക്കണ്‍ താരങ്ങളുടെ നിരയിലാണ് എബിഡിയുടെ സ്ഥാനം. അവര്‍ക്കായി പല മാച്ച് വിന്നിങ് പ്രകടനങ്ങളും താരം കാഴ്ചവച്ചിട്ടുണ്ട്.
ധോണിയാവട്ടെ മൂന്നു റോളില്‍ കസറാന്‍ ശേഷിയുള്ള താരമാണ്. കിടിലന്‍ ക്യാപ്റ്റന്‍സിക്കൊപ്പം തകര്‍പ്പന്‍ ഫിനിഷറും വിക്കറ്റ് കീപ്പറുമാണ് അദ്ദേഹം. ബട്‌ലറുടെ ഇലവനില്‍ ഓള്‍റൗണ്ടര്‍മാരായി രണ്ടു പേരാണുള്ളത്.
ആറാം നമ്പറില്‍ വെസ്റ്റ് ഇന്‍ഡീസിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും മുന്‍ മാച്ച് വിന്നറായ കരെണ്‍ പൊള്ളാര്‍ഡാണ്. ഏഴാമനായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമുണ്ട്. അനായാസം സിക്‌സറുകള്‍ പറത്താന്‍ മിടുക്കനായ പൊള്ളാര്‍ഡിന് തനിച്ച് മല്‍സരഗതി തന്നെ മാറ്റാന്‍ സാധിക്കും. ജഡേജയാവട്ടെ ബാറ്റിങ്, ബൗളിങ് എന്നിവയ്‌ക്കൊപ്പം ഫീല്‍ഡിങിലും ഇംപാക്ടുണ്ടാക്കുന്ന താരമാണ്.

ബൗളിങ് നിര
ഓള്‍ടൈം ഇലവന്റെ ബൗളിങ് ലൈനപ്പിലേക്കു വന്നാല്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ്‌സ്പിന്നര്‍ ഹര്‍ഭജന്‍ സിങാണ് സംഘത്തിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. കരിയറിന്റെ ഭൂരിഭാഗവും മുംബൈ ഇന്ത്യന്‍സിനായി കളിച്ച താരമാണ് അദ്ദേഹം.
ഇലവന്റെ പേസ് ലൈനപ്പില്‍ മൂന്നു പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശ്രീലങ്കയുടെയും മുംബൈയുടെയും മുന്‍ ഇതിഹാസം ലസിത് മലിങ്കയാണ് ബൗളിങിനു ചുക്കാന്‍ പിടിക്കുക. അദ്ദേഹത്തിനൊപ്പം ഇന്ത്യയുടെ സ്റ്റാര്‍ പേസ് ജോടികളായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുമുണ്ട്.