പുനെ: ഐ പി എല്‍ ക്രിക്കറ്റിലെ പുതിയ ടീമുകളിലൊന്നായ പുനെയെ പ്രതീക്ഷിച്ചത് പോലെ എം എസ് ധോണി തന്നെ നയിക്കും. പുനെ ടീമിന്റെ പേരും ലോഗോയും പുറത്തിറക്കിക്കൊണ്ട് ടീം ഉടമ സഞ്ജീവ് ഗോയങ്ക അറിയിച്ചതാണ് ഇക്കാര്യം. റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സ് എന്നാണ് ടീമിന് പേരിട്ടിരിക്കുന്നത്. അടുത്ത ഒരു വര്‍ഷത്തേക്കാണ് ക്യാപ്റ്റനായി ധോണിയുടെ നിയമനം.
അന്താരാഷ്ട്ര ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലുമുള്ള എം എസ് ധോണിയുടെ നായക മികവാണ് പുനെ ടീമിന്റെ ക്യാപ്റ്റന്‍സി ധോണിയെ ഏല്‍പ്പിക്കാനുള്ള കാരണമെന്ന് ഗോയങ്ക പറഞ്ഞു. ഒരു സീസണിലേക്ക് മാത്രമായി ധോണിയെ ക്യാപ്റ്റനാക്കിയത് എന്തേ എന്ന ചോദ്യത്തിന്, 2016 സീസണിന്റെ കാര്യമാണ് തങ്ങള്‍ ഇപ്പോള്‍ പരിഗണിക്കുന്നത് എന്നായിരുന്നു ടീം ഉടമയുടെ മറുപടി.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിലെ മൈക് ഹസി പുനെ ടീമിലെത്തുമോ എന്ന ചോദ്യത്തിന് അല്‍പം പരുഷമായിട്ടായിരുന്നു ഗോയങ്കയുടെ മറുപടി. ഇത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമല്ല. ചെന്നൈ ടീമില്‍ ആരെങ്കിലും ഉണ്ടായിരുന്നു എന്ന് കരുതി അവരെല്ലാം പുനെ ടീമില്‍ ഉണ്ടാകണം എന്നില്ല. ഞങ്ങള്‍ ഒരു പുതിയ ടീമാണ് എന്ന് കരുതി അത് ചെയ്യാന്‍ പാടില്ല ഇത് ചെയ്യാന്‍ പാടില്ല എന്നൊന്നും ഇല്ല. ടീമിന് ശക്തമായ അടിത്തറയുണ്ടാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനായിരുന്ന ധോണിക്ക് പുറമേ ഫാഫ് ഡുപ്ലിസി, അശ്വിന്‍ എന്നിവരും പുനെ ടീമിലുണ്ട്. ചെന്നൈയുടെ കോച്ചായിരുന്ന സ്റ്റീഫന്‍ ഫ്‌ലമിങും പുനെയ്‌ക്കൊപ്പമുണ്ട്. റൈസിങ് പുനെ ടീമുമായി മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് ബന്ധമൊന്നും ഇല്ല എന്ന കാര്യം സഞ്ജീവ് ഗോയങ്ക ആവര്‍ത്തിച്ചു. ഗോയങ്കയുടെ ഫുട്‌ബോള്‍ ടീമായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ സഹ ഉടമയാണ് ഗാംഗുലി.