കറാച്ചി: കൊറോണ വൈറസും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം ഐപിഎല്‍ അനിശ്ചിത കാലത്തേക്കു മാറ്റി വച്ചതിന്റെ നിരാശയിലാണ് ലോകം മുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികള്‍. അതിനിടെ ടൂര്‍ണമെന്റ് യുഎയിലേക്കു മാറ്റിയേക്കുമെന്ന് അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ താരം ബാസിത് അലി. ദിവസങ്ങള്‍ക്കു മുമ്പ് ഐപിഎല്ലിനു വേദിയാവാന്‍ ശ്രീലങ്ക സന്നദ്ധ പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യമറിയിക്കാന്‍ ബിസിസിഐയ്ക്കു കത്തയച്ചതായും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലങ്കയുടെ ഭാഗത്തു നിന്നും ഒഫീഷ്യലായി തങ്ങള്‍ക്കു ഒരു കത്തും ലഭിച്ചിട്ടില്ലെന്നായിരുന്നു ബിസിസിഐയുടെ പ്രതികരണം.

ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ ഭാവിയെക്കുറിച്ച് തീരുമാനിക്കും മുമ്പ് ഐപിഎല്ലിനു ഐസിസി മുന്‍തൂക്കം നല്‍കണമെന്ന് ബാസിത് അലി ആവശ്യപ്പെട്ടു. ഐപിഎല്‍ എവിടെ, എപ്പോള്‍ നടത്തണമെന്നതിനെക്കുറിച്ച് ഐസിസിയും ആലോചിക്കണം. തന്റെ അഭിപ്രായത്തില്‍ യുഎഇയാണ് ടൂര്‍ണമെന്റിന് ഏറ്റവും അനുയോജ്യമായ വേദിയെന്നും അദ്ദേഹം പറഞ്ഞു.
ഐസിസിയുടെ ആകെ വരുമാനത്തിന്റെ 70 ശതമാനവും ലഭിക്കാന്‍ സഹായിക്കുന്നത് ഐസിസിയാണ്. അതുകൊണ്ടു തന്നെയാണ് ഐപിഎല്ലിന് ഐസിസി കൂടുതല്‍ പരിഗണന നല്‍കണമെന്ന് താന്‍ ആവശ്യപ്പെടുന്നതെന്ന് അലി വ്യക്തമാക്കി. ബിസിസിഐയില്ലാതെ ഐസിസിക്കു പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നു എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് എന്താണോ പറയുന്നത് അതു മാത്രമേ സംഭവിക്കുകയുള്ളൂ. ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് ഏതുമായിക്കൊള്ളട്ടെ ബിസിസിഐയുടെ തീരുമാനം നിര്‍ണായകമാണ്.

ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് ഇവയില്‍ ഏതെങ്കിലുമൊരു ടൂര്‍ണമെന്റുമായി ഐപിഎല്‍ ക്ലാഷ് ആവുകയാണെങ്കില്‍ ഐപിഎല്ലിനായിരിക്കണം ഐസിസി കൂടുതല്‍ പരിഗണന നല്‍കേണ്ടത്. ഐപിഎല്‍ ഇനി ഇന്ത്യയില്‍ നടത്താന്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കില്‍ യുഎഇയിലേക്കു മാറ്റി വയ്ക്കാവുന്നതാണെന്നും അലി അഭിപ്രായപ്പെട്ടു.
+മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതിനിടെ രാജ്യത്തു കൂടുതല്‍ കൊവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്കു മാറ്റി വയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെ രാജ്യത്തു ലോക്ക്ഡൗണും വന്നു. ഏപ്രില്‍ 14ന് അവസാനിക്കേണ്ടിയിരുന്ന ലോക്ക്ഡൗണ്‍ മേയ് മൂന്ന് വരെ നീട്ടിയതോടെ ഐപിഎല്‍ അനിശ്ചിത കാലത്തേക്കു നീട്ടി വയ്ക്കുന്നതായി ബിസിസിഐ അറിയിക്കുകയായിരുന്നു.