IPL 2021: ഒരുകൈ നോക്കാന്‍ ലബ്യുഷെയ്‌നും, ലേലത്തിനുണ്ടാവും- ഏതു ടീമിനൊപ്പം?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനായ മാര്‍നസ് ലബ്യുഷെയ്ന്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലില്‍ ഒരുകൈ നോക്കാനൊരുങ്ങുന്നു. ഇതുവരെ ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത അദ്ദേഹം വരാനിരിക്കുന്ന 14ാം സീസണില്‍ അരങ്ങേറാമെന്ന പ്രതീക്ഷയിലാണ്. ഇതിനു വേണ്ടി ഈ മാസം 18നു ചെന്നൈയില്‍ നടക്കാനിരിക്കുന്ന താരലേലത്തില്‍ താനും പേര് രജിസ്റ്റര്‍ ചെയ്യുമെന്ന് ലബ്യുഷെയ്ന്‍ വെളിപ്പെടുത്തി.
ഉജ്ജ്വല ഫോമിലുള്ള 26കാരനായ ബാറ്റ്‌സ്മാനു വേണ്ടി ലേലത്തില്‍ പല ഫ്രാഞ്ചൈസികള്‍ തമ്മില്‍ പിടിവലിയുണ്ടാവുമെന്നുറപ്പാണ്. ഏതു ടീമിനു വേണ്ടിയാവും പുതിയ സീസണില്‍ ലബ്യുഷെയ്ന്‍ കളിക്കുകയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

മഹത്തായ ടൂര്‍ണമെന്റ്
ഓസ്‌ട്രേലിയയില്‍ നടന്ന ബിഗ് ബാഷ് ടി20 ലീഗിനിടെ സംസാരിക്കവെയാണ് തന്റെ ഐപിഎല്‍ മോഹത്തെക്കുറിച്ച് ലബ്യുഷെയ്ന്‍ തുറന്നു പറഞ്ഞത്. ലേലത്തില്‍ ഞാനും രജിസ്റ്റര്‍ ചെയ്യുമെന്ന് തന്നെയാണ് കരുതുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വൈകാതെ തന്നെ അറിയിക്കാം. ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യാല്‍ എന്തു സംഭവിക്കുമെന്നു നമുക്കു നോക്കാം.
ഐപിഎല്‍ മഹത്തായ ടൂര്‍ണമെന്റാണ്. വ്യക്തിപരമായി ഈ ടൂര്‍ണമെന്റിന്റെ ഭാഗമാവണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. എന്താണ് സംഭവിക്കുകയെന്നു നമുക്ക് കാത്തിരുന്നു കാണാമെന്നും ബിബിഎല്ലില്‍ ബ്രിസ്ബണ്‍ ഹീറ്റിന്റെ ഭാഗമായ ലബ്യുഷെ്ന്‍ വ്യക്തമാക്കി.

പരമ്പര മാറ്റിയത് നിരാശാജനകം
ദക്ഷിണാഫ്രിക്കന്‍ പര്യടനം മാറ്റി വച്ചതില്‍ നിരാശനാണെന്നു ലബ്യുഷെയ്ന്‍ പറഞ്ഞു. ഇതോടെ ദീര്‍ഘകാലത്തേക്കു ഓസീസിന് ടെസ്റ്റ് മല്‍സരങ്ങളില്ല. കൊവിഡിനെ തുടര്‍ന്നായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കന്‍ പര്യടനം നീട്ടിവയ്ക്കുന്നതായി അറിയിച്ചത്. ഇതോടെ നാട്ടില്‍ അടുത്ത വേനല്‍ക്കാലത്തു നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ആഷസായിരിക്കും ആദ്യ ടെസ്റ്റ് പരമ്പരയെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
ദീര്‍ഘകാലത്തേക്കു ടെസ്റ്റുകളില്ലെന്നത് നിരാശപ്പെടുത്തുന്നു. അടുത്തൊന്നും ടെസ്റ്റില്ലെങ്കില്‍ ആഷസിന് നിങ്ങങള്‍ സ്വയം തന്നെ തയ്യാറായി നില്‍ക്കണം. ഇതിനേക്കാള്‍ വലിയൊരു പരമ്പരയില്ലെന്നും ലബ്യുഷെയ്ന്‍ പറഞ്ഞു.

ബിബിഎല്ലില്‍ മികച്ച പ്രകടനം
ടെസ്റ്റ് ക്രിക്കറ്റിലാണ് ലബ്യുഷെയ്ന്‍ ഇതിനകം തന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ളതെങ്കിലും മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ തിളങ്ങാനുള്ള പ്രതിഭ അദ്ദേഹത്തിനുണ്ട്. ബിബിഎല്ലിന്റെ ഈ സീസണില്‍ ഹീറ്റ്‌സിനെ പ്ലേഓഫിലെത്തിക്കുന്നതില്‍ താരം പ്രധാന പങ്കു വഹിച്ചിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരു കളിയില്‍ തന്നെ 40ല്‍ അധികം റണ്‍സും മൂന്നിലധികം വിക്കറ്റുകളുമെടുത്ത ആദ്യ താരമായി ലബ്യുഷെയ്ന്‍ മാറിയിരുന്നു. ടൂര്‍ണമെന്റില്‍ ആറു ഇന്നിങ്‌സുകളിലായി 123.08 സ്‌ട്രൈക്ക് റേറ്റോടെ 176 റണ്‍സും അദ്ദേഹം നേടി. ടി20 ക്രിക്കറ്റ് തനിക്കു വഴങ്ങില്ലെന്ന വിമര്‍ശനങ്ങള്‍ക്കു മറുപടി കൂടിയായിരുന്നു താരത്തിന്റെ പ്രകടനം.
ടീമംഗവും മുന്‍ നായകനുമായ സ്റ്റീവ് സ്മിത്തിനെപ്പോലെ തന്നെ വളരെ അസാധാരണമായ ഷോട്ടുകള്‍ കളിക്കുന്ന ബാറ്റ്‌സ്മാനാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ലബ്യുഷെയ്‌നെതിരേ ബൗള്‍ ചെയ്യുക ഏതു ബൗളര്‍ക്കും വെല്ലുവിളിയാണ്.

ഐപിഎല്ലില്‍ ആരു വാങ്ങും?
ഐപിഎല്ലിന്റെ ലേലത്തില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ലബ്യുഷെയ്‌നെ വാങ്ങാനിടയുണ്ട്. മധ്യനിര ശക്തിപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാവും താരത്തിനായി രംഗത്തു വരാന്‍ സാധ്യതയുള്ള മറ്റൊരു ഫ്രാഞ്ചൈസി. ആരോണ്‍ ഫിഞ്ച്, ക്രിസ് മോറിസ്, മോയിന്‍ അലി, ശിവം ദുബെ എന്നിവരെ ഒഴിവാക്കിയതിനാല്‍ മുന്‍നിര ബാറഫ്‌റ്‌സ്മാനെയും ഓള്‍റൗണ്ടറെയും ആര്‍സിബിക്കു ആവശ്യമുണ്ട്. ഈ രണ്ടു റോളും നിറവേറ്റാനുള്ള ശേഷി ലബ്യുഷെയ്‌നുണ്ട്.
സിഎസ്‌കെ, ആര്‍സിബി എന്നിവരെക്കൂടാതെ രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളും താരത്തിനായി നീക്കം നടത്തുമെന്നാണ് സൂചന.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications