
പ്രഥമ ഐപിഎല്‍ സീസണിലായിരുന്നു റോബിന്‍ ഉത്തപ്പ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നത്. തൊട്ടടുത്ത സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്കു ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുകയും ചെയ്തു. തന്റെ ആദ്യത്തെ ട്രാന്‍സ്ഫര്‍ സമയത്തു മുംബൈയില്‍ നേരിട്ട അനുഭവത്തെക്കുറിച്ചാണ് ഉത്തപ്പ വെളിപ്പെടുത്തിയിരിക്കുന്നത്.
ആര്‍സിബിയിലേക്കുള്ള കൂടുമാറ്റത്തിന്റെ ഭാഗമായി മുംബൈ ടീമില്‍ വച്ച് താന്‍ ട്രാന്‍സ്ഫര്‍ പേപ്പറുകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നെന്നാണ് അദ്ദേഹം തുറന്നുപറഞ്ഞിരിക്കുന്നത്. അയാളുടെ പേര് താന്‍ വെളിപ്പെടുത്തില്ലെന്നും ഉത്തപ്പ വ്യക്തമാക്കി.

രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് മുംബൈ ഇന്ത്യന്‍സില്‍ തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് റോബിന്‍ ഉത്തപ്പ വെളിപ്പെടുത്തിയത്. സഹീര്‍ ഖാന്‍, മനീഷ് പാണ്ഡെ എന്നിവര്‍ക്കൊപ്പം ഞാനുമുണ്ടായിരുന്നു. ഐപിഎല്ലില്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട ആദ്യത്തെ താരങ്ങളിലൊരാളാണ് അദ്ദേഹം. എന്നെ സംബന്ധിച്ച് അതു വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. കാരണം എന്റെ കൂറ് അപ്പോള്‍ പൂര്‍ണമായും മുംബൈയ്‌ക്കൊപ്പമായിരുന്നു. ഐപിഎല്ലിനു ഒരു മാസം മുമ്പായിരുന്നു അതു സംഭവിച്ചത്, ഞാന്‍ ട്രാന്‍സ്ഫര്‍ പേപ്പറുകള്‍ ഒപ്പിടാന്‍ വിസമ്മതിക്കുകയും ചെയ്തതായി ഉത്തപ്പ പറഞ്ഞു.

വ്യക്തിജീവിതത്തില്‍ ഞാന്‍ ചില കാര്യങ്ങളിലൂടെ കടന്നുപോയിരുന്ന സമയമായിരുന്നു അത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമുള്ള ആദ്യ സീസണില്‍ ഞാന്‍ വിഷാദ രോഗത്തിന്റെ പിടിയിലായിരുന്നു. ഈ സീസണില്‍ ഒരു മല്‍സരത്തില്‍പ്പോലും എനിക്കു നന്നായി കളിക്കാന്‍ സാധിച്ചില്ല. ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട ശേഷം വീണ്ടും തിരിച്ചെത്തിയപ്പോഴായിരുന്നു ഇത്.
ഈ മല്‍സരത്തില്‍ എന്തെങ്കിലും ചെയ്‌തേ തീരൂവെന്നു ചിന്തിച്ചായിരുന്നു ഞാന്‍ കളിച്ചത്. മുംബൈ ഇന്ത്യന്‍സിലെ ഒരാള്‍, അയാളുടെ പേര് ഞാന്‍ വെളിപ്പെടുത്തില്ല. അയാള്‍ എനിക്കു ഭീഷണി സ്വരത്തില്‍ മുന്നറിയിപ്പ് നല്‍കി. ട്രാന്‍സ്ഫര്‍ പേപ്പറുകള്‍ളില്‍ ഒപ്പിട്ടില്ലെങ്കില്‍ മുംബൈയുടെ പ്ലെയിങ് ഇലവനില്‍ നിങ്ങള്‍ക്കു ഇടം ലഭിക്കില്ലെന്നായിരുന്നു അയാളുടെ ഭീഷണിയെന്നും ഉത്തപ്പ വ്യക്തമാക്കി.

ഐപിഎല്ലില്‍ മികച്ച ബാറ്റിങ് റെക്കോര്‍ഡുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് റോബിന്‍ ഉത്തപ്പ. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമാണ് അദ്ദേഹം ഏറ്റവും മികച്ച പ്രകടനം നടത്തിയത്. ഒരു സീസണില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും ഉത്തപ്പയെ തേടിയെത്തിയിരുന്നു.
ഇതുവരെ 196 മല്‍സരങ്ങളില്‍ ഉത്തപ്പ കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 27.98 ശരാശരിയില്‍ 130.58 സ്‌ട്രൈക്ക് റേറ്റോടെ 4813 റണ്‍സ് നേടിയിട്ടുണ്ട്. 26 ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു. ഉയര്‍ന്ന സ്‌കോര്‍ 87 റണ്‍സാണ്. 2014ലായിരുന്നു ഉത്തപ്പയുടെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. കെകെകആറിനായി 16 മല്‍സരങ്ങളില്‍ നിന്നും 660 റണ്‍സാണ് താരം അടിച്ചെടുത്തത്.

അതേസമയം, രാജസ്ഥാന്‍ റോയല്‍സ് ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോയിലായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ താരമായ യുസ്വേന്ദ്ര ചാഹല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ആര്‍സിബിയുമായുള്ള മല്‍സരശേഷമായിരുന്നു സംഭവം. ടീമംഗങ്ങള്‍ വിജയം ആഘോഷിക്കാന്‍ ഒത്തുകൂടിയിരുന്നു. അമിതമായി മദ്യപിച്ച മുംബൈ ടീമിലെ സഹതാരം എന്നെ ഹോട്ടലിലെ ബാല്‍ക്കണിയിലേക്കു വിളിച്ചുകൊണ്ടു പോവുകയും 15ാം നിലയില്‍ തൂക്കിയിടുകയുമായിരുന്നു.

ചില സഹതാരങ്ങളുടെ ശ്രദ്ധയില്‍ പെട്ടതു കാരണമാണ് ഞാന്‍ രക്ഷപ്പെട്ടത്. അല്ലായിരുന്നെങ്കില്‍ 15ാം നിലയില്‍ നിന്നും ഞാന്‍ താഴേക്കു പതിക്കുമായിരുന്നു. വല്ലാതെ ഭയപ്പെടുത്തിയ സംഭവമായിരുന്നു അത്. പക്ഷെ ആ ടീമംഗത്തിന്റെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ടീംഗങ്ങളായ ആര്‍ അശ്വിന്‍, കരുണ്‍ നായര്‍ എന്നിവരുമായുള്ള സംഭാഷണത്തില്‍ ചാഹല്‍ വെളിപ്പെടുത്തിയത്.


Click it and Unblock the Notifications