IPL: ഇന്നാണ് ആ ദിനം, രോഹിത്തിന് ഹാട്രിക്ക്!- ഞെട്ടിയത് സച്ചിന്റെ മുംബൈ ഇന്ത്യന്‍സ്
ഐപിഎല്ലില്‍ അഞ്ചു കിരീടങ്ങള്‍ ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റന്‍, ബാറ്റിങില്‍ ഒരുപിടി റെക്കോര്‍ഡുകള്‍ കുറിച്ച ബാറ്റ്‌സ്മാന്‍ എന്നിങ്ങനെയാണ് മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ താരം രോഹിത് ശര്‍മ എല്ലായ്‌പ്പോഴും വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ ബാറ്റിങില്‍ മാത്രമല്ല കരിയറിന്റെ തുടക്കകാലത്ത് ബൗളിങിലും ഹിറ്റ്മാന്‍ വിസ്മയിപ്പിച്ചിട്ടുണ്ട്.
ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഹാട്രിക് കൊയ്തവരുടെ ലിസ്റ്റെടുത്താല്‍ അതില്‍ രോഹിത്തിന്റെയും പേര് നമുക്ക് കാണാന്‍ കഴിയും. ഈ ചരിത്രമുഹൂര്‍ത്തത്തിന് ഇന്നു 12 വയസ്സ് തികയുകയാണ്. 2009 മേയ് ആറിനായിരുന്നു ഹാട്രിക്കുമായി ഹിറ്റ്മാന്‍ ലോകത്തെ അമ്പരപ്പിച്ചത്.

എതിരാളി മുംബൈ ഇന്ത്യന്‍സ്
ഇപ്പോള്‍ തന്റെ എല്ലാമെല്ലാമായ മുംബൈയ്‌ക്കെതിരേയായിരുന്നു 22ാം വയസ്സില്‍ രോഹിത്തിന്റെ ഹാട്രിക്ക് നേട്ടമെന്നതാണ് മറ്റൊരു കൗതുകം. ഇപ്പോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമല്ലാത്ത ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ താരമായിരുന്നു അന്നു രോഹിത്.
ഇന്ത്യയില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാല്‍ 2009ലെ ടൂര്‍ണമെന്റിനു വേദിയായത് ദക്ഷിണാഫ്രിക്കയായിരുന്നു. സെഞ്ചൂറിയനില്‍ നടന്ന കളിയിലാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിച്ച മുംബൈയ്‌ക്കെതിരേ ഡിസിക്കു വേണ്ടി രോഹിത് മൂന്നു പേരെ അടുത്തടുത്ത ബോളുകളില്‍ പുറത്താക്കി ഹാട്രിക്ക് കുറിച്ചത്. മല്‍സരത്തില്‍ ഡെക്കാന്‍ ജയിക്കുകയും ചെയ്തിരുന്നു.

ബാറ്റിങിലും തിളങ്ങി
ടോസിനു ശേഷം ആദം ഗില്‍ക്രിസ്റ്റ് നയിച്ച ഡെക്കാനായിരുന്നു അന്ന് ആദ്യം ബാറ്റ് ചെയ്തത്. നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിന് 145 റണ്‍സെന്ന മോശല്ലാത്ത ടോട്ടല്‍ അവര്‍ പടുത്തുയര്‍ത്തി. 38 റണ്‍സോടെ രോഹിത്തും ബാറ്റിങില്‍ നിര്‍ണായക സംഭാവന നല്‍കി. ടീമിന്റെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു.
മറുപടിയില്‍ ഈ ടോട്ടല്‍ പ്രതിരോധിക്കാന്‍ ഡെക്കാന്‍ പാടുപെട്ടു. 15 ഓവര്‍ കഴിയുമ്പോള്‍ മുംബൈ നാലു വിക്കറ്റിന് 100 റണ്‍സെടുത്തിരുന്നു. അടുത്ത അഞ്ചോവറില്‍ ആറു വിക്കറ്റുകള്‍ ശേഷിക്കെ മുംബൈയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 46 റണ്‍സ് മാത്രമായിരുന്നു.

രോഹിത്തിന്റെ ബൗളിങ് പ്രകടനം
മല്‍സരം മുംബൈയുടെ വരുതിയിലേക്കു നീങ്ങുമെന്നിരിക്കെയാണ് 16ാം ഓവറില്‍ രോഹിത്തിനെ നായകന്‍ ഗില്‍ക്രിസ്റ്റ് ബോള്‍ ഏല്‍പ്പിക്കുന്നത്. മൂന്നു റണ്‍സ് മാത്രം വഴങ്ങിയ അദ്ദേഹം ഓവറിലെ അവസാന രണ്ടു ബോളുകളില്‍ അഭിഷേക് നായകര്‍ (1), ഹര്‍ഭജന്‍ സിങ് (0) എന്നിവരെ പുറത്താക്കി. ഇരുവരും ബൗള്‍ഡാവുകയായിരുന്നു.
18ാം ഓവറില്‍ വീണ്ടും ബൗള്‍ ചെയ്യാനെത്തിയ രോഹിത് ആദ്യ ബോളില്‍ തന്നെ ടീമിന്റെ ടോപ്‌സ്‌കോററായ ജീന്‍ പോള്‍ ഡുമിനിയെ (52) ഗില്‍ക്രിസ്റ്റിന്റെ കൈകളിലെത്തിച്ച് ഹാട്രിക് പൂര്‍ത്തിയാക്കി.
ഇതേ ഓവറിലെ മൂന്നാമത്തെ ബോളില്‍ സൗരഭ് തിവാരിയെയും രോഹിത് മടക്കി. ഗില്ലി സ്റ്റംപ് ചെയ്താണ് തിവാരി ക്രീസ് വിട്ടത്. മല്‍സരത്തില്‍ എട്ടു വിക്കറ്റിന് 121 റണ്‍സെടുത്ത മുംബൈ 19 റണ്‍സിന്റെ തോല്‍വിയും സമ്മതിച്ചു. രോഹിത്തായിരുന്നു മാന്‍ ഓഫ് ദി മാച്ചായത്. രണ്ടോവറില്‍ ആറു റണ്‍സിന് നാലു വിക്കറ്റെന്ന മാജിക്കല്‍ നമ്പറാണ് അദ്ദേഹം കളിയില്‍ കുറിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications