അഹമ്മദാബാദ്: ഐപിഎല്ലിന്റെ പ്ലേഓഫ് കാണാതെ മറ്റൊരു ടീം കൂടി പുറത്തേക്ക്. 2022ലെ ചാംപ്യന്മാരും നിലവിലെ റണ്ണറപ്പുമായ ഗുജറാത്ത് ടൈറ്റന്‍സാണ് പ്ലേഓഫിലെത്താതെ പുറത്തായത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള അവരുടെ നിര്‍ണായക മല്‍സരം മഴയെ തുടര്‍ന്നു ടോസ് പോലു നടത്താന്‍ കഴിയാതെ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ് എന്നിവര്‍ക്കു ശേഷം പ്ലേഓഫിലെത്താതെ പുറത്തായ മൂന്നാമത്തെ ടീമായി ജിടി മാറി.
പോയിന്റ് പട്ടികയില്‍ 10 പോയിന്റോടെ എട്ടാംസ്ഥാനത്തുണ്ടായിരുന്ന ജിടിക്കു നേരിയ പ്ലേഓഫ് സാധ്യതയെങ്കിലും കാത്തുസൂക്ഷിക്കാന്‍ കെകെആറുമായുള്ള ഇന്നത്തെ കളിയടക്കം ശേഷിച്ച രണ്ടു മല്‍സരങ്ങളും ജയിക്കേണ്ടിയിരുന്നു. പക്ഷെ മഴ വില്ലനായതോടെ അവസാന മല്‍സരം കളിക്കും മുമ്പ് ജിടിയുടെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞിരിക്കുകയാണ്.

കെകെആറിനെതിരായ കളി ഉപേക്ഷിക്കപ്പെട്ടതോടെ ഒരു പോയിന്റ് ലഭിച്ച ജിടിക്കു ഇപ്പോള്‍ 11 പോയിന്റാണുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള അവസാന കളി ജയിച്ചാലും ജിടി ക്കു 13 പോയിന്റേ ആവുകയുള്ളൂ. നിലവില്‍ രണ്ടു ടീമുകള്‍ക്കു 14ഉം ഒരു ടീമിനു 16ഉം പോയിന്റുണ്ട്. അതുകൊണ്ടു തന്നെയാണ് ജിടിയുടെ വഴി പൂര്‍ണമായും അടഞ്ഞത്.
ഈ സീസണില്‍ കളിച്ച 13 മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തിലാണ് ജിടിക്കു വിജയിക്കാനായാത്. ഏഴു മല്‍സരങ്ങളില്‍ അവര്‍ക്കു പരാജയം നേരിട്ടു. പുതിയ നായകന്‍ ഗില്ലിനു കീഴില്‍ ഒട്ടും തന്നെ സ്ഥിരതയില്ലാത്ത പ്രകടനമാണ് ജിടി കാഴ്ചവച്ചത്. അവര്‍ക്കു തിരിച്ചടിയായി മാറിയതും ഇതു തന്നെയാണ്. തുടര്‍ച്ചയായി രണ്ടു വിജയങ്ങള്‍ ഈ സീസണില്‍ അവര്‍ക്കു നേടന്‍ സാധിച്ചിട്ടില്ലെന്നു കാണാം.
ഒരു മല്‍സരം ജയിച്ചാല്‍ അടുത്ത ഒന്നോ, രണ്ടോ കളികള്‍ തോല്‍ക്കുകയെന്നതാണ് ജിടിയുടെ രീതി. തുടര്‍ച്ചയായി മൂന്നു കളികളും അവര്‍ തോറ്റിട്ടുണ്ട്. ഇവയെല്ലാമാണ് ജിടിക്കു പ്ലേഓഫ് ബെര്‍ത്ത് നിഷേധിച്ചത്. മുംബൈ, ഹൈദരാബാദ്, രാജസ്ഥാന്‍, പഞ്ചാബ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവര്‍ക്കെതിരേയാണ് ഈ സീസണില്‍ ജിടിക്കു വിജയിക്കാനായത്.
മറുഭാഗത്തു നേരത്തേ തന്നെ പ്ലേഓഫില്‍ സ്ഥാനമുറപ്പിച്ച കെകെആര്‍ പോയിന്റ് പട്ടികയിലെ ആദ്യത്തെ രണ്ടു സ്ഥാനങ്ങള്‍ ഉറപ്പിച്ചിരിക്കുകയാണ്. ജിടിയുമായുള്ള മല്‍സരം ഉപേക്ഷിക്കപ്പെട്ടതോടെ ലഭിച്ച ഒരു പോയിന്റ് കെകെആറിന്റെ സമ്പാദ്യം 19 പോയിന്റാക്കി ഉയര്‍ത്തി. അവസാനത്തെ മല്‍സരം തോറ്റാലും ഇനി കെകെആര്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ നിന്നും പുറത്താവില്ല. 13 മല്‍സരങ്ങളില്‍ ഒമ്പതു വിജയങ്ങളാണ് കെകെആറിന്റെ പക്കലുള്ളത്. വെറും മൂന്നു കളികള്‍ മാത്രമേ അവര്‍ തോറ്റിട്ടുള്ളൂ.