For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: വമ്പന്‍ കൂട്ടുകെട്ടുകള്‍, പക്ഷെ ടീം രക്ഷപ്പെട്ടില്ല!- രാഹുല്‍ രണ്ടെണ്ണത്തില്‍ പങ്കാളി

രാഹുല്‍- മായങ്ക് ജോടിയാണ് തലപ്പത്ത്

ഐപിഎല്ലിന്റെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ അടുത്ത മാസം ആരംഭിക്കാനിരിക്കുകയാണ്. പകുതിയിലേറെ മല്‍സരങ്ങള്‍ ഇനി നടക്കാവുണ്ട്. യുഎഇയിലാണ് ടൂര്‍ണമെന്റിലെ ശേഷിച്ച പ്രാഥമിക റൗണ്ട് മല്‍സരങ്ങളും നോക്കൗട്ട് റൗണ്ട് പോരാട്ടങ്ങളും ഫൈനലുമെല്ലാം നടക്കുന്നത്. ഇന്ത്യയില്‍ നടന്ന ടൂര്‍ണമെന്റ് ചി ഫ്രാഞ്ചൈസികളിലെ കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു ബിസിസിഐ നിര്‍ത്തിവയ്ക്കുകയായിരുന്നു.

ലോകത്തില്‍ ഏറ്റവുമധികം ആരാധകരുള്ള ഫ്രാഞ്ചൈസി ലീഗ് കൂടിയാണ് ഇപ്പോള്‍ ഐപിഎല്‍. ഐസിസി ടൂര്‍ണമെന്റുകളെപ്പോലും കവച്ചുവയ്ക്കുന്ന തലത്തിലേക്കു ഐപിഎല്‍ ഇപ്പോള്‍ മാറിയിരിക്കുകയാണ്. ക്രിക്കറ്റിലെ മറ്റൊരു ഫോര്‍മാറ്റും പോലെ ഐപിഎല്ലിലും മല്‍സരവിധി തീരുമാനിക്കുന്നതില്‍ ബാറ്റിങ് കൂട്ടുകെട്ടുകള്‍ നിര്‍ണായകമായി മാറാറുണ്ട്. ചില കൂട്ടുകെട്ടുകള്‍ ടീമിനെ തോല്‍വിയുടെ വക്കില്‍ നിന്നു പോലും അദ്ഭുതകരമായി രക്ഷപ്പെടുത്തുന്നത് നമ്മള്‍ കണ്ടപ്പോള്‍ മറ്റു ചില കൂട്ടുകെള്‍ക്കു ടീമിനെ ജയിപ്പിക്കാനാവാതെ പോവുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ വമ്പന്‍ കൂട്ടുകെട്ടുണ്ടായിട്ടും ടീം പരാജയപ്പെട്ട അഞ്ചു മല്‍സരങ്ങള്‍ നമുക്ക് ഒന്നു പരിശോധിക്കാം.

 ഹര്‍ഭജന്‍ സിങ്- ജെ സുചിത് (100 റണ്‍സ്)

ഹര്‍ഭജന്‍ സിങ്- ജെ സുചിത് (100 റണ്‍സ്)

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡ് മുംബൈ ഇന്ത്യന്‍സ് താരങ്ങളായിരുന്ന ഹര്‍ഭജന്‍ സിങിന്റെയും ജെ സുചിത്തിന്റെയും പേരിലാണ്. 100 റണ്‍സായിരുന്നു ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തത്. പക്ഷെ ടീം പരാജയപ്പെട്ടു.
2015ലെ ഐപിഎല്ലില്‍ മുംബൈയും പഞ്ചാബ് കിങ്‌സും (അന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്) തമ്മില്‍ മുംബൈയിലെ വാംഖഡെയിലായിരുന്നു മല്‍സരം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ചു വിക്കറ്റിനു 177 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ താരവുമായ ജോര്‍ജ് ബെയ്‌ലി നേടിയ 61 റണ്‍സാണ് ടീമിനു കരുത്തായത്.
മറുപടിയില്‍ ഉജ്ജ്വല ബൗളിങിലുടെ മുംബൈയെ പഞ്ചാബ് വരിഞ്ഞുകെട്ടി. ആറിന് 59 റണ്‍സെന്ന നിലയിലേക്കു അവര്‍ കൂപ്പുകുത്തി. വന്‍ മാര്‍ജിനില്‍ മുംബൈ തോല്‍ക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ച നിമിഷം. പക്ഷെ പിന്നീടാണ് ഭാജിയും സുചിത്തും അവിസ്മരണീയ കൂട്ടുകെട്ടുമായി മുംബൈയെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നത്. ഭാജി 24 ബോളില്‍ 64 റണ്‍സുമായി കസറി. ആറു സിക്‌സറും അഞ്ചു ബൗണ്ടറികളുമടക്കമായിരുന്നു ഇത്. സുചിത്തിനൊപ്പം 100 റണ്‍സ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷെ ഈ സഖ്യത്തിന് മുംബൈയെ വിജയതീരത്ത് അടുപ്പിക്കാനായില്ല. ഏഴു റണ്‍സകലെ അവര്‍ക്കു കാലിടറുകയായിരുന്നു. കാണികളെ ഹരം കൊള്ളിക്കുന്ന ഇന്നിങ്‌സായിരുന്നു ഭാജി അന്നു കാഴ്ചവച്ചത്.

 രവീന്ദ്ര ജഡേജ- അമ്പാട്ടി റായുഡു (102 റണ്‍സ്)

രവീന്ദ്ര ജഡേജ- അമ്പാട്ടി റായുഡു (102 റണ്‍സ്)

ഈ സീസണിലെ ഐപിഎല്ലിലായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് ജോടികളായ അമ്പാട്ടി റായുഡു- രവീന്ദ്ര ജഡേജ എന്നിവരുടെ തകര്‍പ്പന്‍ കൂട്ടുകെട്ട്. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരേയായിരുന്നു അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 102 റണ്‍സ് നേടിയത്. റാഡുയു വെറും 27 ബോളില്‍ വാരിക്കൂട്ടിയത് 72 റണ്‍സായിരുന്നു. ജഡേജയാവട്ടെ 100 സ്‌ട്രൈക്ക് റേറ്റില്‍ 22 റണ്‍സെടുത്തു. നാലിന് 116 റണ്‍സില്‍ നിന്നും ഈ ജോടി സിഎസ്‌കെയെ നാലിന് 218 റണ്‍സെന്ന വമ്പന്‍ ടോട്ടലിലെത്തിച്ചു. വെറും എട്ടോവറിലായിരുന്നു റായുഡു- ജഡേജ ജോടി 102 റണ്‍സ് നേടിയത്. റാഡുയു ഏഴു സിക്‌സറുകളും നാലു ബൗണ്ടറികളും പായിച്ചു.
മറുപടിയില്‍ ഒരു ഘട്ടത്തില്‍ മുംബൈ പരാജയഭീതിയിലായിരുന്നെങ്കിലും വിന്‍ഡീസ് സൂപ്പര്‍ താരം കരെണ്‍ പൊള്ളാര്‍ഡിന്റെ വണ്‍മാന്‍ ഷോ അവരെ അവിശ്വസനീയ വിജയത്തിലേക്കു നയിച്ചു. പുറത്താവാതെ വെറും 34 ബോളില്‍ 87 റണ്‍സായിരുന്നു പൊള്ളാര്‍ഡ് അടിച്ചുകൂട്ടിയത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും പൊള്ളാര്‍ഡായിരുന്നു.

 ഡേവിഡ് ഹസ്സി- വൃധിമാന്‍ സാഹ (104 റണ്‍സ്)

ഡേവിഡ് ഹസ്സി- വൃധിമാന്‍ സാഹ (104 റണ്‍സ്)

2008ലെ പ്രഥമ ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിങ്‌സിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് ഹസ്സിയും വൃധിമാന്‍ സാഹയും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. മൊഹാലിയില്‍ വച്ചായിരുന്നു കെകെആര്‍- പഞ്ചാബ് പോരാട്ടം. 104 റണ്‍സായിരുന്നു ഹസ്സി-സാഹ സഖ്യം ചേര്‍ന്നെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടലാണ് പടുത്തുയര്‍ത്തിയത്. മറുപടിയില്‍ മലയാളി താരം ശ്രീശാന്തും ഇര്‍ഫാന്‍ പഠാനും ചേര്‍ന്ന് കെകെആര്‍ മുന്‍നിരയെ തകര്‍ത്തു. നാലിന് 29 റണ്‍സെന്ന നിലയില്‍ സൗരവ് ഗാംഗുലിയുടെ ടീം പതറി. 50 റണ്‍സെടുത്ത ലക്ഷ്മിരത്തന്‍ ശുക്ല പൊരുതിയെങ്കിലും അദ്ദേഹം പുറത്തായതോടെ കെകെആര്‍ വീണ്ടും സമ്മര്‍ദ്ദത്തില്‍. ഈ ഘട്ടത്തിലാണ് ഹസ്സിയും സാഹയും ആറാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ചത്. 104 റണ്‍സ് രണ്ടു പേരും കൂടി ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ഹസ്സി 46 ബോളില്‍ 71 റണ്‍സ് അടിച്ചെടുത്തു. നാലു വീതം ബൗണ്ടറികളും സിക്‌സറുമടക്കമായിരുന്നു ഇത്. സാഹ 32 ബോളില്‍ 59 റണ്‍സും സ്‌കോര്‍ ചെയ്തു. പക്ഷെ ഈ കൂട്ടുകെട്ടിന് കെകെആറിനെ വിജയത്തിലെത്തിക്കാനായില്ല. ഒമ്പതു റണ്‍സിന് കെകെആര്‍ തോല്‍വി സമ്മതിക്കുകയും ചെയ്തു.

 വിരാട് കോലി- കെഎല്‍ രാഹുല്‍ (121 റണ്‍സ്)

വിരാട് കോലി- കെഎല്‍ രാഹുല്‍ (121 റണ്‍സ്)

കെഎല്‍ രാഹുലുള്‍പ്പെട്ട മറ്റൊരു വലിയ കൂട്ടുകെട്ടാണിത്. അന്നു പക്ഷെ അദ്ദേഹം വിരാട് കോലി ക്യാപ്റ്റന്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്നു. 2016ലെ ഐപിഎല്ലിലായിരുന്നു കോലിയും രാഹുലും ചേര്‍ന്നുള്ള സൂപ്പര്‍ കൂട്ടുകെട്ട്. ഗുജറാത്ത് ലയണ്‍സും ആര്‍സിബിയും തമ്മിലായിരുന്നു ഈ മല്‍സരം. കോലി ഓപ്പണറായാണ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്.
ഒരു ഘട്ടത്തില്‍ ആര്‍സിബി രണ്ടിന് 59 റണ്‍സെന്ന നിലയിലായിരുന്നു. ഷെയ്ന്‍ വാട്‌സന്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. തുടര്‍ന്നായിരുന്നു രാഹുല്‍ കോലിക്കൊപ്പം ചേരുന്നത്. 121 റണ്‍സ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു നേടി. കോലി കരിയറിലെ ആദ്യത്തെ ഐപിഎല്‍ സെഞ്ച്വറിയും തികച്ചു. 63 ബോളില്‍ നിന്നും 11 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. കോലിയോടൊപ്പം (100*) രാഹുലും (35 ബോളില്‍ 51 റണ്‍സ്) പുറത്താവാതെ നില്‍ക്കുകയും ചെയ്തു. നിശ്ചിത ഓവറില്‍ രണ്ടു വിക്കറ്റിന് 180 റണ്‍സാണ് ആര്‍സിബി നേടിയത്. പക്ഷെ ഈ സ്‌കോര്‍ പ്രതിരോധിക്കാന്‍ ആര്‍സിബിക്കായില്ല. ഗുജറാത്ത് മികച്ച ജയം സ്വന്തമാക്കുകയും ചെയ്തു.

 കെഎല്‍ രാഹുല്‍- മായങ്ക് അഗര്‍വാള്‍ (183 റണ്‍സ്)

കെഎല്‍ രാഹുല്‍- മായങ്ക് അഗര്‍വാള്‍ (183 റണ്‍സ്)

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ റെക്കോര്‍ഡ് കൂട്ടുകെട്ടുണ്ടായിട്ടും ടീമിനെ വിജയിപ്പിക്കാനാവാതെ പോയ ജോടികള്‍ കെഎല്‍ രാഹുലും മായങ്ക് അഗര്‍വാളുമാണ്. പഞ്ചാബ് കിങ്‌സിനു വേണ്ടിയായിരുന്നു ഇവരുടെ അവിസ്മരണീയ കൂട്ടുകെട്ട്. 2020ല്‍ യുഎഇയില്‍ നടന്ന ടൂര്‍ണമെന്റില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ക്യാപ്റ്റന്‍ കൂടിയായ രാഹുലും മായങ്കും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ വാരിക്കൂട്ടിയത് 183 റണ്‍സായിരുന്നു. മായങ്ക് കന്നി ഐപിഎല്‍ സെഞ്ച്വറിയും കുറിച്ചിരുന്നു. 50 ബോളില്‍ 106 റണ്‍സാണ് അദ്ദേഹം നേടിയത്. രാഹുല്‍ 53 ബോളില്‍ 69 റണ്‍സും സ്‌കോര്‍ ചെയ്തു. ഇരുവരുടെയും പ്രകടനത്തിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 223 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യമാണ് പഞ്ചാബിനു നല്‍കിയത്.
ഈ സ്‌കോര്‍ പഞ്ചാബിനു ഉറപ്പായും ജയം നേടിക്കൊടുക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ മലയാളി താരം സഞ്ജു സാംസണിന്റെ ചിറകിലേറി രാജസ്ഥാന്‍ ഈ സ്‌കോര്‍ വിജയകരമായി പിന്തുടര്‍ന്നു. നാലു വിക്കറ്റിന്റെ നാടകീയ വിജയമായിരുന്നു രാജസ്ഥാന്‍ നേടിയത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, രാഹുല്‍ തെവാത്തിയ എന്നിവരും മിന്നിയിരുന്നു. പഞ്ചാബ് പേസര്‍ ഷെല്‍ഡണ്‍ കോട്രെലിന്റെ ഒരോവറില്‍ അഞ്ചു സിക്‌സറുകള്‍ പറത്തിയ തെവാത്തിയ ആരാധകരുടെ ഹീറോയായി മാറുകയും ചെയ്തിരുന്നു.

Story first published: Friday, August 20, 2021, 19:46 [IST]
Other articles published on Aug 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+