
ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പേരിലാണ് ബാറ്റിങിലെ ഈ നാണക്കേടിന്റെ ഓള്‍ടൈം ഐപിഎല്‍ റെക്കോര്‍ഡ്. ഏറ്റവുമധികം തവണ 100ന് താഴെ റണ്‍സില്‍ ഓള്‍ഔട്ടായ ടീം അവരാണ്. 10 തവണയാണ് ഡിസിക്കു ഈ ബാറ്റിങ് ദുരന്തന്തെ അഭിമുഖീകരിക്കേണ്ടി വന്നത്. ഇക്കാര്യത്തില്‍ മറ്റൊരു ഫ്രാഞ്ചൈസിയും അവരുടെ അരികില്‍പ്പോലുമില്ല.
കഴിഞ്ഞ കുറച്ചു സീസണുകളിലായി ഡിസി ഒരു ടീമെന്ന നിലയില്‍ വളരെയറെ മുന്നോട്ടു പോയിക്കഴിഞ്ഞു. നേരത്തേ ആരോടും തോല്‍ക്കുന്ന 'തല്ലുകൊള്ളി'കളായിരുന്നു അവര്‍. പക്ഷെ ഇപ്പോള്‍ കിരീടം നേടാന്‍ ശേഷിയുള്ള ടീമുകളുടെ നിരയിലേക്കു അവര്‍ ഉയര്‍ന്നിട്ടുണ്ട്. 2020ല്‍ ചരിത്രത്തിലാദ്യമായി ഡിസി ഫൈനലിലും കളിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഡിസി പ്ലേഓഫിലേക്കു കുതിച്ചത്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തവണ 100നു താഴെ ഓള്‍ഔട്ടായവര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്. ഡിസിയപ്പോലെ ആര്‍സിബിയും ഇനിയും ഐപിഎല്‍ കിരീടം നേടിയിട്ടില്ലാത്ത ടീമാണ്. ആറു തവണയാണ് ആര്‍സിബി 100ല്‍ താഴെ സ്‌കോറിനു പുറത്തായിട്ടുള്ളത്.
മൂന്നു തവണ ഐപിഎല്ലിന്റെ ഫൈനലിലെത്തിയിട്ടും ഒരിക്കല്‍പ്പോലും കപ്പുയര്‍ത്താനുള്ള ഭാഗ്യം അവര്‍ക്കുണ്ടായിട്ടില്ല.

കഴിഞ്ഞ സീസണ്‍ വരെ സൂപ്പര്‍ താരം വിരാട് കോലിയായിരുന്നു അവരെ നയിച്ചത്. പക്ഷെ ടീമിനു കന്നിക്കിരീടം നേടിക്കൊടുക്കാന്‍ സാധിക്കാതെ വന്ന അദ്ദേഹം സീസണിനു ശേഷം സ്ഥാനമൊഴിയുകയും ചെയ്തു. വരാനിരിക്കുന്ന സീസണില്‍ സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും വെറ്ററന്‍ ബാറ്ററുമായ ഫഫ് ഡുപ്ലെസിയാണ് ആര്‍സിബിയെ നയിക്കുന്നത്.

ആര്‍സിബിക്കു ശേഷം രണ്ടു ടീമുകള്‍ കൂടുതല്‍ തവണ 100ല്‍ താഴെ സ്‌കോറിനു കൂടാരത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. അഞ്ചു തവണ ചാംപ്യന്‍മാരായി റെക്കോര്‍ഡിട്ട മുംബൈ ഇന്ത്യന്‍സ് ഇക്കൂട്ടത്തിലുണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. മുംബൈയെക്കൂടാതെ പ്രഥമ സീസണിലെ ജേതാക്കളായ രാജസ്ഥാന്‍ റോല്‍സാണ് ഈ നാണക്കേടുള്ള മറ്റൊരു ടീം.

പ്രഥമ സീസണ്‍ മുതല്‍ ഇതുവരെ നടന്ന എല്ലാ സീസണുകളിലും കളിച്ച ടീം കൂടിയാണ് മുംബൈ. രോഹിത്തിനു കീഴിലാണ് അവര്‍ എല്ലാ കിരീടങ്ങളും നേടിയത്. 2013ലാണ് മുംബൈയുടെ കിരീടവേട്ടയാരംഭിക്കുന്നത്. പിന്നീട് 2020ല്‍ അവര്‍ അഞ്ചാമത്തെ ട്രോഫിയുയര്‍ത്തുകയും ചെയ്തു. റോയല്‍സിന്റെ കാര്യമെടുത്താല്‍ 2008ലെ കന്നി സീസണില്‍ ഓസ്‌ട്രേലിയയുടെ അന്തരിച്ച മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനു കീഴില്‍ അവര്‍ സര്‍പ്രൈസ് ചാംപ്യന്‍മാരായിരുന്നു. അതിനു ശേഷം ഒരിക്കല്‍പ്പോലും ഇതാവര്‍ത്തിക്കാന്‍ അവര്‍ക്കായിട്ടില്ല. മലയാളി താരം സഞ്ജു സാംസണാണ് പുതിയ സീസണില്‍ റോയല്‍സിനെ നയിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഏഴാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ അവര്‍ക്കായിരുന്നുള്ളൂ.

പഞ്ചാബ് കിങ്‌സാണ് കൂടുതല്‍ തവണ 100ല്‍ താഴെ റണ്‍സിനു പുറത്തായ മറ്റൊരു ടീം. പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും ഇതുവരെ കിരീടം നേടാന്‍ സാധിക്കാതിരുന്ന പഞ്ചാബിനു മൂന്നു തവണയാണ് ബാറ്റിങില്‍ ഈ നാണക്കേട് നേരിട്ടത്. കഴിഞ്ഞ സീസണുകളില്‍ പ്ലേഓഫില്‍ പോലുമെത്താതെ പുറത്തായ ടീമാണ് അവര്‍. വരാനിരിക്കുന്ന സീസണില്‍ പുതിയ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനു കീഴില്‍ ശക്തമായ തിരിച്ചുവരവിന് അവര്‍ തയ്യാറെടുക്കുകയാണ്.

കഴിഞ്ഞ രണ്ടു സീസണുകളിലും കെഎല്‍ രാഹുലായിരുന്നു പഞ്ചാബ് ക്യാപ്റ്റന്‍. പക്ഷെ സീസണിനു ശേഷം അദ്ദേഹം ടീം വിട്ടതോടെ മായങ്കിനെ ചുമതലയേല്‍പ്പിക്കുകയായിരുന്നു.
പഞ്ചാബിനു പിന്നില്‍ കൂടുതല്‍ തവണ 100ല്‍ താഴെ സ്‌കോറിനു പുറത്തായത് രണ്ടു തവണ ചാംപ്യന്‍മാരായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ്. രണ്ടു തവണയാണ് അവര്‍ക്കു ഈ തിരിച്ചടി നേരിട്ടത്. കഴിഞ്ഞ സീസണിലെ റണ്ണറപ്പുകള്‍ കൂടിയായ കെകെആറിനെ പുതുതായെത്തിയ ശ്രേയസ് അയ്യരാണ് പുതിയ സീസണില്‍ നയിക്കുന്നത്.

ഐപിഎല്ലില്‍ ഏറ്റവും കുറച്ചു തവണ 100ന് താഴെ റണ്‍സിനു ഓള്‍ഔട്ടായ ടീമുകള്‍ രണ്ടു പേരാണ്. ഒന്ന് നിലവിലെ ചാംപ്യന്‍മാരും നാലു തവണ ജേതാക്കളുമായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. മറ്റൊരു ടീം ഒരു തവണ വിജയികളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ്. ഈ രണ്ടു ടീമുകളും ടൂര്‍ണമെന്റില്‍ ഒരിക്കല്‍ മാത്രമേ 100 റണ്‍സ് പോലും തികയ്ക്കാതെ ഓള്‍ഔട്ടായിട്ടുള്ളൂ.


Click it and Unblock the Notifications