ഐപിഎല്‍ റദ്ദാക്കും!! ആ തിയ്യതിക്കു തുടങ്ങാനായില്ലെങ്കില്‍... വെളിപ്പെടുത്തി ഒഫീഷ്യല്‍
മുംബൈ: കൊറോണ ഭീതിയെ തുടര്‍ന്ന് ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത് വൈകിയതിന്റെ നിരാശയിലാണ് ക്രിക്കറ്റ് പ്രേമികള്‍. മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ പൂരത്തിന് കൊടിയേറേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ വൈറസ് വ്യാപിച്ചു കൊണ്ടിരിക്കെ ഐപിഎല്‍ നീട്ടി വയ്ക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയായിരുന്നു.
ഏപ്രില്‍ 15ലേക്കാണ് പുതിയ സീസണ്‍ മാറ്റി വച്ചിരിക്കുന്നത്. എന്നാല്‍ ഏപ്രില്‍ 15നും സീസണ്‍ തുടങ്ങാവുമോയെന്ന കാര്യം ഉറപ്പില്ല. ഡെഡ് ലൈനിനുള്ളില്‍ ആരംഭിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇത്തവണ ഐപിഎല്‍ റദ്ദാക്കി വേണ്ടി വരുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഐപിഎല്‍ ഒഫീഷ്യല്‍.

ഏപ്രില്‍ 20നാണ് ഐപിഎല്ലിന്റെ ഡെഡ്‌ലൈന്‍. അതിന് അപ്പുറത്തേക്കു ടൂര്‍ണമെന്റ് നീട്ടി വയ്ക്കുകയെന്നത് പ്രായോഗികമല്ല. ഏപ്രില്‍ 20നും ആരംഭിക്കാന്‍ സാധിച്ചില്ലെങ്കില്‍ ചരിത്രത്തില്‍ ആദ്യമായി ഐപിഎല്‍ ഉപേക്ഷിക്കേണ്ടി വരുമെന്നാണ് ഒഫീഷ്യല്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഐപിഎല്‍ ഏപ്രില്‍ 15ലേക്കു നീട്ടിയതോടെ മല്‍സരങ്ങളൊക്കെ പുനര്‍ ക്രമീകരിക്കേണ്ടിവരും.
ഏപ്രിലില്‍ ടൂര്‍ണമെന്റ് ആരംഭിക്കാനാവുമോയെന്ന കാര്യം ഏപ്രില്‍ 10ഓടെ തന്നെ തീരുമാനമാവും. ഏപ്രില്‍ 20ന് ഐപിഎല്‍ തുടങ്ങിയില്ലെങ്കില്‍ പിന്നെ അടുത്ത വര്‍ഷം മാത്രമേ ടൂര്‍ണമെന്റ് നടക്കുയെന്ന് ഒഫീഷ്യല്‍ വ്യക്തമാക്കി.

ഏപ്രില്‍ 21 മുതല്‍ മെയ് 31 വരെ ആറാഴ്ചയാണുള്ളത്. 60 മല്‍സരങ്ങള്‍ നടത്താന്‍ ഇത്രയും സമയം മതിയാവും. എന്നാല്‍ മിക്ക ദിവസങ്ങളിലും രണ്ടു മല്‍സരങ്ങള്‍ വീതമുണ്ടായാല്‍ മാത്രമേ ഇത് നടക്കൂ.
ഐപിഎല്‍ ഈ വര്‍ഷം നടത്താന്‍ കഴിയുമോയെന്നത് ഏപ്രില്‍ ആദ്യ വാരം അറിയാം. കൊറോണ വൈറസ് ബാധിതരുടെ എണ്ണം അപ്പോഴേക്കും വര്‍ധിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലാവുമെന്നും ഒഫീഷ്യല്‍ ചൂണ്ടിക്കാട്ടി.

ഈ വര്‍ഷം ഐപിഎല്‍ ഉണ്ടാവുമോയെന്ന കാര്യം ബിസിസിഐയില്‍ ആര്‍ക്കും ഉറപ്പില്ലെന്നു ഒഫീഷ്യല്‍ പററയുന്നു. ഐപിഎല്‍ നീട്ടിയ ശേഷം അധികൃതര്‍ പല ഫ്രാഞ്ചൈസികളുടെ ഉടമകളുമായും ബന്ധപ്പെട്ടിരുന്നു. വിദേശ താരങ്ങള്‍ ടീമിനൊപ്പം ചേരാതെ ഐപിഎല്‍ ആരംഭിക്കുന്നതിനോട് എതിര്‍പ്പുണ്ടെന്നാണ് അവര്‍ അറിയിച്ചതെന്ന് ഒഫീഷ്യല്‍ വെളിപ്പെടുത്തി.

വിദേശ താരങ്ങള്‍ മാത്രമല്ല പല ടീമുകളുടെയു പരിശീലകരും മറ്റു കോച്ചിങ് സ്റ്റാഫുമാരുമെല്ലാം വിദേശികളാണ്. കൊറോണ ബാധയെ തുടര്‍ന്ന് വിസ പ്രശ്‌നങ്ങളുള്ളതിനാല്‍ ഇവരില്‍ പലര്‍ക്കും ഇന്ത്യയിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ എങ്ങനെ ടീമുകള്‍ക്കു പുതിയ സീസണില്‍ ഇറങ്ങാന്‍ സാധിക്കുമെന്നതാണ് ഫ്രാഞ്ചൈസികളുടെ ആശങ്ക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications