
2008ലെ പ്രഥമ സീസണ്‍ മുതല്‍ കോലി ആര്‍സിബിക്കൊപ്പമുണ്ട്. കഴിഞ്ഞ സീസണ്‍ വരെ ടീമിനെ നയിച്ച അദ്ദേഹം വരാനിരിക്കുന്ന സീസണില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററുളെ റോളിലായിരിക്കും കളിക്കുക. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച മച്ച് വിന്നര്‍മാരില്‍ ഒരാളായാണ് അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിര്‍ണായക ഘട്ടങ്ങളില്‍ പല തവണ മികച്ച ഇന്നിങ്‌സുകളുമായി ആര്‍സിബിയുടെ ഹീറോയായിട്ടുള്ള താരം കൂടിയാണ് കോലി. എന്നാല്‍ ചില നിര്‍ണായക മല്‍സരങ്ങളില്‍ കോലി ബാറ്റിങില്‍ ഫ്‌ളോപ്പായിട്ടുമുണ്ട്. അവ ഏതൊക്കെയാണെന്നറിയാം.

ഏഴു റണ്‍സ് (ഡെക്കാന്‍ ചാര്‍ജേഴ്‌സ്, 2009ലെ ഫൈനല്‍)
ഐപിഎല്ലിന്റെ രണ്ടാം സീസണായ 2009ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് കന്നിക്കിരീടത്തിനു അരികില്‍ വരെയെത്തിയിരുന്നു. അന്നു ഫൈനലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനോടു അവര്‍ തോല്‍ക്കുകയായിരുന്നു. വിരാട് കോലി അന്നു അത്ര മികവ് തെളിയിച്ച താരമായിരുന്നില്ല. താരത്തിന്റെ കരിയറിന്റെ തുടക്കകാലമായിരു്ന്നു അത്. ആര്‍സിബി ടീം മാനേജ്‌മെന്റ് വലിയ പിന്തുണയായിരുന്നു കോലിക്കു നല്‍കിയിരുന്നത്.
2009ലെ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഡെക്കാന്‍ 144 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ആര്‍സിബിക്കു നല്‍കിയത്. മോശമല്ലാത്ത തുടക്കമായിരുന്നു ആര്‍സിബിയുടേത്. റോസ് ടെയ്‌ലറും റോള്‍ഫ് വാന്‍ഡര്‍ മെര്‍വും കൂടി 59 റണ്‍സ് നേടിയിരുന്നു. പക്ഷെ ടീമിലെ ഏതെങ്കിലുമൊരു താരത്തില്‍ നിന്നും വലിയ ഇന്നിങ്‌സ് ആര്‍സിബിക്കു ആവശ്യമായിരുന്നു. പക്ഷെ ആരില്‍ നിന്നും ഇതു ലഭിച്ചില്ല. എട്ടു ബോളുകളില്‍ നിന്നും ഏഴു റണ്‍സ് മാത്രമാണ് കോലി നേടിയത്. ആറാം നമ്പറില്‍ ബാറ്റ് ചെയ്ത അദ്ദേഹം ആന്‍ഡ്രു സൈമണ്ട്‌സിന്റെ ബൗളിങില്‍ പുറത്താവുകയായിരുന്നു.

പൂജ്യം (ഗുജറാത്ത് ലയണ്‍സ്, 2016ലെ പ്ലേഓഫ്)
2016ലെ ഐപിഎല്‍ വിരാട് കോലിയുടെ ഏറ്റവും മികച്ചതായിരുന്നു. ഈ സീസണില്‍ 973 റണ്‍സായിരുന്നു അദ്ദേഹം വാരിക്കൂട്ടിയത്. ഇത് ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണ്. അതിനു മുമ്പോ, ശേഷമോ മറ്റൊരു താരവും ഒരു സീസണില്‍ ഇത്രയുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടില്ല.
പക്ഷെ ടീമിനു കോലിയുടെ സംഭാവന ഏറ്റവും ആവശ്യമായിരുന്ന മല്‍സരത്തില്‍ അദ്ദേഹം നിരാശപ്പെടുത്തി. ഗുജറാത്ത് ലയണ്‍സുമായുള്ള ക്വാളിയര്‍ വണ്‍ പോരാട്ടത്തിലായിരുന്നു ഇത്. ധവാല്‍ കുല്‍ക്കര്‍ണിയുടെ ഓവറില്‍ നേരിട്ട രണ്ടാമത്തെ ബോളില്‍ തന്നെ അദ്ദേഹം പൂജ്യത്തിനു പുറത്താവുകയായിരുന്നു. എങ്കിലും കളിയില്‍ ജയിക്കാന്‍ ആര്‍സിബിക്കു സാധിച്ചു. സൗത്താഫ്രിക്കയുടെ ഇതിഹാസ താരമായ എബി ഡിവില്ലിയേഴ്‌സിന്റെ ഫിഫ്റ്റിയാണ് അന്നു ടീമിനു വിജയം നേടിക്കൊടുത്തത്.

6 റണ്‍സ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, 2020ലെ എലിമിനേറ്റര്‍)
2020ലെ ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ യോഗ്യത നേടിയിരുന്നു. എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദായിരുന്നു അവരുടെ എതിരാളികള്‍. തോറ്റാല്‍ പുറത്താവുന്ന ഈ മല്‍സരത്തില്‍ നായകന്‍ കൂടിയായ വിരാട് കോലിയില്‍ നിന്നും വലിയൊരു ഇന്നിങ്‌സ് ആരാധകരും ടീം മാനേജ്‌മെന്റും പ്രതീക്ഷിച്ചിരുന്നു. പക്ഷെ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തി. ഏഴു ബോളില്‍ നിന്ന് ആറു റണ്‍സ് മാത്രമെടുത്ത് കോലി ക്രീസ് വിടുകയായിരുന്നു.
ദേവ്ദത്ത് പടിക്കലും കോലിയും ചേര്‍ന്നായിരുന്നു ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. പക്ഷെ ടീം സ്‌കോര്‍ 15 ആവുമ്പോഴേക്കും രണ്ടു പേരും കൂടാരത്തില്‍ തിരിച്ചെത്തി. ജാസണ്‍ ഹോള്‍ഡറുടെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ക്കു കോലി ക്യാച്ച് നല്‍കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്കു ഏഴു വിക്കറ്റിനു 131 റണ്‍സാണ് നേടാനായത്. ആറു വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ ഹൈദരാബാദ് ഇതു അനായാസം ചേസ് ചെയ്തു ജയിക്കുകയുമായിരുന്നു.


Click it and Unblock the Notifications











