IPL: മുംബൈയ്ക്കു തുല്യം മുംബൈ മാത്രം, ഈ റെക്കോര്‍ഡുകള്‍ ആരും മോഹിക്കേണ്ട!
ഐപിഎല്ലിന്റെ 13 വര്‍ഷത്തെ ചരിത്രമെടുത്താല്‍ മുംബൈ ഇന്ത്യന്‍സിനെ വെല്ലാന്‍ മറ്റൊരു ഫ്രാഞ്ചൈസി ഇല്ലെന്നു തന്നെ പറയാം. അഞ്ചു ഐപിഎല്‍ ട്രോഫികള്‍ ഇത് അടിവരയിടുകയും ചെയ്യുകയാണ്. തുടക്കകാലത്ത് ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സാന്നിധ്യം കൊണ്ടായിരുന്നു മുംബൈ ടീം ആരാധകര്‍ക്കു പ്രിയങ്കരരായി തീര്‍ന്നത്. എന്നാലിപ്പോള്‍ കളിമികവ് കൊണ്ട് അവര്‍ കൂടുതല്‍ ആരാധകരെ സൃഷ്ടിച്ചെടുത്തിരിക്കുകയാണ്.
മുംബൈയുടെ അഞ്ചു ഐപിഎല്‍ ട്രോഫികളും നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു കീഴിലാണെന്നു കാണാം. തുടര്‍ച്ചയായി രണ്ടു വട്ടം ജേതാക്കളായ അവര്‍ക്കു ഈ സീസണിലും ഇതാവര്‍ത്തിക്കാനായാല്‍ ഹാട്രിക് കിരീടമെന്ന മറ്റൊരു റെക്കോര്‍ഡ് കൂടി തങ്ങളുടെ പേരിലാക്കാം. ഐപിഎല്ലില്‍ മുംബൈയുടെ പേരിലുള്ള, മറ്റാര്‍ക്കും തകര്‍ക്കാനായിട്ടില്ലാത്ത ചില വമ്പന്‍ റെക്കോര്‍ഡുകള്‍ ഏതൊക്കെയാണന്നു പരിശോധിക്കാം.

ഏറ്റവും വലിയ വിജയമാര്‍ജിന്‍
ഐപിഎല്ലിലെ ഏറ്റവും വലിയ മാര്‍ജിനിലുള്ള വിജയമെന്ന റെക്കോര്‍ഡ് മുംബൈയ്ക്കു അവകാശപ്പെട്ടതാണ്. 2017ലെ സീസണിലായിരുന്നു മുംബൈയുടെ ഈ ഏകപക്ഷീയ വിജയം. അന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ മുംബൈ കെട്ടുകെട്ടിച്ചത് 146 റണ്‍സിനായിരുന്നു.
ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ മുംബൈയ്ക്കായിരുന്നു ആദ്യം ബാറ്റിങ്. 43 ബോളില്‍ നിന്നും 66 റണ്‍സെടുത്ത ലെന്‍ഡ്ല്‍ സിമ്മണ്‍സിന്റെ ഇന്നിങ്‌സിന്റെ കരുത്തില്‍ മുംബൈ 212 റണ്‍സ് അടിച്ചെടുത്തു.
മറുപടിയില്‍ ഡല്‍ഹിക്കു പൊരുതാന്‍ പോലുമായില്ല. 14 ഓവറില്‍ വെറും 66 റണ്‍സിന് അവര്‍ കൂടാരം കയറുകയും ചെയ്തു. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത ഹര്‍ഭജന്‍ സിങും കാണ്‍ ശര്‍മയും ചേര്‍ന്നായിരുന്നു ഡിസിയെ തകര്‍ത്തത്. ഈ വിജയത്തോടെ മുംബൈ പ്ലേഓഫിലേക്കു യോഗ്യത നേടിയ ആദ്യത്തെ ടീമുമായി മാറിയിരുന്നു.

ഏറ്റവും മികച്ച ബൗളിങ് പ്രകടനം
ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോര്‍ഡ് മുബൈയുടെ മുന്‍ പേസറും വെസ്റ്റ് ഇന്‍ഡീസ് താരവുമായ അല്‍സാറി ജോസഫിന്റെ പേരിലാണ്. 2019ലായിരുന്നു ജോസഫിന്റെ മാസ്മരിക ബൗളിങ് പ്രകടനം. സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുംബൈയും തമ്മില്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലായിരുന്നു മല്‍സരം.
ആദ്യം ബാറ്റ് ചെയ്ത മുംബൈയെ എസ്ആര്‍എച്ച് ഏഴു വിക്കറ്റിന് 136 റണ്‍സിലൊതുക്കുകയായിരുന്നു. എന്നാല്‍ മറുപടിയില്‍ മുംബൈയുടെ മറുപടി ഇതിനേക്കാള്‍ ഭീകരമായിരുന്നു. ലസിത് മലിങ്കയ്ക്കു പകരം കളിച്ച ജോസഫ് അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ എസ്ആര്‍എച്ചിനെ വാരിക്കളയുകയായിരുന്നു. 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു പേരെയാണ് താരം പുറത്താക്കിയത്. ഇതോടെ എസ്ആര്‍എച്ച് വെറും 96 റണ്‍സിനു പുറത്താവുകയും ചെയ്തു.
11 വര്‍ഷം ഇളകാതെ നിന്ന ഐപിഎല്ലിലെ ബൗളിങ് റെക്കോര്‍ഡ് ജോസഫ് ഈ മല്‍സരത്തില്‍ തിരുത്തുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ പാകിസ്താന്‍ പേസര്‍ സൊഹൈല്‍ തന്‍വീര്‍ 14 റണ്‍സിന് ആറു വിക്കറ്റെടുത്തതായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. ഇതാണ് ജോസഫ് പഴങ്കഥയാക്കിയത്.

അതിവേഗ റണ്‍ചേസ്
ഐപിഎല്ലില്‍ അതിവേഗം റണ്‍ചേസ് നടത്തി ജയിച്ച ടീമെന്ന റെക്കോര്‍ഡ് മുംബൈയ്ക്കു സ്വന്തമാണ്. 2008ലെ പ്രഥമ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയായിരുന്നു മുംബൈയുടെ മിന്നല്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത കെകെആറിനെ മുംബൈ അന്നു വെറും 67 റണ്‍സില്‍ എറിഞ്ഞൊതുക്കി. ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ പേസര്‍ 12 റണ്‍സിനു മൂന്നു വിക്കറ്റുകളെടുത്തു.
മറുപടിയില്‍ മുംബൈയ്ക്കു വിജയത്തിലെത്താല്‍ വെറും 5.3 ഓവറുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. 87 ബോളുകള്‍ ബാക്കിനില്‍ക്കെയായിരുന്നു മുംബൈയുടെ വിജയം. അതും പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ അവര്‍ക്കു ജയിക്കാന്‍ കഴിഞ്ഞുവെന്നതാണ് മറ്റൊരു പ്രത്യേകത.

10 വര്‍ഷം ചെപ്പോക്കില്‍ അപരാജിതര്‍
മുംബൈ- ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടങ്ങള്‍ ഐപിഎല്ലിലെ എല്‍ക്ലാസിക്കോയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. സിഎസ്‌കെയ്‌ക്കെതിരേ മികച്ച റെക്കോര്‍ഡാണ് മുംബൈയ്ക്കുള്ളത്. അവരുടെ ഹോംഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ തുടര്‍ച്ചയായി 10 വര്‍ഷം മുംബൈ തോല്‍വിയറിഞ്ഞിട്ടില്ല. 2011 മുതല്‍ 2021 വരെയായിരുന്നു ഇത്.
2010ലായിരുന്നു ചെപ്പോക്കില്‍ അവസാനമായി മുംബൈയെ സിഎസ്‌കെ കീഴടക്കിയത്. തുടര്‍ന്നുള്ള മല്‍സരങ്ങളിലെല്ലാം സ്വന്തം കാണികള്‍ക്കു മുന്നില്‍ ധോണിപ്പട മുംബൈയ്ക്കു മുന്നില്‍ മുട്ടുമടക്കിയിരുന്നു.

കൂടുതല്‍ ഐപിഎല്‍ ട്രോഫികള്‍
ഐപിഎല്ലില്‍ ഏറ്റവുമധികം തവണ ചാംപ്യന്മാരായ ഏക ടീമെന്ന റെക്കോര്‍ഡും മുംബൈയുടെ പക്കല്‍ ഭദ്രമാണ്. 2013ല്‍ രോഹിത് ശര്‍മ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വന്നതോടെയാണ് മുംബൈ ഐപിഎല്ലിലെ രാജാക്കന്‍മാരായി മാറിയത്. അതിനു മുമ്പ് ഒരു കിരീടം പോലുമില്ലാതിരുന്ന മുംബൈ പിന്നീട് വാരിക്കൂട്ടിയത് അഞ്ചു ട്രോഫികളാണ്.
മൂന്നു കിരീടങ്ങളുമായി ചെന്നൈ സൂപ്പര്‍ കിങ്‌സാണ് മുംബൈയ്ക്കു പിറകില്‍ രണ്ടാംസ്ഥാനത്ത്. ക്യാപ്റ്റന്‍ എംഎസ് ധോണിയടക്കം പല സീനിയര്‍ താരങ്ങളും വിരമിക്കാനിരിക്കുന്നതിനാല്‍ സിഎസ്‌കെയ്ക്കു മുംബൈയെ കിരീടവേട്ടയില്‍ മറികടക്കാന്‍ കഴിയുമോയെന്ന കാര്യം സംശയമാണ്. എന്നാല്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്ന മുംബൈ ഇനിയൊരു ട്രോഫി കൂടി വൈകാതെ നേടിയാല്‍ അദ്ഭുതപ്പെടാാനില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications