
ഹോം ഫ്രാഞ്ചൈസിയായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഐപിഎല്ലില്‍ തുടങ്ങിയത്. പക്ഷെ വേണ്ടത്ര അവസരം ലഭിക്കാതെ രാഹുല്‍ ഒഴിവാക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് പഞ്ചാബിലേക്കു വന്നതോടെയാണ് അദ്ദേഹത്തിന്റെ സമയം തെളിഞ്ഞത്. ആര്‍സിബിയുടെ ഭാഗമായിരുന്നപ്പോള്‍ തന്റെ രണ്ടു ടീമംഗങ്ങളെ വിലക്കണമെന്നു രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. എന്തായിരുന്നു ഇതിനു പിന്നിലെ കാരണമെന്നറിയാം.

2013ലാണ് കെആല്‍ രാഹുല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമായത്.അടുത്ത രണ്ടു സീസണുകളില്‍ അദ്ദേഹം ഒരു കോടി രൂപയ്ക്കു സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്കു മാറി. 2016ല്‍ പഴയ തട്ടകമായ ആര്‍സിബിയിലേക്കു രാഹുല്‍ തിരിച്ചുവരികയും സീസണില്‍ ടീമിന്റെ മൂന്നാമത്തെ ഉയര്‍ന്ന റണ്‍ സ്‌കോററാവുകയും ചെയ്തു. 14 മല്‍സരങ്ങളില്‍ നിന്നും 397 റണ്‍സായിരുന്നു സമ്പാദ്യം. പക്ഷെ സീസണിനു ശേഷം അദ്ദേഹത്തെ ആര്‍സിബി ഒഴിവാക്കുകയായിരുന്നു.

പരിക്കുകാരണം 2017ലെ ഐപിഎല്‍ നഷ്ടമായ രാഹുല്‍ 2018ല്‍ പഞ്ചാബിനൊപ്പം തിരിച്ചുവരികയായിരുന്നു. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞുനോക്കണ്ടി വന്നിട്ടില്ല. വിരാട് കോലിയും എബിഡിയും ആര്‍സിബിയില്‍ വന്‍ വിജയമായി മാറിയപ്പോള്‍ രാഹുലിന് ഇതു സാധിച്ചില്ല. കോലി വരാനിരിക്കുന്ന സീസണിലും ആര്‍സിബിയില്‍ തന്നെ തുടരുമ്പോള്‍ എബിഡി കഴിഞ്ഞ സീസണോടെ വിരമിച്ചിരുന്നു.

2020ല്‍ ഐപിഎല്‍ സീസണിനിടെയായിരുന്നു റോയല്‍ ചാലഞ്ചേഴ്‌സിലെ തന്റെ മുന്‍ സഹതാരങ്ങളായ വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് എന്നിവരെ വിലക്കണമെന്നു തമാശരൂപേണ കെഎല്‍ കെഎല്‍ രാഹുല്‍ ആവശ്യപ്പെട്ടത്. ഇന്‍സ്റ്റഗ്രാമില്‍ കോലിയുമായി സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നിങ്ങളെയും എബിഡിയെയും അടുത്ത വര്‍ഷത്തെ ടൂര്‍ണമെന്റില്‍ നിന്നും വിലക്കണമെന്നു ഐപിഎല്ലിനോടു ആവശ്യപ്പെടണമെന്നു ഞാന്‍ കരുതുകയാണ്. ഒരിക്കല്‍ നിങ്ങളൊരു നിശ്ചിത റണ്‍സ് നേടിക്കഴിഞ്ഞാല്‍ ഇനി മതിയെന്നു ആളുകള്‍ പറയണം. നിങ്ങള്‍ 5000 റണ്‍സ് നേടിക്കഴിഞ്ഞാല്‍ അതു മതി, ഇനി നിങ്ങല്‍ മറ്റുള്ളവരെയും ഇതു സാധിച്ചെടുക്കാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നായിരുന്നു രാഹുല്‍ തമാശയായി കോലിയോടു പറഞ്ഞത്.

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഓള്‍ടൈം റണ്‍വേട്ടക്കാരന്‍ കൂടിയാണ് വിരാട് കോലി. 207 മല്‍സരങ്ങളില്‍ നിന്നായി 6000ന് മുകളില്‍ റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു. അഞ്ചു സെഞ്ച്വറികളും 42 ഫിഫ്റ്റികളുമടക്കം 6283 റണ്‍സാണ് കോലിിയുടെ പേരിലുള്ളത്. എബി ഡിവില്ലിയേഴ്‌സിന്റെ കാര്യമെടുത്താല്‍ 5162 റണ്‍സുമായാണ് അദ്ദഹം കരിയര്‍ അവസാനിപ്പിച്ചത്. 151.68 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റ് താരത്തിനുണ്ടായിരുന്നു. മൂന്നു സെഞ്ച്വറികളും 40 ഫിഫ്റ്റികളും എബിഡി നേടുകയും ചെയ്തു.

കെഎല്‍ രാഹുല്‍ 2018 മുതല്‍ ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ഓപ്പണറെന്നാണ് വിലയിരുത്തപ്പെടുന്നത്. 94 മല്‍സരങ്ങളില്‍ നിന്നും 3273 റണ്‍സാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. രണ്ടു സെഞ്ച്വറികളും 27 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. 2018ല്‍ പഞ്ചാബിലെത്തിയ ശേഷം കളിച്ച നാലു സീസണുകളിലും 550ന് മുകളില്‍ രാഹുല്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഒരു സീസണില്‍ മാത്രമാണ് 600ന് മുകളില്‍ നേടാന്‍ കഴിയാതെ പോയത്. 659, 593, 670, 626 എന്നിങ്ങനെയാണ് നാലു സീസണുകളില്‍ അദ്ദേഹത്തിന്റെ സ്‌കോറുകള്‍.


Click it and Unblock the Notifications











