
കെ ഗൗതം
ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതം മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനുമൊപ്പം ഐപിഎല്‍ കിരീടവിജയത്തില്‍ പങ്കാളിയാവാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ള ചുരുക്കം താരങ്ങളിലൊരാളാണ്. പക്ഷെ അദ്ഭുതമെന്നു പറയട്ടെ രണ്ടു ടീമുകള്‍ക്കു വേണ്ടിയും ഒരു മല്‍സരം പോലും ഗൗതം കളിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷമാണ് സിഎസ്‌കെയ്‌ക്കൊപ്പം താരം കിരീടവിജയം ആഘോഷിച്ചത്. 2017ല്‍ ഗൗതം മുംബൈ ടീമിന്റെയും ഭാഗമായിരുന്നു. ഈ സീസണില്‍ മുംബൈ ജേതാക്കളാവുകയും ചെയ്തു. സീസണിനു ശേഷം ഒഴിവാക്കപ്പെട്ട ഗൗതം രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തി. റോയല്‍സിനൊപ്പമാണ് താരം ഐപിഎല്ലില്‍ അരങ്ങേറിയത്.

നിക്കോളാസ് പൂരന്‍
വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ നിക്കോളാസ് പൂരനും നേരത്തേ മുംബൈ ഇന്ത്യന്‍സ് ടീമിലുണ്ടായിരുന്നു. കെ ഗൗതമിനെപ്പോലെ മുംബൈയ്‌ക്കൊപ്പം കിരീടവിജയം ആഘോഷിച്ച ശോഷമാണ് പൂരനും ഐപിഎല്ലില്‍ അരങ്ങേറിയത്. 2017ലെ ഐപിഎല്ലിലായിരുന്നു അദ്ദേഹം മുംബൈ ടീമിലുണ്ടായിരുന്നത്.
സീസണിനു ശേഷം ഒഴിവാക്കപ്പെട്ട പൂരനു പക്ഷെ 2018ല്‍ കളിക്കാനായില്ല. 2019ല്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായതോടയാണ് അദ്ദേഹം ടൂര്‍ണമെന്റില്‍ അരങ്ങേറിയത്. കഴിഞ്ഞ സീസണ്‍ വരെ പൂരന്‍ പഞ്ചാബിനൊപ്പമുണ്ടായിരുന്നു. എന്നാ മെഗാ ലേലത്തിനു മുമ്പ് അദ്ദേഹത്തെ ഫ്രാഞ്ചൈസി ഒഴിവാക്കിയിരിക്കുകയാണ്.

ജോഷ് ഹേസല്‍വുഡ്
ഓസ്‌ട്രേലിയയുടെ പ്രമുഖ ഫാസ്റ്റ് ബൗളര്‍ ജോഷ് ഹേസല്‍വുഡ് 2014ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുണ്ടായിരുന്നു. പക്ഷെ സീസണില്‍ ഒരിക്കല്‍പ്പോലും അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ മുംബൈ തയ്യാറായില്ല. 2015ലും ഹേസല്‍വുഡിനെ മുംബൈ നിലനിര്‍ത്തിയിരുന്നു. പക്ഷെ ജോലിഭാരം ചൂണ്ടിക്കാട്ടി അദ്ദേഹം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുകയായിരുന്നു.
നിലവില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ് ഹേസല്‍വുഡ്. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നാലാം കിരീടത്തിലേക്കു നയിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. കൂടാതെ ഐപിഎല്ലിനു പിന്നാലെ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ കിരീടവിജയത്തിലും ഹേസല്‍വുഡ് ചുക്കാന്‍പിടിച്ചു.

അക്ഷര്‍ പട്ടേല്‍
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലും ഒരു കാലത്ത് മുംബൈ ഇന്ത്യന്‍സിന്റെ കൂടാരത്തിലുണ്ടായിരുന്നു. കെ ഗൗതം, നിക്കോളാസ് പൂരന്‍ എന്നിവരെപ്പോലെ തന്നെ മുംബൈ ഇന്ത്യന്‍സിനോടൊപ്പം കിരീടവിജയത്തില്‍ പങ്കാളിയായ ശേഷം ടൂര്‍ണമെന്റില്‍ അരങ്ങേറിയ താരമാണ് അക്ഷറും. 2013ലെ ഐപിഎല്ലിലായിരുന്നു അദ്ദേഹം മുംബൈ ടീമിലുണ്ടായിരുന്നത്. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ മുംബൈ കന്നികിരീടം സ്വന്തമാക്കിയ സീസണ്‍ കൂടിയായിരുന്നു ഇത്.
സീസണിനു ശേഷം ഒഴിവാക്കപ്പെട്ട അക്ഷര്‍ തൊട്ടടുത്ത സീസണില്‍ പഞ്ചാബ് കിങ്‌സിലൂടെ ടൂര്‍ണമെന്റില്‍ അരങ്ങേറ്റ മല്‍സരം കളിക്കുകയായിരുന്നു. ആദ്യ സീസണില്‍ തന്നെ വരവറിയിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. നിലവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ അവിഭാജ്യ ഘടകം കൂടിയാണ് അക്ഷര്‍. പുതിയ സീസണിനു മുന്നോടിയായി ഡിസി നിലനിര്‍ത്തിയവരില്‍ അദ്ദേഹവുമുണ്ട്.

കുല്‍ദീപ് യാദവ്
ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെയും ഐപിഎല്ലിലെ തുടക്കം മുംബൈ ഇന്ത്യന്‍സിനോടൊപ്പമായിരുന്നു. 2012ലായിരുന്നു കുല്‍ദീപ് മുംബൈയ്‌ക്കൊപ്പമുണ്ടായിരുന്നത്. അന്നു 16 വയസ്സ് മാത്രമായിരുന്നു താരത്തിന്റെ പ്രായം. പക്ഷെ ഒരു മല്‍സത്തില്‍പ്പോലും കുല്‍ദീപിനെ കളിപ്പിക്കാന്‍ മുംബൈ തയ്യാറായില്ല.
മുംബൈയ്ക്കായി കളിക്കനായില്ലെങ്കിലും ക്രിക്കറ്ററെന്ന നിലയില്‍ പലതും ടീമിനോടൊപ്പം പഠിക്കാന്‍ കുല്‍ദീപിന് സാധിച്ചു. ഇക്കാര്യം കുല്‍ദീപ് തന്നെ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു അദ്ദേഹം. പക്ഷെ വരുണ്‍ ചക്രവര്‍ത്തിയുടെ വരവോടെ സ്ഥാനം നഷ്ടമായ കുല്‍ദീപ് സൈഡ് ബെഞ്ചിലൊതുങ്ങിയിരുന്നു. മോശം ഫോമും അദ്ദേഹത്തിനു വിനയായി മാറി.


Click it and Unblock the Notifications











