ബാംഗ്ലൂര്‍: ഐ പി എല്‍ താരലേലത്തിന്റെ ആദ്യദിനം താരമായത് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗ്. 14 കോടി രൂപയ്ക്ക് വിജയ് മല്യയുടെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സാണ് യുവരാജിനെ സ്വന്തമാക്കിയത്. എന്നാല്‍ വീരേന്ദര്‍ സേവാഗിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ല. കിംഗ്‌സ ഇലവന്‍ പഞ്ചാബ് 3.2 കോടി രൂപയ്ക്കാണ് വീരുവിനെ വാങ്ങിയത്.
ദിനേശ് കാര്‍ത്തിക്കിനെ 12.5 കോടി രൂപയ്ക്കും കെവിന്‍ പീറ്റേഴ്‌സനെ 9 കോടിക്കും ദില്ലി ഡെയര്‍ ഡെവിള്‍സ് വാങ്ങി. ചെന്നൈ ഓപ്പണിംഗ് ബാറ്റ്‌സ്മാനായിരുന്ന മുരളി വിജയിയെ 5 കോടി കൊടുത്താണ് ദില്ലി ടീം സ്വന്തമാക്കിയത്. ദില്ലി ടീം കഴിഞ്ഞ വര്‍ഷത്തെ ആരെയും നിലനിര്‍ത്തിയിരുന്നില്ല. ചെന്നൈ ടീം ബ്രണ്ടന്‍ മക്കുല്ലം, ഡ്വെയ്ന്‍ സ്മിത്ത്, ഡുപ്ലിസി എന്നിവരെ സ്വന്തമാക്കി.

ചെന്നൈ ക്യാമ്പിലായിരുന്ന മൈക്ക് ഹസി, ബാംഗ്ലൂരിനൊപ്പം ഉണ്ടായിരുന്ന സഹീര്‍ഖാന്‍ എന്നിവരെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് കൂടാരത്തിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കൂടെ ഉണ്ടായിരുന്ന മിച്ചല്‍ ജോണ്‍സന്‍, ഡ്വെയ്ന്‍ സ്മിത്ത്, കാര്‍തിക് എന്നിവരെ മുംബൈയ്ക്ക് നഷ്ടമായി. മിച്ചല്‍ ജോണ്‍സനെ പഞ്ചാബ് ടീമാണ് വാങ്ങിയത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലിയെയും പഞ്ചാബ് സ്വന്തമാക്കി.
ഐ പി എല്‍ ഏഴാം സീസണിലേക്കുള്ള താരലേലം ബാംഗ്ലൂരിലാണ് നടക്കുന്നത്. ബി സി സി ഐ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്റെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മേല്‍ ഒത്തുകളിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് താരലേലം നടക്കുന്നത്. ലേലം വ്യാഴാഴ്ചയും തുടരും.