ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ഇതിഹാസതാരം എംഎസ് ധോണിയുടെ പകരക്കാരനായി സഞ്ജു സാംസണിനെ സ്വന്തമാക്കാനുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെനീക്കം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. സഞ്ജുവിനെ വിട്ടുനല്‍കാന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഡിമാന്റ് ചെന്നൈ തള്ളിയതോടെയാണിത്. അതുകൊണ്ടു തന്നെ വീണ്ടുമൊരു പുതിയ ഓഫറുമായി ചെന്നൈ വീണ്ടും അവരെ സമീപിക്കുമോയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.
നിലവിലെ സാഹചര്യത്തില്‍ ചെന്നൈ ടീമിലേക്കു സഞ്ജു വരാനുള്ള സാധ്യത തീരെ കുറവാണെന്നാണ് ക്രിക്കറ്റ് വിദഗ്ദരും ചൂണ്ടിക്കാണിക്കുന്നത്. അദ്ദേഹത്തെ കൈവിടേണ്ടി വന്നാല്‍ പിന്നെയാര് എന്നതാണ് ചെന്നൈക്കു മുന്നിലുള്ള ചോദ്യം.
എന്നാല്‍ റോളിനു ഏറെ യോജിച്ച മറ്റൊരു മലയാളി ക്രിക്കറ്റര്‍ കൂടിയുണ്ട്. അതു വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ വിഷ്ണു വിനോദാണ്. എന്തുകൊണ്ടു അദ്ദേഹം ചെന്നൈ ടീമിലു നല്ലൊരു ഓപ്ഷനായ മാറുന്നുവെന്നു നോക്കാം.

അപാര ഫോമില്‍
ഇപ്പോള്‍ പുരോഗമിക്കുന്ന കേരളാ ക്രിക്കറ്റ് ലീഗിന്റെ രണ്ടാം എഡിഷനില്‍ തകര്‍പ്പന്‍ പ്രകടനാണ് ഏരീസ് കൊല്ലം സെയിലേഴ്‌സിനായി വിഷ്ണു വിനോദ് നടത്തിക്കൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റ് നാലാം റൗണ്ടിലേക്കു കടന്നപ്പോള്‍ റണ്‍വേട്ടയില്‍ അദ്ദേഹമാണ് തലപ്പത്തുള്ളത്.
45.25 ശരാശരിയില്‍ 212.94 എന്ന അവിശ്വനനീയ സ്‌ട്രൈക്ക് റേറ്റില്‍ വിഷ്ണു വാരിക്കൂട്ടിയത് 181 റണ്‍സാണ്. 18 സിക്‌സറുകളും 10 ഫോറുകളും ഇതിലുള്‍പ്പെടുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവുമധിം സിക്‌സറുകള്‍ നേടിയതും അദ്ദേഹം തന്നെ. ആദ്യ രണ്ടു മല്‍സരങ്ങളില്‍ 0, 1 എന്നിങ്ങനെയാണ് സ്‌കോറുകളെങ്കിലും പിന്നീട് ഗംഭീരമായാണ് വിഷ്ണി തിരിച്ചു വന്നിരിക്കുന്നത്.
മൂന്നാമങ്കത്തില്‍ വെറും 41 ബോളില്‍ അദ്ദേഹം അടിച്ചെടുത്തത് 94 റണ്‍സാണ്. കഴിഞ്ഞ ദിവസം നടന്ന കളിയില്‍ മറ്റൊരു തീപ്പൊരി പ്രകടനം കൂടി വിഷ്ണു കാഴ്ചവച്ചു. 38 ബോളില്‍ താരം വാരിക്കൂട്ടിയത് 86 റണ്‍സാണ്. കളിയിലെ ഹീറോയായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു,
ചെന്നൈക്കു കൂടുതല്‍ എളുപ്പം
രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും സഞ്ജു സാംസണിനെ റാഞ്ചുന്നതിനേക്കാള്‍ സിംപിളായി വിഷ്ണു വിനോദിനെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു തങ്ങളുടെ കൂടാരത്തില്‍ എത്തിക്കാം. നിലവില്‍ പഞ്ചാബ് കിങ്‌സ് ടീമിനൊപ്പമാണ് അദ്ദേഹമുള്ളത്. അടുത്ത സീണിലും വിഷ്ണുവിനെ അവര്‍ നിലനിര്‍ത്താനുള്ള സാധ്യത കുറവാണ്. അതുകൊണ്ടു തന്നെ ട്രേഡ് വിന്‍ഡോയില്‍ വളരെ എളുപ്പം സ്വന്തം കൂടാരത്തിലെത്തിക്കാം.

വിഷ്ണുവിന്റെ നിലവിലെ ഐപിഎല്‍ ശമ്പളം 95 ലക്ഷം രൂപ മാത്രമാണ്. സഞ്ജുവിന്റെ ശമ്പളമാവട്ടെ 18 കോടിയുമാണ്. അതിനാല്‍ ചെന്നൈയ്ക്കു വളരെ തുച്ഛമായ പണം മുടക്കി സഞ്ജുവിന്റെ അതേ ശൈലിയില്‍ ബാറ്റ് വീശുന്ന മികച്ചൊരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി വിഷ്ണുവിനെ സ്വന്തമാക്കാന്‍ കഴിയും.
സഞ്ജുവിനെ കൊണ്ടു വരികയാണെങ്കില്‍ ടോപ്പ് ത്രീയില്‍ തന്നെ അദ്ദേഹത്തിനു ഇടം നല്‍കാന്‍ ചെന്നൈ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരായി മാറും. കാരണം മധ്യനിരയിലോ, ഫിനിഷറുടെ റോളിലോ അദ്ദേഹത്തിനു തിളങ്ങാന്‍ കഴിഞ്ഞേക്കില്ലെന്നു കണക്കുകള്‍ പറയുന്നു. പക്ഷെ വിഷ്ണുവാണെങ്കില്‍ ഇത്തരം തലവേദനകളൊന്നുമില്ല. ഓപ്പണിങ് മുതല്‍ എവിടെയും ബാറ്റ് ചെയ്യാന്‍ അദ്ദേഹം മിടുക്കനാണ്. ആവശ്യമെങ്കില്‍ ഫിനിഷറായും വിഷ്ണുവിനെ പരീക്ഷിക്കാം.
2017ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ താരമാണ് അദ്ദേഹം. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (2017), മുംബൈ ഇന്ത്യന്‍സ് (2023), ഇപ്പോള്‍ പഞ്ചാബ് കിങ്‌സ് എന്നീ ടീമുകളുടെ ഭാഗമായെങ്കിലും തന്റെ കഴിവ് പുറത്തെടുക്കാന്‍ വിഷ്ണുവിനു എവിടെയും വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിട്ടില്ല. വെറും ആറു മല്‍സരങ്ങള്‍ മാത്രമാണ് ഐപിഎല്‍ കരിയറില്‍ അദ്ദേഹത്തിനു കളിക്കാനായത്. നേടിയതാവട്ടെ 56 റണ്‍സുമാണ്.
വിഷ്ണുവിന്റെ ടി20 കരിയറിലേക്കു വന്നാല്‍ 67 മല്‍സരങ്ങളില്‍ ഇതിനകം കളിച്ചിട്ടുണ്ട്. 142.23 സ്‌ട്രൈക്ക് റേറ്റില്‍ 1629 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും എട്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 109 റണ്‍സുമാണ്.