ബെംഗളൂരു: ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു വന്‍ തോല്‍വിയേറ്റു വാങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. വലിയൊരു മണ്ടത്തരം എസ്ആര്‍എച്ചിന്റെ ഭാഗത്തു നിന്നും ഈ കളിയില്‍ സംഭവിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

ചിന്നസ്വാമി സ്റ്റേഡിയത്തിലെ തീര്‍ത്തും ഏകപക്ഷീയമായ പോരാട്ടത്തില്‍ ഓറഞ്ച് ആര്‍മിയെ ആറു വിക്കറ്റിനാണ് നിലവിലെ ജേതാക്കള്‍ കെട്ടുകെട്ടിച്ചത്. 201 റണ്‍സെന്ന ജയിക്കാവുന്ന ടോട്ടല്‍ എസ്ആര്‍എച്ച് പടുത്തുയര്‍ത്തിയെങ്കിലും അതു പ്രതിരോധിക്കാനായില്ല. വെറും 15.4 ഓവറില്‍ നാലു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ ആര്‍സിബി വിജയത്തിലേക്കു കുതിച്ചെത്തി.

ഐപിഎല്ലിലെ കന്നിയങ്കത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം ചെയ്യവെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗത്തു നിന്നുണ്ടായ വന്‍ പിഴവിനെ കുറിച്ച് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടിയത്. ഇംഗ്ലണ്ടിന്റെ വമ്പനടിക്കാരനായ ബാറ്ററും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ ലിയാം ലിവിങ്സ്റ്റണിനെ ഇംപാക്ട് പ്ലെയറായി പരീക്ഷിക്കാതിരുതിനെയാണ് അദ്ദേഹം ചോദ്യം ചെയ്തത്.
'ഈ മല്‍സരത്തില്‍ എന്തൊരു ക്യാച്ചുകളാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമെടുത്തത്. ഫില്‍ സാള്‍ട്ടിനെ നോക്കൂ, അദ്ദേഹത്തിന്റെ ക്യാച്ചുകളെപ്പറ്റി വൗ എന്നു നിങ്ങള്‍ പറഞ്ഞു പോവും.
ഇഷാന്‍ കിഷന്റെ ആ ക്യാച്ച് അദ്ദേഹം എടുത്തിരുന്നില്ലെങ്കില്‍ 20-25 റണ്‍സെങ്കിലും കൂടുതലായി ടീം ടോട്ടലിലേക്കു ചേര്‍ത്തിട്ടുണ്ടാവും. അതായത് 225 റണ്‍സെങ്കിലും എസ്ആര്‍എച്ച് നേടുമായിരുന്നു. ആര്‍സിബിയുടെ ക്യാച്ചിങ് ഗംഭീരമായിരുന്നു.
അതോടൊപ്പം തന്നെ എസ്ആര്‍എച്ചിന്റെ മോശം പ്ലാനിങിനെ കുറിച്ചും പരാമര്‍ശിക്കേണ്ടതായി വരും. ലിയാം ലിവിങ്സ്റ്റണിനെ ഇംപാക്ട് പ്ലെയറായി കളിക്കളത്തിലേക്കു കൊണ്ടുവരാന്‍ അവര്‍ തയ്യാറായില്ല. അതു അല്‍പ്പം നിരാശയുണ്ടാക്കുന്നതാണ്.

നിങ്ങളെന്തു കൊണ്ടാണ് ലിവിങ്സ്റ്റണിനെ കൊണ്ടുവരാതിരുന്നത്? നിങ്ങള്‍ (എസ്ആര്‍എച്ച്) കാത്തിരിക്കുകയായിരുന്നു. കാരണം നിങ്ങള്‍ക്കാവശ്യം ഡേവിഡ് പെയ്‌നിനെയായിരുന്നു. പെയ്‌നിനെയും ഇഷാന്‍ മലിങ്കയെയും നിങ്ങള്‍ക്കു ടീമില്‍ വേണ്ടിയിരുന്നു.
ബോള്‍ സ്വിങ് ചെയ്യിക്കുന്നയാളാണ് പെയ്ന്‍. പക്ഷെ അദ്ദേഹത്തിനു എസ്ആര്‍എച്ച് ന്യൂബോള്‍ നല്‍കിയതുമില്ല. പകരം നിതീഷ് കുമാര്‍ റെഡ്ഡിക്കു രണ്ടോവര്‍ ന്യൂബോള്‍ നല്‍കുകയായിരുന്നുവെന്നും ചോപ്ര നിരീക്ഷിച്ചു.
ലിവിങ്സ്റ്റണിനെ ഇംപാക്ട് പ്ലെയറായി ഈ മല്‍സരത്തില്‍ എസ്ആര്‍എച്ച് ബാറ്റിങില്‍ പരീക്ഷിച്ചിരുന്നെങ്കില്‍ 235 റണ്‍സെങ്കിലും എസ്ആര്‍എച്ചിനു അടിച്ചെടുക്കാന്‍ സാധിക്കുമായിരുന്നെന്നാണ് ചോപ്രയുടെ അഭിപ്രായം. 235 റണ്‍സെടുത്താലും ആര്‍സിബി ചേസ് ചെയ്യുമായിരുന്നെങ്കിലും അതു കുറേക്കൂടി കടുപ്പമായേനേ എന്നും അദ്ദേഹം പറയുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലാനിങിനെ വിമര്‍ശിക്കവെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ബൗളിങ് പ്രകടനത്തെ പ്രശംസിക്കാനും ആകാശ് ചോപ്ര മറന്നില്ല. വളരെ മികച്ച പ്ലാനിങുമായി എത്തിയ ആര്‍സിബി അതു മികച്ച രീതിയില്‍ നടപ്പാക്കിയെന്നു അദ്ദേഹം പറയുന്നു.
'എന്തൊരു പ്ലാനിങും നടപ്പാക്കലുമായിരുന്നു റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റേത്. എന്നെ സംബന്ധിച്ച് ഈ കളിയിലെ തലക്കെട്ടും ഉതാണ്. ജേക്കബ് ഡഫിയെ എടുത്തപ്പോള്‍ ജോഷ് ഹേസല്‍വുഡിനെ പോലെ ഒരാളെയായിരുന്നു അവര്‍ക്കു ആവശ്യം. ഹേസല്‍വുഡിനെ പോലെ മറ്റാരും തന്നെയില്ല.
അതിനാല്‍ ആര്‍സിബി പറഞ്ഞത് അവര്‍ക്കാവശ്യം ഹാര്‍ഡ് ലെങ്ത്തില്‍ ബൗള്‍ ചെയ്യുന്ന, അല്‍പ്പം എക്‌സ്ട്രാ ബൗണ്‍സും ലഭിക്കുന്ന ഉയരമുള്ള ബൗളറെ വേണമായിരുന്നു. ഈ മല്‍സരത്തില്‍ ആദ്യത്തെ ആറോവറില്‍ എല്ലാവരും ഷോര്‍ട്ട് ബോളുകളാണ് എറിഞ്ഞത്. ഫുള്‍ ലെങ്ത്ത് ബോള്‍ ആരും പരീക്ഷിച്ചില്ലെന്നും ചോപ്ര വിശദമാക്കി.
ജേക്കബ് ഡഫി ഈ മല്‍സരത്തില്‍ മൂന്നു വിക്കറ്റുകളെടുക്കുന്നതിനൊപ്പം നാലോവറുകള്‍ തുടര്‍ച്ചയായി എറിയുകയും ചെയ്തു. അതിഗംഭീരമായിട്ടാണ് അദ്ദേഹം ഈ മല്‍സരത്തില്‍ ബൗള്‍ ചെയ്തത്. ആര്‍സിബിയുടെ പ്ലാനിങ് ഉജ്ജ്വലമായിരുന്നു. അതു അതിനേക്കാള്‍ നന്നായി അവര്‍ നടപ്പാക്കുകയും ചെയ്തതായും ചോപ്ര കൂട്ടിച്ചേര്‍ത്തു,.