ചെന്നൈ: ഐപിഎല്ലിന്റെ 19ാം സീസണിലെ തുടക്കം പാളിയതിനു ശേഷം രണ്ടാം റൗണ്ടില്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഗുവാഹത്തിയില്‍ നടന്ന ആദ്യ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനോടു സിഎസ്‌കെ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയിരുന്നു.
എട്ടു വിക്കറ്റിന്റെ വന്‍ പരാജയമാണ് റുതുരാജ് ഗെയ്ക്വാദിനും സംഘത്തിനും നേരിടേണ്ടി വന്നത്. ഈ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് ചെപ്പോക്കിലെ രണ്ടാമങ്കത്തിനായി സിഎസ്‌കെ കച്ചമുറുക്കുക. വെള്ളിയാഴ്ച രാത്രി നടക്കാനിരിക്കുന്ന കളിയില്‍ മികച്ച ഫോമിലുള്ള ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സാണ് സിഎസ്‌കെയുടെ അടുത്ത എതികാളികള്‍.

photocredit/X
ബാറ്റിങിലും ബൗളിങിലും ഒരുപോലെ ശക്തരായ പഞ്ചാബിനെ വീഴ്ത്താന്‍ സിഎസ്‌കെയ്ക്കു ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കേണ്ടതായി വരും. പഞ്ചാബുമായുള്ള പോരാട്ടത്തിനു മുന്നോടിയായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണുള്‍പ്പെട്ട സിഎസ്‌കെ ടീം ചെന്നൈയിലെത്തി കഴിഞ്ഞു. ഈ വീഡിയോയില്‍ സഞ്ജുവിന്റെ ശരീരഭാഷയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സഹതാരങ്ങളോടൊപ്പം കഴിഞ്ഞ ദിവസം ചെന്നൈയിലെത്തിയ സഞ്ജു സാംസണിന്റെ വീഡിയോ വളരെ പെട്ടെന്നു തന്നെ വൈറലായിരിക്കുകയാണ്. അതിനുള്ള പ്രധാന കാരണം സഞ്ജു ഈ വീഡിയോയില്‍ വളരെയധികം ദുഖിതനായി കാണപ്പെട്ടുവെന്നതാണ്.
സാധാരണത്തതു പോലെ അദ്ദേഹത്തിന്റെ മുഖത്ത് ചെറുചിരി പോലും കാണാനില്ലായിരുന്നും. മറിച്ച് നിരാശയിലും ദുഖത്തുലുമാണ് മലയാളികളുടെ പ്രിയതാരം കാണപ്പെട്ടത്. അതിനിടെ ആരാധകരില്‍ ഒരാള്‍ സഞ്ജുവിനോടു ഓട്ടോഗ്രാഫും ചോദിക്കുകയായിരുന്നു. ഇതിനായി ഒട്ടും മടി കാണിക്കാതെ അദ്ദേഹം മുന്നോട്ടു വരികയും ചെയ്തു.
ചെന്നൈയിലെത്തിയ സഞ്ജുവിന്റെ ഓട്ടോഗ്രാഫ് വാങ്ങുന്ന ആരാധകന്‍, വീഡിയോ കാണാം
കന്യാകുമാരിയില്‍ നിന്നാണ് വന്നതെന്നു വീഡിയോ എടുത്തു കൊണ്ടിരുന്ന ആരാധകന്‍ പറഞ്ഞപ്പോള്‍ തലയാട്ടിയ സഞ്ജു കൈയിലെ മാര്‍ക്കര്‍ പേന വാങ്ങി. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന മറ്റൊരു സിഎസ്‌കെ ആരാധകന്റെ ജഴ്‌സിയില്‍ ഓട്ടോഗ്രാഫും നല്‍കി.
പിന്നാലെ മടങ്ങാനൊരുങ്ങവെ ചേട്ടാ, കപ്പ് മുഖ്യം, ഈ വര്‍ഷം അടിക്കണമെന്നും ആരാധകന്‍ അദ്ദേഹത്തോടു പറയുകയും ചെയ്തു. തിരിഞ്ഞു നടക്കവെ ചെറുതായൊന്നു തലയാട്ടുക മാത്രമാണ് സഞ്ജു ചെയ്തത്.

15 സെക്കന്റ് മാത്രമുളള ഈ വീഡിയോയയില്‍ എവിടെയും സഞ്ജുവിന്റെ മുഖത്ത് ഒരിക്കല്‍പ്പോലും പുഞ്ചിരി പോലും കാണാനില്ലായിരുന്നു. മറിച്ച് വിഷാദഭാവാണ് എല്ലായ്‌പ്പോഴും കാണപ്പെട്ടത്. എന്താണ് അദ്ദേഹത്തിന്റെ മുഖത്ത് ഇത്രയേറെ വിഷമവും നിരാശയുമെന്ന സംശയത്തിലാണ് ആരാധകര്‍.
സിഎസ്‌കെയ്ക്കു വേണ്ടിയുള്ള അരങ്ങേറ്റ മല്‍സരത്തില്‍ പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. തന്റെ മുന്‍ ടീം കൂടിയായ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഗുവാഹത്തിയില്‍ നടന്ന കളിയില്‍ നേടിയത് വെറും ആറു റണ്‍സാണ്.
ഏഴു ബോളില്‍ ഒരു ലക്കി ഫോറുള്‍പ്പെടെയാണിത്. സിഎസ്‌കെ ഇന്നിങ്‌സിലെ രണ്ടാമത്തെ ബോളില്‍ തന്നെ സഞ്ജു പുറത്താവുകയും ചെയ്തു. പേസര്‍ നാന്ദ്രെ ബര്‍ഗറുടെ ബൗളിങില്‍ ഓഫ്സ്റ്റംപ് തെറിച്ചാണ് അദ്ദേഹം ക്രീസ് വിട്ടത്.
ഇത്രയും മോശമൊരു തുടക്കം സഞ്ജു ഒട്ടും പ്രതീക്ഷിച്ചു കാണില്ലെന്നതുറപ്പാണ്. കാരണം അത്രയും മികച്ച ഫോമില്‍ നില്‍ക്കവൊയാണ് അദ്ദേഹം ഐപിഎല്ലില്‍ ഇറങ്ങിയത്. ഇതിനു മുമ്പ് കളിച്ച ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായിരുന്നു സഞ്ജു.