ചേന്നൈ: ടി20 ലോകകപ്പില്‍ ഇന്ത്യക്കായി നടത്തിയ ഹീറോയിസത്തിനു ശേഷം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ വീണ്ടും പഴയ സഞ്ജു സാംസണായിരിക്കുകയാണ്. വിശ്വസിക്കാന്‍ കൊള്ളാത്ത, അവസരങ്ങള്‍ മുതലാക്കാത്ത, പ്രതിഭയോടു നീതി പുലര്‍ത്താത്ത താരമെന്ന പഴയ ചീത്തപ്പേരുകളെല്ലാം ഐപിഎല്ലില്‍ തിരികെ കൊണ്ടു വന്നിരിക്കുകയാണ് അദ്ദേഹം.
ചെന്നൈ സൂപ്പര്‍ കിങ്‌സിനായി തുടരെ രണ്ടാമത്തെ കളിയിലും സഞ്ജു ദുരന്തമായി മാറി. സിഎസ്‌കെയ്ക്കായി പഞ്ചാബ് കിങ്സിനെതിരേ ചെപ്പോക്കില്‍ ആദ്യ മല്‍സരം കളിക്കാനിറങ്ങിയ അദ്ദേഹത്തിനു വെറും ഏഴു റണ്‍സ് മാത്രമേ നേടാനായുള്ളൂ. നേരത്തേ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിലെ അരങ്ങേറ്റത്തിലും സഞ്ജു നനഞ്ഞ പടക്കമായിരുന്നു.

തന്റെ മുന്‍ ടീം കൂടിയായ രാജസ്ഥാന്‍ റോയല്‍സിനെതിരേ വെറും ആറു റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. അന്നത്തെ നിരാശ മായ്ക്കാനുറച്ച് പഞ്ചാബിനെതിരേ ഇറങ്ങിയ സഞ്ജു ഒരിക്കല്‍ക്കൂടി തീര്‍ത്തും നിറം മങ്ങി. യഥാര്‍ഥത്തില്‍ എവിടെയാണ് അദ്ദേഹത്തിനു പിഴച്ചത്? വീണ്ടും ബാറ്റിങില്‍ ഫ്‌ളോപ്പായി മാറാനുള്ള കാരണമെന്താണന്നു നോക്കാം.

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരേ മികച്ച റെക്കോര്‍ഡുള്ളതിനാല്‍ ഈ മല്‍സരത്തില്‍ സഞ്ജു സാംസണ്‍ തകര്‍പ്പന്‍ പ്രകടനം തന്നെ കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ചെപ്പോക്കില്‍ തനിക്കായി ആര്‍ത്തുവിളിച്ച ആരാധകരെ നിരാശപ്പെടുത്തി രണ്ടാം ഓവറില്‍ തന്നെ അദ്ദേഹം ക്രീസ് വിടുകയായിരുന്നു.
വളരെ ശ്രദ്ധയോടെയാണ് സഞ്ജുവും ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദും തുടങ്ങിയത്. അര്‍ഷ്ദീപ് സിങെറിഞ്ഞ ആദ്യ ഓവറില്‍ വെറും അഞ്ചു റണ്‍സ് മാത്രമേ സിഎസ്‌കെ നേടിയുള്ളൂ. രണ്ടാം ഓവര്‍ ഓസ്‌ട്രേലിയന്‍ പേസര്‍ സാവിയര്‍ ബാര്‍ലെറ്റിനായിരുന്നു. അഞ്ചാമത്തെ ബോളില്‍ തകര്‍പ്പനൊരു ഫോര്‍ സഞ്ജുവിന്റെ ബാറ്റില്‍ നിന്നു കണ്ടു. ഗുഡ് ലെങ്ത്ത് ബോളിനെ മികച്ചൊരു ഡ്രൈവിലൂടെയാണ് മിഡ്ഓഫ് ഏരിയയിലൂടെ അദ്ദേഹം അതിര്‍ത്തി കടത്തിയത്.
ഇതോടെ ചെപ്പോക്ക് ഇളകി മറിഞ്ഞെങ്കിലും ഇതിനു സെക്കന്റുകളുടെ ആയുസ് മാത്രമേയുണ്ടായുളളൂ. കാരണം തൊട്ടടുത്ത ബോളില്‍ സഞ്ജു ക്രീസ് വിട്ടു. ഓഫ്സ്റ്റംപിനു പുറത്തേക്കു പോയ ഗുഡ്‌ലെങ്ത്ത് ബോളിനെതിരേ സഞ്ജു ഇടതു വശത്തേക്കു വശത്തേക്കു മാറി ഡ്രൈവിനു തുനിഞ്ഞു. പക്ഷെ എഡ്ജായ ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രന്‍ സിങിന്റെ കൈകളില്‍ അവസാനിക്കുകയും ചെയ്തു.

സഞ്ജു പുറത്തായ ഈ രീതി പരിശോധിച്ചാല്‍ ഒരു കാര്യം വളരെ വ്യക്തമാണ്. അനാവശ്യമായ ഫൂട്ട് മൂവ്‌മെന്റാണ് അദ്ദേഹത്തിനു വിക്കറ്റ് നഷ്ടമാക്കിയതെന്നു കാണാ. യഥാര്‍ഥത്തില്‍ ആ സമയത്തു അത്തരമൊരു ഷോട്ടിനു തുനിയേണ്ട ആവശ്യമില്ലായിരുന്നു. സ്വതസിദ്ധമായ ശൈലിയില്‍ തന്നെ കളിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിനു ഇത്ര നേരത്തേ ക്രീസ് വിടേണ്ടി വരില്ലായിരുന്നു.

നേരത്തേ ടി20 ലോകകപ്പിനു തൊട്ടുമുമ്പ് ന്യൂസിലാന്‍ഡുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയിലും സഞ്ജു ഇതേ അബദ്ധം തന്നെയാണ് ആവര്‍ത്തിച്ചു കൊണ്ടിരുന്നത്. യഥാര്‍ഥ ശൈലിയില്‍ നിന്നു മാറി അദ്ദേഹം അനാവശ്യമായ ഫൂട്ട് മൂവ്‌മെന്റുകള്‍ നടത്തിയത് ബാറ്റിങിലെ താളം നഷ്ടപ്പെടുത്തി. തുടരെ അഞ്ചു കളിയിലും ഫ്‌ളോപ്പാവുകയും ചെയ്തു.
എന്നാല്‍ ടി20 ലോകകപ്പില്‍ ഈ കുറവ് നികത്തിയ സഞ്ജു തന്റെ സ്വാഭാവിക ഗെയിമിലേക്കു തിരികെ വന്നു. ഇതു വലിയ വിജയമായി മാറുകയും ചെയ്തു. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവുമായാണ് അദ്ദേഹം ലോകകപ്പ് അവസാനിപ്പിച്ചത്. ഇന്ത്യയുടെ റണ്‍വട്ടക്കാരനായും സഞ്ജു മാറി. പക്ഷെ ഒരു ബ്രേക്കിനു ശേഷം ഇപ്പോള്‍ ഐപിഎല്ലിലേക്കു വന്നപ്പോള്‍ അദ്ദേഹം അനാവശ്യ ഫൂട്ട് മൂവ്‌മെന്റിലൂടെ വീണ്ടും പഴയതു പോലെ സ്വന്തം കുഴി തോണ്ടുകയാണ്.