ബെംഗളൂരു: ഐപിഎല്‍ പൂരത്തിന് ശനിയാഴ്ച രാത്രി ബെംഗളൂരുവില്‍ കൊടിയേറുകയാണ്. നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് ആദ്യ പോരാട്ടം.
തുടര്‍ച്ചയായ രണ്ടാം സീസണിലും രജത് പാട്ടിധാറിന്റെ ക്യാപ്റ്റന്‍സിയിലാണ് ആര്‍സിബിയിറങ്ങുക. എന്നാല്‍ എസ്ആര്‍എച്ചിനെ നയിക്കുന്നത് ഇഷാന്‍ കിഷനാണ്. സ്ഥിരം നായകന്‍ പാറ്റ് കമ്മിന്‍സിന്റെ പരിക്കു കാരണമാണ് അദ്ദേഹത്തിനു താല്‍ക്കാലിക ക്യാപ്റ്റന്‍സി നല്‍കിയത്.

മികച്ച ജയവുമായി പുതിയ സീസണിനു തുടക്കം കുറിക്കാനായിരക്കും ഇരുടീമുകളുടെയും ആഗ്രഹം. അതുകൊണ്ടു തന്നെ തീപാറുന്ന പോാരാട്ടം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നമുക്കു പ്രതീക്ഷിക്കുകയും ചെയ്യാം. ഉദ്ഘാടന മല്‍സരത്തില്‍ വിജയം ആര്‍ക്കായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക് (Grok). ഇതേക്കുറിച്ചറിയാം.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ച് ബാറ്റിങിന് ഏറെ പേരുകേട്ടതാണ്. ഇത്തവണയും അതില്‍ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ദൈര്‍ഘ്യം കുറഞ്ഞ ബൗണ്ടറികളും വേഗമേറിയ ഔട്ട് ഫീല്‍ഡുമെല്ലാം ബോള്‍ പറക്കാന്‍ വഴിയൊരുക്കും. ഈ ഗ്രൗണ്ടിലെ ശരാശരി ഒന്നാമിന്നിങ്‌സ് സ്‌കോര്‍ 170-185 റണ്‍സാണ്.
200 പ്ലസ് റണ്‍സ് ഇവിടെ വളരെ സാധാാരണമാണ്. മാത്രമല്ല പലപ്പോഴും ഇതു ചേസ് ചെയ്യപ്പെടുകയും ചെയ്യാറുണ്ട്. പേസര്‍ക്കു തുകത്തില്‍ ഈ പിച്ചില്‍ നിന്നും സ്വിങ് ലഭിക്കും. ബാറ്റര്‍മാര്‍ ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ 200 പ്ലസ് റണ്‍സ് പ്രതീക്ഷിക്കാം. ഇവിടെ രണ്ടാമത് ബാറ്റ് ചെയ്തിട്ടുള്ള ടീമുകള്‍ക്കാണ് ഏറ്റവും മികച്ച റെക്കോര്‍ഡുമുള്ളത്.
കാലാവസ്ഥയിലേക്കു വന്നാല്‍ വളരെ ചൂടേറിയ ദിവസമായിരിക്കും ശനിയാഴ്ച. വൈകീട്ട് മഴയോ, ഇടിമിന്നലോയുണ്ടാവാന്‍ 60 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. മല്‍സരം തടസ്സപ്പെടുകയോ, വെട്ടിക്കുറയ്ക്കുകയോ ചെയ്‌തേക്കാം. എങ്കിലും കളി ഉപക്ഷിക്കപ്പെടാന്‍ സാധ്യതയില്ല.

സാധ്യതാ പ്ലെയിങ് 11
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- ഫില്‍ സാള്‍ട്ട്, വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിധാര്‍ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ / ലിയാം ലിവിംഗ്സ്റ്റണ്‍, ഭുവനേശ്വര്‍ കുമാര്‍, ജേക്കബ് ഡഫി, മങ്കേഷ് യാദവ് (അല്ലെങ്കില്‍ യാഷ് ദയാല്‍/സുയാഷ് ശര്‍മ).
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസന്‍, ലിയാം ലിവിംഗ്സ്റ്റണ്‍ / അനികേത് വര്‍മ, ഹര്‍ഷല്‍ പട്ടേല്‍, പാറ്റ് കമ്മിന്‍സ് (ചില റിപ്പോര്‍ട്ടുകളില്‍ ലഭ്യത അനിശ്ചിതത്വത്തില്‍), ജയദേവ് ഉനദ്കട്ട്, സീഷന്‍ അന്‍സാരി / ഇഷാന്‍ മലിംഗ.
ഐപിഎല്ലിലെ ഇതുവരെയുള്ള നേര്‍ക്കുനേര്‍ റെക്കോര്‍ഡ് നോക്കിയാല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ മുന്‍തൂക്കം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനാണ്. ഇതുവരെ 25 മല്‍സരങ്ങളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 13 കളിയില്‍ എസ്ആര്‍എച്ച് ജയിച്ചുകയറി. ആര്‍സിബിക്കു ജയിക്കാനായതാവട്ടെ 11 മല്‍സരങ്ങളുമാണ്. ഒരു മല്‍സരം ടൈയാവുകയും ചെയ്തു.
ബെംഗളൂരുവിലെ ചിന്നസ്വാമിയിലെ റെക്കോര്‍ഡെടുത്താല്‍ അവിടെ മുന്‍തൂക്കം ആര്‍സിബിക്കാണ്. ഹോംഗ്രൗണ്ടില്‍ അവര്‍ അഞ്ചു മല്‍സരങ്ങളില്‍ ജയിച്ചപ്പോള്‍ എസ്ആര്‍എച്ച് മൂന്നു കളിയിലും ജയിച്ചു.

ഐപിഎല്ലിന്റെ ഉദ്ഘാടന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ഫേവറിറ്റുകളെന്നാണ് എഐയുടെ പ്രവചനം. അവരുടെ വിജയസാധ്യത 54-55 ശതമാനമാണ്. നിലവിലെ ചാംപ്യന്മാരെന്ന നിലയിലുള്ള താളം, ഹോംഗ്രൗണ്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം, കൂടുതല്‍ മികച്ച ബൗളിങ് നിര, ബാറ്റിങിലെ ആഴം എന്നിവയെല്ലാം ആര്‍സിബിക്കു മുന്‍തൂക്കം നല്‍കുന്നു.
200-220 റണ്‍സ് ഈ മല്‍സരത്തില്‍ പ്രതീക്ഷിക്കാം. ആദ്യം ബാറ്റ് ചെയ്താല്‍ ആര്‍സിബി 210 പ്ലസ് റണ്‍സിനു മുകളില്‍ നേടും. റണ്‍ചേസിലാണെങ്കില്‍ അഞ്ച്-ആറ് വിക്കറ്റുകള്‍ ശേഷിക്കെ ലക്ഷ്യം മറികടക്കുകയും ചെയ്യും. ആര്‍സിബി 15-20 റണ്‍സിനോ, 4-5 വിക്കറ്റുകള്‍ക്കോ എസ്ആര്‍എച്ചിനെ പരാജയപ്പെടുത്തും.