മുംബൈ: ഐപിഎല്ലിന്റെ ആദ്യ സൂപ്പര്‍ സണ്‍ഡേയിലെ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടത്തിനാണ് മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയം വേദിയാവുന്നത്. നാളെ (മാര്‍ച്ച് 29) രാത്രി 7.30ന് നടക്കാനിരിക്കുന്ന ത്രില്ലറില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് മൂന്നു തവണ വിജയികളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി പോരടിക്കും.
ബാറ്റര്‍മാരുടെ പറുദീസയായ വാംഖഡെയില്‍ റണ്‍മഴ തന്നെ ഉറപ്പിക്കാം. ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ മുംബൈയ്ക്ക് ഇതു തുടര്‍ച്ചയായ മൂന്നാം സീസണ്‍ ആണെങ്കില്‍ അജിങ്ക്യ രഹാനെയ്ക്കു ഒരവസരം കൂടി കെകെആര്‍ നല്‍കിയിരിക്കുകയാണ്.

വമ്പന്‍ താരങ്ങളുമായെത്തുന്ന ഇരുടീമുകളും ശക്തി പരീക്ഷിക്കുമ്പോള്‍ തീപാറുന്ന പോരാട്ടം തന്നെ നമുക്കു ഉറപ്പിക്കാം. വാംഖഡെയില്‍ ഒടുവില്‍ വിജയം ആര്‍ക്കൊപ്പമാവും? മുബൈ- കൊല്‍ക്കത്ത പോരിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ട്രോക്ക്. ഇതേക്കുറിച്ച് നമുക്കു പരിശോധിക്കാം.

മുംബൈയിലെ വാംഖഡെയിലെ പിച്ചിനെ കുറിച്ച് കൂടുതല്‍ വിശദീകരണം ആവശ്യമാവില്ല. ലോക ക്രിക്കറ്റില്‍ ഏതൊരു ബാറ്ററും കളിക്കാനാഗ്രഹിക്കുന്ന ഗ്രൗണ്ടാണിത്. ദൈര്‍ഘ്യം കുറഞ്ഞ ബൗണ്ടറികള്‍, മികച്ച ബൗണ്‍സ് എന്നിവയെല്ലാം വാംഖഡെയിലെ പിച്ചിനെ സ്‌പെഷ്യലാക്കുന്നു.
220 പ്ലസ് റണ്‍സ് ഇവിടെ ഉറപ്പിക്കാം. ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്ക് 230 റണ്‍സ് അടിച്ചെടുക്കാനായാല്‍ അതു ഇവിടെ പ്രതിരോധിക്കാവുന്ന മികച്ചൊരു ടോട്ടലായിരിക്കും. കളി പുരോഗമിക്കവെ സ്പിന്നര്‍മാര്‍ക്കും ഈ പിച്ചിന്റെ ആനുകൂല്യവും ലഭിക്കും. പേസര്‍മാര്‍ക്കു ഇവിടെ സ്ലോ ബോളുകളും കട്ടറുകളുമെല്ലാം മുതല്‍ക്കൂട്ടായിരിക്കും.
മുംബൈയിലെ വൈകുന്നേരങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യത കൂടുതല്‍ ആയതിനാല്‍ തന്നെ ടോസ് ജയിക്കുന്ന ടീം ബൗളിങ് തന്നെയാവും ഇവിടെ ആദ്യം തിരഞ്ഞെടുക്കുക. ഇതിനാല്‍ ഇവിടുത്തെ മല്‍സരങ്ങളില്‍ ടോസ് ഏറെ നിര്‍ണായകവുമാണ്.

അതേസമയം, ഐപിഎല്ലിലെ ഇതുവരെയുള്ള നേര്‍ക്കുനേര്‍ കണക്കുകളെടുത്താല്‍ കെകെആറിനെതിരേ മുന്‍തൂക്കം മുംബൈയ്ക്കു തന്നെയാണ്. ഇവിടെ 35 മല്‍സരങ്ങളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തത്. ഇതില്‍ 24ലും ജയം മുംബൈയ്ക്കാണ്. കെകെഈആര്‍ ജയിച്ചത് 11 കളികള്‍ മാത്രം.
ഈ മല്‍സരത്തിലെ ഫേവറിറ്റുകള്‍ മുംബൈ ഇന്ത്യന്‍സ് തന്നെയാണെന്നു എഐ പ്രവചിച്ചിരിക്കുകയാണ്. വിജയസാധ്യതയിലേക്കു വന്നാല്‍ മുംബൈ ജയിക്കാനുള്ള സാധ്യത 58 മുതല്‍ 64 ശതമാനം വരെയാണ്. എന്നാല്‍ കെകെആറിന്റെ വിജയസാധ്യത 36 മുതല്‍ 42 ശതമാനവുമാണ്.

ടീം സ്‌കോറിന്റെ പ്രവചനമെടുത്താല്‍ മുംബൈയാണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ 225 മുതല്‍ 235 റണ്‍സ് വരെ അടിച്ചെടുക്കും. കെകെആര്‍ ചേസ് ചെയ്താല്‍ 210-220 റണ്‍സില്‍ തൃപ്തിപ്പെടും. 10-20 റണ്‍സിനു മുംബൈ ജയിക്കുകയും ചെയ്യും. കെകെആറാണ് ആദ്യം ബാറ്റ് ചെയ്യുന്നതങ്കില്‍ ഹൈ സ്‌കോറിങ് ചേസില്‍ മുംബൈ ജയിക്കും.
ടീം ന്യൂസ്, സാധ്യതാ ലൈനപ്പ്
മുംബൈ ഇന്ത്യന്‍സ്- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍/ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, വില്‍ ജാക്ക്സ്, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, മായങ്ക് മാര്‍ക്കണ്ഡെ.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), ഫിന്‍ അലെന്‍, ആംഗ്രിഷ് രഘുവംശി, കാമറൂണ്‍ ഗ്രീന്‍, റിങ്കു സിംഗ്, രമണ്‍ദീപ് സിംഗ്, സുനില്‍ നരെയ്ന്‍, അനുകുല്‍ റോയ്, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് അറോറ, ബ്ലെസിംഗ് മുസറബാനി (ഇംപാക്റ്റ് പ്ലെയര്‍- കാര്‍ത്തിക് ത്യാഗി അല്ലെങ്കില്‍ സമാനമായ മറ്റൊരാള്‍).