ഐപിഎല്ലില്‍ വീണ്ടുമൊരു എല്‍ ക്ലാസിക്കോ പോരിനു വേദിയൊരുങ്ങി. ടൂര്‍ണമെന്റിലെ അതികായന്‍മാരെന്നു വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള വമ്പന്‍ പോരാട്ടം വ്യാഴാഴ്ച വാംഖഡെയില്‍. ഈ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയെ വലിയ ആവേശത്തോടെയാണ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.
അഞ്ചു തവണ വീതം ചാംപ്യന്മാരായി തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്ന എംഐ- സിഎസ്‌കെ പോര് എല്ലായ്‌പ്പോഴും അപ്രവചനീയം തന്നെയാണ്. രണ്ടു ടീമുകള്‍ക്കും ഈ സീസണ്‍ അത്ര മികച്ചതല്ല. പെരുമയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കളിയാതെ പാടുപെടുകയാണ് ഇരുവരും. എങ്കിലും ഇതൊന്നും എല്‍ ക്ലാസിക്കോയുടെ ആവേശം കെടുത്തുന്നില്ല.

മുംബൈയുടെ തട്ടകത്തില്‍ നടക്കാനിരിക്കുന്ന ഈ സൂപ്പര്‍ പോരാട്ടത്തില്‍ വിജയം ആര്‍ക്കൊപ്പമായിരിക്കും? കരിയറിലാദ്യമായി എല്‍ ക്ലാസിക്കോ കളിക്കുന്ന സിഎസ്‌കെയുടെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ എത്ര റണ്ണെടുക്കും? ഇതേക്കുറിച്ചെല്ലാം പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്. ഇതേക്കുറിച്ച് നോക്കാം.
ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള എല്‍ ക്ലാസിക്കോയിലെ ഫേവറിറ്റ് ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈയാണെന്നാണ് എഐ ടൂളായ ഗ്രോക്കിന്റെ പ്രവചനം. 55 മുതല്‍ 60 ശതമാനം വരെ വിജയസാധ്യത അവര്‍ക്കാണ്. ഇതിന്റെ കാരണങ്ങളും വിശദീകരിക്കുന്നുണ്ട്. ഇവ എന്തൊക്കെയാണെന്നറിയാം.
മുംബൈ ഇന്ത്യന്‍സിനെ ഫേവറിറ്റാക്കുന്ന ആദ്യത്തെ ഘടകം ഹോംഗ്രൗണ്ട് ആനുകൂല്യമാണ്. ഹൈ സ്‌കോറിങ്, ബാറ്റിങ് സൗഹൃദ പിച്ചാണ് മുംബൈയിലെ വാംഖഡെയിലേത്.
നല്ല ബൗണ്‍സും, തുടക്കത്തില്‍ വേഗതയുമെല്ലാം ഇവിടെ ലഭിക്കും. കൂടാതെ ബൗണ്ടറികളുടെ ദൈര്‍ഘ്യവും കുറവാണ്. ഈ വേദിയില്‍ പരമ്പരാഗതമായി സിഎസ്‌കെയ്‌ക്കെതിരേ ആധിപത്യം പുലര്‍ത്താന്‍ മുംബൈക്കായിട്ടുണ്ട്.
അവസാന മാച്ചില്‍ വലിയ ജയവുമായി താളം വീണ്ടെടുക്കാനായതാണ് മുംബയ്ക്കു മുന്‍തൂക്കം നല്‍കുന്ന രണ്ടാമത്തെ കാരണം. ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ ഗ്രൗണ്ടില്‍ 99 റണ്‍സിനാണ് മുംബൈ മുക്കിയത്.
തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കു ശേഷം അവരുടെ ആദ്യ വിജയമായിരുന്നു ഇത്. പ്ലേഓഫ് സാധ്യതകള്‍ നിലനിര്‍ത്തുന്നതിനൊപ്പം പോയിന്റ് പട്ടികയില്‍ പത്തില്‍ നിന്നും ഏഴാംസ്ഥാനത്തേക്കും മുംബൈ ഉയര്‍ന്നിരുന്നു.
ആറു മാച്ചില്‍ നിന്നും രണ്ടു ജയവും നാലു തോല്‍വിയുമടക്കം ആറു വീതം പോയിന്റാണ് മുംബൈയടെയും സിഎസ്‌കെയുടെയും പക്കലുള്ളത്. എന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റില്‍ ചെന്നൈയെ ഒരു സ്ഥാനം പിന്നിലാക്കാന്‍ മുംബൈക്കു സാധിക്കുകയും ചെയ്തു.
നേര്‍ക്കുനേര്‍ റെക്കോര്‍ഡ് നോക്കിയാലും സിഎസ്‌കെയ്ക്കു മേല്‍ മുന്‍തൂക്കം മുംൈബക്കാണ്. 21 മല്‍സരങ്ങളില്‍ എംഐ ജയിച്ചപ്പോള്‍ സിഎസ്‌കെ 18ലും വിജയം കൊയ്തു.
ഇരുടീമുകളുടെയും കരുത്ത് നോക്കിയാലും സിഎസ്‌കെയ്്ക്കു മുകളിലാണ് മുംബൈ. സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാമുള്ള ലോകോത്തര ബാറ്റിങ് നിര എംഐയ്ക്കുണ്ട്. കൂടാതെ ജസ്പ്രീത് ബുംറ നയിക്കുന്ന അതിശക്തമായ ബൗളിങ് നിരയും അവര്‍ക്കു സ്വന്തമാണ്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഏഴയലത്ത് എത്തില്ല സിഎസ്‌കെ ടീം.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞ ജഴ്‌സിയില്‍ ആദ്യമായി മുംബൈ ഇന്ത്യന്‍സിനെതിരേ പോരിന് ഇറങ്ങുന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ കസറുമോയെന്നതാണ് അടുത്ത ചോദ്യം.
അവസാനം കളിച്ച മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ വെറും ഏഴു റണ്‍സേ അദ്ദേഹം നേടിയുള്ളൂ. അതിനു മുമ്പുള്ള മല്‍സരങ്ങളില്‍ 115*, 48 എന്നിങ്ങനെ സ്‌കോറുകളുമായി തിളങ്ങുകയും ചെയ്തു.
മുംബൈക്കെതിരേ സഞ്ജു മിന്നിക്കുമെന്നും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കുറിക്കുമെന്നുമാണ് എഐ പ്രവചനം. 55-75 റണ്‍സായിരിക്കും അദ്ദേഹം നേടുകയെന്നും ഇതില്‍ പറയുന്നു.