IPL 2026: 5 പേര്‍ക്കു വേണ്ട!! എല്‍എസ്ജി പുറത്താക്കിയാല്‍ പന്തിനെ ആരു വാങ്ങും? സാധ്യതയിങ്ങനെ
തുടര്‍ച്ചയായി രണ്ടാം ഐപിഎല്‍ സീസണിലും വന്‍ ഫ്‌ളോപ്പായി മാറിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്റെ അടുത്ത തട്ടകം ഏതായിരിക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. 27 കോടിയെന്ന ഓള്‍ടൈം റെക്കോര്‍ഡ് തുകയ്ക്കാണ് കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിനു മുന്നോടിയായുള്ള മെഗാ ലേലത്തിില്‍ അദ്ദേഹത്തെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വാങ്ങിയത്.
പക്ഷെ രണ്ടു സീസണുകളിലും ബാറ്റിങിലും ക്യാപ്റ്റന്‍സിയിലും അദ്ദേഹം ഒരുപോലെ പരാജയമായി തീര്‍ന്നു. തുടരെ രണ്ടാം സീസണിലും പ്ലേഓഫില്ലാതെയാണ് എല്‍എസ്ജി അവസാനിപ്പിച്ചത്. ഇത്തവണ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു അവര്‍ കൂപ്പുകുത്തുകയും ചെയ്തു.

ഈ സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്നും ഒരേയൊരു ഫിഫ്റ്റിയടക്കം വെറും 312 റണ്‍സ് മാത്രമേ റിഷഭ് സ്‌കോര്‍ ചെയ്തുള്ളൂ. കഴിഞ്ഞ വര്‍ഷം ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം സമ്പാദ്യം 269 റണ്‍സുമായിരുന്നു. ഇപ്പോഴത്തെ ശമ്പളം വിലയിരുത്തുമ്പോള്‍ ഒരിക്കലും ന്യായീകരിക്കാവുന്ന പ്രകടനമല്ല ഇതെന്നു ഉറപ്പിച്ച് പറയാം.
അടുത്ത സീസണിനു മുന്നോടിയായി മിനി താരലേലമാണ് വരാനിരിക്കുന്നത്. ലേലത്തിനു മുന്നോടിയായി റിഷഭിനെ എല്‍എസ്ജി റിലീസ് ചെയ്യുമെന്നു ഉറപ്പായിരിക്കുകയാണ്. അങ്ങനെയെങ്കില്‍ ലേലത്തില്‍ അദ്ദേഹത്തെ ആരു വാങ്ങുമെന്നതാണ് ചോദ്യം. ഇതിന്റെ സാധ്യതകള്‍ നോക്കാം.
റിഷഭ് എങ്ങോട്ട്?
ഐപിഎല്ലിന്റെ അടുത്ത സീസണില്‍ റിഷഭ് പന്തിനെ ഏതു കുപ്പായത്തിലാവും കളികളത്തില്‍ കാണാന്‍ സാധിക്കുകയെന്നതാണ് ആരാധകരുടെ മനസ്സിലുള്ള പ്രധാന ചോദ്യം. റിലീസ് ചെയ്ത ശേഷം കുറഞ്ഞ തുകയ്ക്കു അദ്ദേഹത്തെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തന്നെ തിരികെ വാങ്ങാനുള്ള സാധ്യത കുറവാണെന്നു പറയാം.
പ്രധാനമായും നാലു ഫ്രാഞ്ചൈസികളായിരിക്കും റിഷഭിനായി ലേലത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചേക്കുക. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരായിരിക്കും. കാരണം ഇവര്‍ക്കു മാത്രമേ ഇപ്പോള്‍ അദ്ദേഹം ടീമില്‍ സ്യൂട്ടാവുകയുള്ളൂ. ഇതില്‍ കെകെആറാണ് ഫേവറിറ്റെന്നു പറയേണ്ടി വരും.
കാരണം അവര്‍ക്കു അടുത്ത സീസണില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഒരു ഇന്ത്യന്‍ താരത്തെ ആവശ്യമാണ്. നിലവിലെ നായകനും വെറ്ററന്‍ ബാറ്റുമായ അജിങ്ക്യ രഹാനെ ഇനിയൊരു സീസണ്‍ കൂടി നായകസ്ഥാനത്തു തുടരാന്‍ സാധ്യതയില്ല.
അതിനാല്‍ അവര്‍ക്കു ഈ റോളിലേക്കു നല്ലൊരു ഓപ്ഷനായിരിക്കും അദ്ദേഹം. കൂടാതെ അനുഭവ സമ്പത്തുള്ള ഒരു ഇന്ത്യന്‍ കീപ്പറുടെ കുറവും കെകെആറിനുണ്ട്.. നിലവില്‍ കീപ്പറായി ആംഗ്രിഷ് രഘുവംശിയുണ്ടെങ്കിലും മല്‍സര പരിചയം കുറവാണ്.
ആര്‍സിബിയുടെ കാര്യമെടുത്താല്‍ ജിതേഷ് ശര്‍മയ വിക്കറ്റ് കീപ്പര്‍ റോളില്‍ ടീമിലുണ്ടെങ്കിലും ഈ സീസണില്‍ പൂര്‍ണമായും ഫോമൗട്ടാണ്. അതിനാല്‍ ജിതേഷിനെ അടുത്ത സീസണില്‍ റിലീസ് ചെയ്ത് റിഷഭിനെ അവര്‍ നോട്ടമിട്ടേക്കും. പക്ഷെ കെകെആറിലേതു പോലെ നായകസ്ഥാനം ആര്‍സിബിയില്‍ അദ്ദേഹം പ്രതീക്ഷിക്കേണ്ടതില്ല.
പഞ്ചാബില്‍ നിലവില്‍ കീപ്പറായി വെടിക്കെട്ട് ഓപ്പണര്‍ കൂടിയായ പ്രഭ്‌സിമ്രനുണ്ട്. ബാറ്റിങില്‍ അദ്ദേഹം അപകടകാരിയാണെങ്കിലും കീപ്പിങില്‍ അത്ര മികവ് പുലര്‍ത്താറില്ല. അതിനാല്‍ പ്രഭിനെ സ്‌പെഷ്യലിസ്റ്റ് ബാറ്ററാക്കിയ ശേഷം കീപ്പിങില്‍ റിഷഭിനെ പഞ്ചാബ് നോട്ടമിട്ടേക്കും. പക്ഷെ ശ്രേയസ് അയ്യരെന്ന മികച്ച ക്യാപ്‌നുള്ളതിനാല്‍ ഇവിടെയും നായകസ്ഥാനം പന്തിനു ലഭിക്കില്ല.

മുംബൈയില്‍ ഒരു ഇന്ത്യന്‍ കീപ്പറുടെ അഭാമവുണ്ടെന്നു കാണാം. റയാന്‍ റിക്കെല്‍റ്റണും ക്വിന്റണ്‍ ഡികോക്കുമാണ് ടീമിലെ പ്രധാന കീപ്പര്‍മാര്‍. ഡികോക്കിനെ റിലീസ് ചെയ്ത് പകരം റിഷഭിനെ ലേലത്തില്‍ എംഐ വാങ്ങിയേക്കും.
അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരൊന്നും റിഷഭിനെ ലേലത്തില്‍ വാങ്ങാന്‍ സാധ്യതയില്ല. ചെന്നൈക്കു സഞ്ജു സാംസണിനെ കൂടാതെ ഉര്‍വില്‍ പട്ടേല്‍, കാര്‍ത്തിക് ശര്‍മ തുടങ്ങിയവരെല്ലാം കീപ്പര്‍മാരായുണ്ട്.
എസ്ആര്‍എച്ചിനു ഇഷാന്‍ കിഷനെ കൂടാതെ ഹെന്‍ട്രിച്ച് ക്ലാസെന്‍, സലില്‍ അറോറ എന്നിവരുണ്ട്. ജോസ് ബട്‌ലറുള്ളതിനാല്‍ ജിടിക്കും റിഷഭിനെ ആവശ്യമില്ല. ധ്രുവ് ജുറേല്‍, ഡൊണാവന്‍ ഫെരേര എന്നിവര്‍ കീപ്പര്‍മാരായുള്ളതിനാല്‍ റോയല്‍സും റിഷഭിനായി താല്‍പ്പര്യം കാണിക്കില്ല. ഡിസിക്കു കെഎല്‍ രാഹുലും അഭിഷേക് പൊറേലുമുള്ളതിനാല്‍ അവിടേക്കു അദ്ദേഹം മടങ്ങിവരവും പ്രതീക്ഷിക്കേണ്ടതില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

