ഐപിഎല്ലിന്റെ റീട്ടെന്‍ഷന്‍ ലിസ്റ്റ് പുറത്തു വന്നപ്പോള്‍ മലയാളി ക്രിക്കറ്റ് പ്രേമികളെ ഏറ്റവും നിരാശപ്പെടുത്തിയത് യുവ സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂര്‍ റിലീസ് ചെയ്യപ്പെട്ടതായിരുന്നു. കഴിഞ്ഞ സീസണില്‍ ലഭിച്ച പരിമിതമായ അവസരങ്ങള്‍ നന്നായി ഉപയോഗിച്ചിട്ടും അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.
പക്ഷെ ഐപിഎല്ലില്‍ വിഘ്‌നേഷിന്റെ ശരിക്കുള്ള സമയം ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നാണ് വ്യക്തമാവുന്നത്. കാരണം അടുത്ത മാസം 16നു നടക്കാനിരിക്കുന്ന മിനി താരലേലത്തില്‍ രണ്ടു വമ്പന്‍ ഫ്രാഞ്ചൈസികള്‍ അദ്ദേഹത്തെ നോട്ടമിട്ടു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇതു ആരൊക്കെയാണെന്നു നോക്കാം.

വിഘ്‌നേഷിനെ ഇവര്‍ക്കു വേണം
ഐപിഎല്ലിന്റെ മിനി താരലേലത്തില്‍ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവും അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് വിഘ്‌നേഷ് പുത്തൂരിനെ റാഞ്ചാനൊരുങ്ങുന്നത്. റെവ് സ്‌പോര്‍ട്‌സിന്റെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രോഹിത് ജുഗ്ലാനാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്.
ഇതിഹാസ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍ വിരമിക്കുകയും മറ്റൊരു സൂപ്പര്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഒഴിവാക്കുകയും ചെയ്തതോടെ നിലവില്‍ ഒരു സ്‌പെഷ്യലിസ്റ്റ് ഇന്ത്യന്‍ സ്പിന്നര്‍ പോലും സിഎസ്‌കെ സംഘത്തിലില്ല. അഫ്ഗാനിസ്താന്റെ നൂര്‍ അഹമ്മദും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ശ്രേയസ് ഗോപാലുമാണ് ടീമിലെ സ്പിന്‍ ബൗളിങ് ഓപ്ഷനുകള്‍.
ഇതേ തുടര്‍ന്നാണ് ലേലത്തില്‍ വിഘ്‌നേഷിനെ ചെന്നൈ നോട്ടമിടുന്നത്. കഴിഞ്ഞ സീസണിലെ അദ്ദേഹത്തിന്റെ പ്രകടനം സിഎസ്കെയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ ഏറെ ആകര്‍ഷിക്കുകയും ചെയ്തായി ജുഗ്ലാന്‍ ചൂണ്ടിക്കാട്ടുന്നു. സിഎസ്‌കെയുടെ ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ നടന്ന എല്‍ ക്ലാസിക്കോയിലൂടെയാണ് വിഘ്‌നേഷ് ഐപിഎല്ലില്‍ അരങ്ങേറിയത്.
റണ്‍ചേസില്‍ അനായാസം ജയത്തിലേക്കു കുതിച്ച ചെന്നൈയെ പിടിച്ചുനിര്‍ത്തിയത് മലയാളി താരത്തിന്റെ മാജിക്കല്‍ സ്‌പെല്ലയിരുന്നു. മൂന്നു മുന്‍നിര വിക്കറ്റുകളാണ് വിഘ്‌നേഷ് കളിയില്‍ പിഴുതത്. ആദ്യം സിഎസ്‌കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനെ മടക്കിയ അദ്ദേഹം പിന്നാലെ വമ്പനടിക്കാരായ ശിവം ദുബെ, ദീപക് ഹൂഡ എന്നിവരുടെയും വിക്കറ്റുകളെടുത്തു.
കളിയില്‍ മുംബൈ തോറ്റെങ്കിലും വിഘ്‌നേഷിന്റെ പ്രകടനം അന്നു ഏറെ കൈയടിയും നേടി. പക്ഷെ അതിനു ശേഷമുള്ള മല്‍സരങ്ങളില്‍ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ അദ്ദേഹത്തെ വേണ്ട രീതിയില്‍ ഉപയോഗിച്ചതുമില്ല. ഇതു വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു.
അതേസമയം, സിഎസ്‌കെയ്‌ക്കൊപ്പം ആര്‍സിബിയെയും വിഘ്‌നേഷിന്റെ പ്രകടനം ആകര്‍ഷിച്ചിട്ടുണ്ട്. നിലവില്‍ ക്രുനാല്‍ പാണ്ഡ്യയും സുയാഷ് ശര്‍മയുമാണ് അവരുടെ ടീമിലെ പ്രധാന സ്പിന്നര്‍മാര്‍. ബാക്കപ്പായി വിഘ്‌നേഷിനെ എത്തിക്കാനാണ് ആര്‍സിബിയുടെ പ്ലാന്‍.

കഴിഞ്ഞ മെഗാ ലേലത്തില്‍ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കായിരുന്നു വിഘ്‌നേഷിനെ മുംബൈ വാങ്ങിയത്. മറ്റു ഫ്രാഞ്ചൈസികളൊന്നും താല്‍പ്പര്യം കാണിക്കാതിരുന്നതോടെ അദ്ദേഹത്തെ വളരെ അനായാസം വാങ്ങാനും അവര്‍ സാധിച്ചു.
എന്നാല്‍ അടുത്ത ലേലത്തില്‍ സിഎസ്‌കെയും ആര്‍സിബിയും വിഘ്‌നേഷിനായി രംഗത്തിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ വിലയും ഉയരുമെന്നതില്‍ സംശയമില്ല. ഒന്നോ, രണ്ടോ കോടിയെങ്കിലും താരത്തിനു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മുംബൈയ്ക്കായി വെറും അഞ്ചു മല്‍സരങ്ങളില്‍ മാത്രമേ വിഘ്‌നേഷിനു കഴിഞ്ഞ സീസണില്‍ കളിക്കാന്‍ അവസരം കിട്ടിയുള്ളൂ. 9.08 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകള്‍ അദ്ദേഹം പോക്കറ്റിലാക്കുകയും ചെയ്തു. പിന്നീട് പരിക്കു കാരണം വിഘ്‌നേഷിനു സീസണ്‍ പൂര്‍ത്തിയാവും മുമ്പ് ടീം വിടേണ്ടിയും വരികയായിരുന്നു.