ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ദയനീയ പ്രകടനത്തിന്റെ പേരില്‍ ഏറെ പഴികേട്ട രാഹുല്‍ ദ്രാവിഡ് ഒടുവില്‍ പരിശീലക സ്ഥാനമൊഴിഞ്ഞിരിക്കുകയാണ്. 2024ലെ ഐപിഎല്ലില്‍ പ്ലേഓഫ് വരെയെത്തിയ റോയല്‍സ് ഈ വവര്‍ഷം ഫിനിഷ് ചെയ്തത് ഒമ്പതാം സ്ഥാനത്താണ്. ഇതിനു ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിട്ടത് ദ്രാവിഡാണ്.
അടുത്തിടെയാണ് ടീം വിടാന്‍ ആഗ്രഹിക്കുന്നതായി ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണ്‍ റോയല്‍സിനെ അറിയിച്ചത്. പക്ഷെ ഈ നീക്കം യാഥാര്‍ഥ്യമാവുന്നതിനു മുമ്പു തന്നെ ദ്രാവിഡ് ഒഴിഞ്ഞിരിക്കുകയാണ്.
അദ്ദേഹം കോച്ചായ ശേഷം ഒരുപാട് തിരിച്ചടികള്‍ ടീമിനു ഐപിഎല്ലില്‍ നേരിട്ടിട്ടുണ്ടെന്നതു ശരി തന്നെയാണ്. പക്ഷെ വലിയൊരു സംഭാവന കോച്ചെന്ന നിലയില്‍ ടീമിനു ദ്രാവിഡ് നല്‍കിയിട്ടുണ്ടെന്നു കാണാം. അതു എന്താണെന്നു നോക്കാം.

സൂപ്പര്‍ താരത്തെ ടീമിനു നല്‍കി
വൈഭവ് സൂര്യവംശിയെന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ കൗമാര ബാറ്റിങ് സെന്‍സേഷനെ രാജസ്ഥാന്‍ റോയല്‍സിനു സമ്മാനിച്ചതാണ് രാഹുല്‍ ദ്രാവിഡിന്റെ ഏറ്റവും വലിയ സംഭാവനയായി എടുത്തു കാണിക്കാവുന്നത്. കോച്ചെന്ന നിലയില്‍ അദ്ദേഹം നല്‍കിയ പിന്തുണയും ധൈര്യവുമാണ് വൈഭവിനെ കന്നി സീസണില്‍ തന്നെ വരവറിയിക്കാന്‍ സഹായിച്ചത്.
കഴിഞ്ഞ ഐപിഎല്‍ മെഗാ ലേലത്തിലാണ് 1.1 കോടി രൂപയ്ക്കു ബിഹാറില്‍ നിന്നുമുള്ള 14 കാരനെ റോയല്‍സ് സ്വന്തമാക്കിയത്. ഇത്ര വലിയൊരു തുക ഈ കൗമാര താരത്തിനായി ചെലവഴിക്കാന്‍ റോയല്‍സിനെ പ്രേരിപ്പിച്ചത് കോച്ച് സ്ഥാനമേറ്റെടുത്ത ദ്രാവിഡായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിലോ, ഐപിഎല്ലിലോ നേരത്തേ കളിക്കാതിരുന്നിട്ടും വൈഭവിന്റെ കഴിവില്‍ ദ്രാവിഡിനു വലിയ ആത്മവിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ വലിയ പിന്തുണയും അദ്ദേഹത്തില്‍ നിന്നും ഇടംകൈയന്‍ ബാറ്റര്‍ക്കു ലഭിച്ചിട്ടുള്ളതായി കാണാം.
വൈഭവിന്റെ അഗ്രസീവ് ബാറ്റിങ് ശൈലിയെക്കുറിച്ച് മനസ്സിലാക്കിയ ദ്രാവിഡ് അതില്‍ മാറ്റം വരുത്താന്‍ ഒരിക്കലും ശ്രമിച്ചില്ല. പകരം സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യവും താരത്തിനു നല്‍കുകയായിരുന്നു.
ഇതാണ് ആദ്യ ബോള്‍ മുതല്‍ തന്നെ ആക്രമിച്ചു കളിക്കാനുള്ള ധൈര്യവും ആത്മവിശ്വാവും വൈഭവിനു നല്‍കിയത്. ഒടുവില്‍ സീസണിന്റെ മധ്യത്തില്‍ വച്ച് ക്യാപ്റ്റന്‍ സഞ്ജു സാംസണിനു പരിക്കേറ്റപ്പോള്‍ പകരം ആരെയിറക്കുമെന്ന ആശങ്കകളുമുയര്‍ന്നു. പക്ഷെ ഈ റോള്‍ വൈഭവിനെ ഏല്‍പ്പിക്കാന്‍ ദ്രാവിഡ് ധൈര്യം കാണിച്ചു.
അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ തെറ്റിയതുമില്ല. ഐപിഎല്ലില്‍ നേരിട്ട ആദ്യ ബോളില്‍ തന്നെ സിക്‌സറടിച്ചു കൊണ്ടു തുടങ്ങിയ അദ്ദേഹം രണ്ടാമത്തെ മാച്ചില്‍ കന്നി സെഞ്ച്വറിയും കുറിക്കുകയായിരുന്നു. വെറും 35 ബോളുകള്‍ മാത്രമേ ഇതിനായി വൈഭവിനു വേണ്ടി വന്നുള്ളൂ. ഈ പ്രകടനത്തോടെ ഓപ്പണിങ് റോള്‍ ഉറപ്പിച്ച വൈഭവ് പിന്നീടുള്ള എല്ലാ കളിയിലും ഇതേ റോളില്‍ തുടരുകയും ചെയ്തു.

ഏഴു മല്‍സരങ്ങളില്‍ നിന്നും 206.56 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റില്‍ 252 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. വരും സീസണുകളില്‍ റോയല്‍സ് ബാറ്റിങിലെ തുറുപ്പുചീട്ടായി വൈഭവ് മാറുമെന്നതില്‍ സംശയമില്ല. വൈകാതെ തന്നെ ഇന്ത്യന്‍ കുപ്പായത്തിലും താരത്തെ നമുക്കു പ്രതീക്ഷിക്കാം.
അതേസമയം, മകനു ദ്രാവിഡിനു നല്‍കിയ വലിയ പിന്തുണയെപ്പറ്റി വൈഭവിന്റെ അച്ഛന്‍ സഞ്ജീവ് പിന്നീട് തുറന്നു പറയുകയും ചെയ്തിരുന്നു. നിങ്ങളുടെ ജോലി കഴിഞ്ഞെന്നായിരുന്നു രാഹുല്‍ സാര്‍ (രാഹുല്‍ ദ്രാവിഡ്) എന്നോടു പറഞ്ഞത്. ഇനി ഇവന്‍ ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ഞങ്ങള്‍ അവനെ ശ്രദ്ധിച്ചുകൊള്ളാം.
ഇനി വൈഭവ് ഞങ്ങളുടെ കുടുംബത്തിലെ അംഗവും കൂടിയാണ്. മൊബൈല്‍, ഇന്റര്‍നെറ്റ് എന്നിവയില്‍ നിനന്നും അവന്‍ അകന്നു നില്‍ക്കുമെന്നു ഉറപ്പ് വരുത്തിയാല്‍ മാത്രം മതി. രാജ്യത്തിനു വേണ്ടി കളിക്കാന്‍ സാധിക്കുന്ന താരമായി ഞങ്ങള്‍ അവനെ മാറ്റിയെക്കുമെന്നും ദ്രാവിഡ് ഉറപ്പ് നല്‍കിയെന്നായിരുന്നു സഞ്ജീവിന്റെ വാക്കുകള്‍.