ഇന്ത്യന്‍ ക്രിക്കറ്റിലെ വണ്ടര്‍കിഡായ വൈഭവ് സൂര്യവംശിയെ കുറിച്ച് വമ്പന്‍ പ്രവചനവുമായി ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. ഐപിഎല്ലില്‍ ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനായി 15കാരന്‍ കസറിയതിന പിന്നാലെയായിരുന്നു ഇത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ റോയല്‍സ് എട്ടു വിക്കറ്റിനു തകര്‍ത്ത കളിയില്‍ വെറും 15 ബോളിലായിരുന്നു വൈഭവിന്റെ ഫിഫ്റ്റി നേട്ടം.
17 ബോളില്‍ 52 റണ്‍സ് വാരിക്കൂട്ടിയാണ് ഇടംകൈയന്‍ ബാറ്റര്‍ ക്രീസ് വിട്ടത്. അഞ്ചു കൂറ്റന്‍ സിക്‌സറും നാലു ഫോറുകളുമടക്കമായിരുന്നു ഇത്. 305.88 എന്ന അവിശ്വസനീയ സ്‌ട്രൈക്ക്‌റേറ്റും വൈഭവിനുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അരങ്ങേറ്റ സീസണ്‍ പോലെ ഇത്തവണയും താന്‍ കസറുമെന്ന വമ്പന്‍ സൂചന കൂടിയാണ് കൗമാര താരം നല്‍കിയത്.

സിഎസ്‌കെയുമായുള്ള തീപ്പൊരി പ്രകടനത്തിനു പിന്നാലെ അനില്‍ കുബ്ലെയടക്കം പല മുന്‍ താരങ്ങളും ഭൈവിനെ ഉടന്‍ സീനിയര്‍ ടീമിലേക്കു പ്രൊമോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. അതിനിടെയാണ് അരങ്ങേറ്റത്തെ കുറിച്ചുള്ള വോനിന്റെ പ്രവചനം.
രാജസ്ഥാന്‍ റോയല്‍സിനായി വൈഭവ് സൂര്യവംശിയുടെ സ്‌ഫോടനാത്മക ബാറ്റിങിനെ കുറിച്ച് ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കവെയായിരുന്നു ഇന്ത്യന്‍ അരങ്ങേറ്റം എപ്പോഴായിരിക്കുമെന്നു മൈക്കല്‍ വോന്‍ പ്രവചിച്ചത്.
'എപ്പോഴായിരിക്കും വൈഭവ് സൂര്യവംശി ഇന്ത്യക്കു വേണ്ടി അരങ്ങേറാന്‍ പോവുന്നത്? ഞാന്‍ അതു നോക്കിയിരിക്കുകയാണ്. നമ്മള്‍ മുന്നിലേക്കാണെന്നു എനിക്കറിയാം. ഐപിഎല്ലിലെ ആദ്യത്തെ ഇന്നിങ്‌സ് മാത്രമായിരുന്നു അത്.
പക്ഷെ കുറച്ചു മാസങ്ങള്‍ക്കു ശേഷം ഇന്ത്യക്കു ഒരു ഇംഗ്ലണ്ട് പര്യടനം വരാനിരിക്കുകയാണ്. ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റിലാണ് ഇപ്പോഴുള്ളതെങ്കില്‍ വൈഭവിനെ ആ പര്യടനത്തില്‍ ഞാന്‍ ഉള്‍പ്പെടുത്തുക തന്നെ ചെയ്യുമായിരുന്നുവെന്നു വോന്‍ വ്യക്തമാക്കി.
സീനിയര്‍ ടീമിലേക്കു വന്നിട്ടില്ലെങ്കിലും അണ്ടര്‍ 19 ക്രിക്കറ്റില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാണ് വൈഭവ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവിധ ഫോര്‍മാറ്റുകളിലായി ടീമിനു വേണ്ടി തട്ടുപൊളിപ്പന്‍ പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്.
ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ആയുഷ് മാത്രെയ്ക്കു കീഴില്‍ ഈ വര്‍ഷം ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ ഹീറോയായത് വൈഭവാണ്. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇംഗ്ലണ്ടുമായുളള ഫൈനലില്‍ 15കാരന്‍ വാരിക്കൂട്ടിയത് 175 റണ്‍സാണ്. ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, ഇംഗ്ലണ്ട് എന്നീവിടങ്ങളിലെത്താം കളിച്ച പരമ്പരകളില്‍ സെഞ്ച്വറികളും വൈഭല് കുറിച്ചിരുന്നു.
കഴിഞ്ഞ ഐപിഎല്ലിലൂടെയാണ് ലോക ക്രിക്കറ്റില്‍ വൈഭവ് വരവറിയിച്ചത്. സീസണിലെ ആദ്യ ഏഴു കളിയിലും പുറത്തിരുന്ന ശേഷം പിന്നീട് അവസരം ലഭിച്ചപ്പോള്‍ താരം കത്തിക്കയറി. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള പോരാട്ടത്തില്‍ വെറും 35 ബോളിലാണ് വൈഭവ് സെഞ്ച്വറി വാരിക്കൂട്ടിയത്. നിരവധി റെക്കോര്‍ഡുകളും ഇതോടെ കടപുഴകിയിരുന്നു.

ഇന്ത്യന്‍ ടീമിലേക്കു വന്നാലും വൈഭവ് സൂര്യവംശിക്ക് ഉടന്‍ തന്നെ അവസരങ്ങള്‍ ലഭിച്ചേക്കില്ലെന്നും ഒന്നോ, രണ്ടോ മല്‍സരം കളിച്ചാല്‍ പോലും അതു വലിയ കാര്യമായിരിക്കുമെന്നും മൈക്കല്‍ വോന്‍ പറയുന്നു.
'ഇന്ത്യന്‍ ടീമില്‍ ഇപ്പോഴുള്ള കളിക്കാരിലേക്കു വൈഭവ് സൂര്യവംശിയും എത്തിയാല്‍ നന്നായിരിക്കും. എങ്കിലും അവനെ ടീമിലേക്കു കൊണ്ടു വരേണ്ടത് ആവശ്യം തന്നെയാണ്. ടീമിലെ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാനും സാഹചര്യങ്ങള്‍ മനസിലാക്കാനും അവനു സാധിക്കും.
വൈഭവിനെ ജസ്റ്റ് ടീമിലേക്കു കൊണ്ടുവരൂ, ഒന്നോ, രണ്ടോ മല്‍സരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ കളിക്കട്ടെ. എങ്കില്‍ വളരെ നന്നായിരിക്കും. പക്ഷെ അവനെ ആ പര്യടനത്തില്‍ തന്നെയെടുക്കു. 15 കാരനായി അവനെ കൊണ്ടുപോവാന്‍ അനുവദിക്കുമോ? എന്നും വോന്‍ ചോദിക്കുന്നു.