IPL 2026: ഓപ്പണിങില്‍ വൈഭവ്- കോലി, നയിക്കാന്‍ പാട്ടിദാര്‍; ഇതാ ടൂര്‍ണമെന്റിലെ ബെസ്റ്റ് 11
ഒരിക്കല്‍ക്കൂടി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പട്ടാഭിഷേകത്തോടെ ഐപിഎല്‍ സീസണിനു കൊടിയിറങ്ങിയിരിക്കുകയാണ്. നരേന്ദ്രമോദി സ്്‌റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ചു വിക്കറ്റിനു തുരത്തിയാണ് ആര്‍സിബി ആധിപത്യം അരക്കിട്ടുറപ്പിച്ചത്.
ബാറ്റിങിലും ബൗളിങിലും അവിസ്മരണീയ പ്രകടനം നടത്തിയ പല താരങ്ങളെയും നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ഈ തരത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉള്‍പ്പെടുത്തി സീസണിലെ ബെസ്റ്റ് ഇലവനെ തിരഞ്ഞെടുത്താല്‍ ആരെല്ലാം ഇടം പിടിക്കുമെന്നു നോക്കാം.

ടോപ്പ് ത്രീയില്‍ ഇവര്‍
ഐപിഎല്ലിലെ ബെസ്റ്റ് ഇലവന്റെ ടോപ്പ് ത്രീയിലുണ്ടാവുക രാജസ്ഥാന്‍ റോയല്‍സ് വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഇതിഹാസം വിരാട് കോലി, ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ എന്നിവരായിരിക്കും.
ഇത്തവണ ടോപ്‌സ്‌കോര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയാണ് 15കാരനായ വൈഭവ്. 237.30 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റില്‍ താരം വാരിക്കൂട്ടിയത് 776 റണ്‍സാണ്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
37ാം വയസ്സിലും കോലിയുടെ മറ്റൊരു മാജിക്കല്‍ പ്രകടനത്തിനാണ് ഈ സീസണ്‍ സാക്ഷിയായത്. 675 റണ്‍സോടെ ഇത്തവണത്തെ റണ്‍വേട്ടക്കാരില്‍ അദ്ദേഹം നാലാംസ്ഥാനത്തും ഫിനിഷ് ചെയ്തിരുന്നു. ഫൈനല്‍ പോലെയുള്ള വലിയ മല്‍സരങ്ങളില്‍ ഹീറോയാവാനുള്ള കഴിവ് ഇപ്പോഴും കൈമോശം വന്നിട്ടില്ലെന്നു കോലി അടിവരയിടുകയും ചെയ്തു.
കപ്പിനരികെ ജിടിക്കു കാലിടറിയെങ്കിലും ഗില്ലിനെ സംബന്ധിച്ച് ഗംഭീര സീസണായിരുന്നു ഇത്. ക്യാപ്റ്റന്‍സിയും ബാറ്റിങിലും അദ്ദേഹം ഒരുപോലെ മിന്നിച്ചു. 732 റണ്‍സോടെയാണ് ഗില്‍ ഈ സീസണ്‍ അവസാനിപ്പിച്ചത്. ഒരു സെഞ്ച്വറിയും ആറു ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമടക്കമാണിത്. വൈഭവിനു പിന്നില്‍ റണ്‍വേട്ടയില്‍ രണ്ടാംസ്ഥാനക്കാരനാവുകയും ചെയ്തു.
മധ്യനിരയില്‍ ആരെല്ലാം?
ടോപ്പ് ത്രീക്കു ശേഷം മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹെന്‍ട്രിച്ച് ക്ലാസെന്‍, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ റിങ്കു സിങ് എന്നിനരുണ്ട്.
തുടര്‍ച്ചയായി രണ്ടാം തവണയും ആര്‍സിബിയെ ചാംപ്യന്‍മാരാക്കിയ പാട്ടിദാര്‍ തന്നെയാണ് ഈ ഇലവനെയും നയിക്കുക. ക്യാപ്റ്റന്റെയും ബാറ്ററുടെയും ഇരട്ട റോള്‍ അദ്ദേഹം ഗംഭീരമാക്കിയ സീസണ്‍ കൂടിയാണിത്. 192 സ്‌ട്രൈക്ക് റേറ്റില്‍ അഞ്ചു ഫിഫ്റ്റികളടക്കം 501 റണ്‍സാണ് സീസണില്‍ പാട്ടിദാര്‍ അടിച്ചെടുത്തത്.
ക്ലാസെനാവട്ടെ ഇത്തവണ എസ്ആര്‍എച്ച് ബാറ്റിങ് നിരയില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ താരമാണ്. 15 ഇന്നിങ്‌സുകളില്‍ നിന്നു സമ്പാദ്യം 624 റണ്‍സാണ്. ആറു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും.ഈ ഐപിഎല്‍ ഇലവന്റെ വിക്കറ്റ് കീപ്പറും ക്ലാസെനായിരിക്കും.

ഫിനിഷറുടെ ദൗത്യമാണ് റിങ്കുവിനു നല്‍കുക. സീസണിന്റെ തുടക്കത്തില്‍ അത്ര ക്ലിക്കായില്ലെങ്കിലും പിന്നീട് ശ്രദ്ധേയമായ പല ഇന്നിങ്‌സുകളും കളിച്ചു. 11 ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 295 റണ്‍സാണ് റിങ്കു സ്‌കോര്‍ ചെയ്തത്.
ബൗളിങ് ലൈനപ്പ്
ബൗളിങ് നിരയിലുള്ളത് ഗുജറാത്ത് ടൈറ്റന്‍സിന്റെ റാഷിദ് ഖാന്‍, കാഗിസോ റബാഡ, രാജസ്ഥാന്‍ റോയല്‍സിന്റെ ജോഫ്ര ആര്‍ച്ചര്‍, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഭുവനേശ്വര്‍ കുമാര്‍, റാസിഖ് സലാം ദര്‍ എന്നിവരുമാണ്.
17 മാച്ചുകളില്‍ നിന്നും 21 വിക്കറ്റുകളാണ് റാഷിദ് സ്വന്തമാക്കിയത്. ആര്‍ച്ചര്‍ 16 മാച്ചുകളില്‍ നിന്നും 25 വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ഭുവിയുടെ സമ്പാദ്യം 28 വിക്കറ്റുകളാണ്. 29 വിക്കറ്റ് പിഴുത് പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശിയായത് റബാഡയായിരുന്നു. റാസിഖാവട്ടെ 12 മാച്ചുകളില്‍ 19 വിക്കറ്റുകളും പിഴുതു.
ഐപിഎല്ലിലെ ബെസ്റ്റ് 11
വൈഭവ് സൂര്യവംശി, വിരാട് കോലി, ശുഭ്മന്‍ ഗില്‍, രജത് പാട്ടിദാര്‍ (ക്യാപ്റ്റന്‍), ഹെന്‍ട്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, റാഷിദ് ഖാന്‍, ജോഫ്ര ആര്‍ച്ചര്‍, ഭുവനേശ്വര്‍ കുമാര്‍, കാഗിസോ റബാഡ, റാസിഖ് സലാം ദര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

