അടുത്ത വര്‍ഷത്തെ ഐപിഎല്ലിനു മുന്നോടിയായുള്ള മിനി താരലേലത്തിന്റെ ചിത്രം തെളിഞ്ഞിരിക്കുകയാണ്. ഈ മാസം 16ന് അബുദാബിയില്‍ നടക്കാനിരിക്കുന്ന ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത കളിക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ആകെ 1355 താരങ്ങളാണ് ലേലത്തിനായി രജിസ്റ്റര്‍ ചെയ്തതെന്നു ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ ലിസ്റ്റ് ലേലത്തിനു മുമ്പ് ഇനി പകുതിയോളം വെട്ടിച്ചുരുക്കുമെന്നുറപ്പാണ്. തുടര്‍ന്നായിരിക്കും ലേലത്തിനുള്ള അന്തിമ പട്ടിക തയ്യാറാക്കുക. മിനി താരലേലമായതിനാല്‍ തന്നെ ഫ്രാഞ്ചൈസികളുടെ പഴ്‌സില്‍ ഇപ്പോള്‍ അധികം പണമില്ല. മാത്രമല്ല പല ഫ്രാഞ്ചൈസികളും അടുത്ത സീസണിലേക്കുള്ള സ്‌ക്വാഡിനെ ഏറെക്കുറെ സെറ്റാക്കുകയും ചെയ്തിട്ടുമുണ്ട്.

പത്തു ഫ്രാഞ്ചൈസികള്‍ക്കും കൂടി ലേലത്തില്‍ ആകെ ആവശ്യം വെറും 77 താരങ്ങളെ മാത്രമാണ്. അതിലാവട്ടെ വിദേശ താരങ്ങളുടെ ഒഴിവ് 31 ആണ്. അതുകൊണ്ടു തന്നെ ലേലത്തില്‍ വലിയൊരു വിഭാഗം താരങ്ങള്‍ക്കും നിരാശരാവേണ്ടിയും വരും.
ലേലത്തില്‍ ആരൊക്കെ?
ഐപിഎല്‍ ലേലത്തില്‍ പതിവുപോലെ ഒരു താരത്തിന്റെ ഏറ്റവുമുയര്‍ന്ന അടിസ്ഥാന വില രണ്ടു കോടി രൂപയാണ്. ഇന്ത്യന്‍ താരങ്ങളില്‍ വെറും രണ്ടു പേര്‍ മാത്രമേ ഈ തുകയ്ക്കു രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ബാക്കിയുള്ളവരുടെയെല്ലാം അടിസ്ഥാന വില രണ്ടു കോടിക്കും താഴെയാണ്.
ഇടംകൈയന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരും യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയുമാണ് ഈ തുകയ്ക്കു രജിസ്റ്റര്‍ ചെയ്തിരിക്കുന്ന രണ്ടു ഇന്ത്യക്കാര്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് റിലീസ് ചെയ്തതോടെയാണ് ലേലത്തിനുള്ള പൂളില്‍ വെങ്കടേഷും ഇടം നേടിയത്. ബിഷ്‌നോയിയെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും കൈവിടുകയായിരുന്നു.
അതേസമയം, 43 വിദേശ കളികാര്‍ രണ്ടു കോടി അടിസ്ഥാന വിലയ്ക്കു രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍, മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് എന്നിവരും ഇക്കൂട്ടത്തിലുണ്ട്.

ജാമി സ്മിത്ത് (ഇംഗ്ലണ്ട്), മുജീബുര്‍ റഹ്മാന്‍, നവീനുള്‍ ഹഖ് (അഫ്ഗാനിസ്താന്‍), ഷോണ്‍ ആബട്ട്, ആഷ്ടണ്‍ ഏഗര്‍, കൂപ്പര്‍ കോണ്‍ലി, ജെയ്ക്ക് ഫ്രേസര്‍ മഗ്യുര്‍ക്ക്, ജോഷ് ഇംഗ്ലിസ് (ഓസ്‌ട്രേലിയ), മുസ്കഫിസുര്‍ റഹ്മാന്‍ (ബംഗ്ലാദേശ്), ഗസ് അറ്റ്കിന്‍സണ്‍, ടോം ബാന്റണ്‍, ടോം കറെന്‍, ലിയാം ഡോസണ്‍, ബെന്‍ ഡക്കെറ്റ്, ഡാനിയേല്‍ ലോറന്‍സ്, ലിയാം ലിവിങ്‌സ്റ്റണ്‍ (ഇംഗ്ലണ്ട്), ഡാരില്‍ മിച്ചെല്‍, രചിന്‍ രവീന്ദ്ര, മൈക്കല്‍ ബ്രേസ്വെല്‍ (ന്യൂസിലാന്‍ഡ്), ജെറാള്‍ഡ് കോട്‌സി, ലുംഗി എന്‍ഗിഡി, ആന്‍ട്രിച്ച് നോര്‍ക്കിയ (സൗത്താഫ്രിക്ക), മതീശ പതിരാന, മഹീഷ് തീക്ഷണ, വനിന്ദു ഹസരംഗ (ശ്രീലങ്ക) തുടങ്ങിയവരാണ് രണ്ടു കോടി അടിസ്ഥാന വിലയുള്ള മറ്റു വിദേശ താരങ്ങള്‍.
ബംഗ്ലാദേശ് ടീമില്‍ സ്ഥാനം നഷ്ടമായ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസന്റെ അടിസ്ഥാന വില ഒരു കോടി രൂപയാണ്. കഴിഞ്ഞ മെഗാലേലത്തില്‍ അണ്‍സോള്‍ഡായി മാറിയ താരമാണ് അദ്ദേഹം.