ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് അടുത്ത വര്‍ഷമാദ്യം തീപാറും പോരാട്ടങ്ങളുടെ ചാകരയാണ് വരാനിരിക്കുന്നത്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായിട്ടാണ് ഐസിസിയുടെ ടി20 ലോകകപ്പ് നടക്കുക. തൊട്ടുപിന്നാലെ ലോകത്തിലെ ഏറ്റവും വലിയ ടി20 ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലും കാണാം. ടൂര്‍ണമെന്റിന്റെ തിയ്യതി ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.
മിനി താരലേലം അബുദാബിയില്‍ നടക്കാനിരിക്കവെ ഇതിനു മുമ്പ് തന്നെ ബിസിസിഐ ഇക്കാര്യം പത്തു ഫ്രാഞ്ചൈസികളെയും അഖിയിച്ചു കഴിഞ്ഞു. ഇനി മല്‍സരവേദികള്‍ മാത്രമാണ് തീരുമാനിക്കാനുള്ളത്. അതിനു ശേഷമായിരിക്കും ഫിക്‌സ്ചര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

എന്നു തുടങ്ങും?
ഐപിഎല്ലിന്റെ പുതിയ സീസണ്‍ മാര്‍ച്ച് 26നാണ് ആരംഭിക്കുക. കലാശപ്പോരാട്ടം മേയ് 31നുമായിരിക്കുമെന്നു ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മിനി താരലേലത്തിനു മുന്നോടിയായി ഐപിഎല്‍ ഫ്രാഞ്ചൈസി ഉടമകളുമായി അബുദാബിയില്‍ ബിസിസിഐ ചര്‍ച്ച നടത്തിയിരുന്നു. അതിനു ശേഷമാണ് പുതിയ സീസണിന്റെ തിയ്യതികള്‍ തീരുമാനിച്ചത്. ഐപിഎല്‍ സിഇഒ ഹേമങ് അമീനാണ് ഇക്കാര്യം ഫ്രാഞ്ചൈസികളെ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
എന്നാല്‍ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് അവരുടെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ അടുത്ത സീസണില്‍ കളിക്കാനാവുമോയെന്നതു സംശയമാണ്. കാരണം കഴിഞ്ഞ ഫൈനല്‍ വിജയത്തിനു ശേഷം ആര്‍സിബി ടീമിനൊരുക്കിയ സ്വീകരണച്ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ചിരുന്നു.
ഇതേ തുടര്‍ന്ന് ഇവിടെ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനെ സര്‍ക്കാര്‍ വിലക്കും ചെയ്തിരുന്നു. അടുത്തിടെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അസോസിയേഷന് ക്ലിയറന്‍സ് ലഭിച്ചെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുകയാണ്.
ഐപിഎല്ലും പിഎസ്എല്ലും നേര്‍ക്കുനേര്‍
ഐപിഎല്ലും പാകിസ്താന്‍ സൂപ്പര്‍ ലീഗും (പിഎസ്എല്‍) അടുത്ത സീസണില്‍ ഏറെക്കുറെ ഒരേ സമയത്തായിരിക്കു നടക്കുകയെന്നതാണ് ശ്രദ്ധേയമായ കാര്യം. എങ്കിലും ജനപ്രീതിയുടെ കാര്യത്തില്‍ ഐപിഎല്ലിന്റെ ഏഴയലത്തു പോലും പിഎസ്എല്‍ എത്തില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. അതുകൊണ്ടു തന്നെ ഐപിഎല്ലിനു പിഎസ്എല്‍ ഒരു എതിരാളികളേയല്ല.
ഐപിഎല്‍ ആരംഭിക്കുന്ന മാര്‍ച്ച് 26നു തന്നയൊണ് പിഎസ്എല്ലും തുടങ്ങുക. പക്ഷെ ഐപിഎല്ലിനോളം ദൈര്‍ഘ്യമുണ്ടാവില്ല. മേയ് മൂന്നിനാണ് അവിടെ ഫൈനല്‍ തീരുമാനിച്ചിരിക്കുന്നത്. ഐപിഎല്ലിന്റെ വന്‍ വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പിഎസ്എല്‍ ആരംഭിച്ചത്.