ഐപിഎല്ലിന്റെ മിനി താരലേലം ഡിസംബറില്‍ നടക്കാനിരിക്കവെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ ഭാവിയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. പല ടീമുകള്‍ക്കും അദ്ദേഹത്തെ പുതിയ സീസണില്‍ വേണമെന്നതാണ് കൗതുകകരമായ കാര്യം.
അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, മൂന്നു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നീ ടീമുകളുമായി ചേര്‍ത്ത് ഇതിനകം സഞ്ജുവിന്റ പേരില്‍ വാര്‍ത്തകളും വന്നു കഴിഞ്ഞു. ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനു വേണ്ടി പുതിയൊരു ടീം കൂടി ഗോദയലിറങ്ങുകയാണെന്നാണ് വിവരം.

എസ്ആര്‍എച്ചും രംഗത്ത്
മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈരാബാദാണ് സഞ്ജു സാംസണിനായി താല്‍പ്പര്യം കാണിച്ചിരിക്കുന്ന പുതിയ ടീം. ഇത്രയും നാള്‍ ഓറഞ്ച് ആര്‍മി ചിത്രത്തില്‍ പോലുമില്ലായിരുന്നു. എന്നാല്‍ മലയാളി സൂപ്പര്‍ താരത്തെ സ്വന്തം തട്ടകത്തിലെത്തിക്കാന്‍ അവരും അണിയറയില്‍ നീക്കമാരംഭിച്ചുവെന്നാണ് എസ്ആര്‍എച്ചുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ നിന്നും വ്യക്തമാവുന്നത്.
ട്രേഡ് വിന്‍ഡോയിലോ, ലേലത്തിലോ സഞ്ജുവിനെ റാഞ്ചാനാണ് അവരുടെ പ്ലാന്‍.
ഇതിനായി പഴ്‌സിലേക്കു കൂടുതല്‍ പണമെത്തിക്കാനുള്ള ശ്രമങ്ങളും അവര്‍ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് വ്യക്തമാവുന്നത്.
സൗത്താഫ്രിക്കയുടെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ഹെന്‍ട്രിച്ച് ക്ലാസനെയും ഇന്ത്യന്‍ കീപ്പര്‍ ഇഷാന്‍ കിഷനെയുമെല്ലാം അതിനു വേണ്ടി റിലീസ് ചെയ്യാനും എസ്ആര്‍എച്ച് തീരുമാനിച്ചുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.
23 കോടി രൂപയാണ് നിലവില്‍ എസ്ആര്‍ച്ചിലെ ക്ലാസെന്റെ ശമ്പളം. കഴിഞ്ഞ മെഗാലേലത്തിനു മുന്നോടിയായാണ് ഇത്രയുമുര്‍ന്ന തുകയ്ക്കു അദ്ദേഹത്തെ അവര്‍ നിലനിര്‍ത്തിയത്. അതേസമയം, റോയല്‍സില്‍ സഞ്ജുവിന്റെ ശമ്പളം 18 കോടിയാണ്.
അതിനാല്‍ ക്ലാസെനെ കൈമാറിയാല്‍ മാത്രം ട്രേഡ് വിന്‍ഡോയില്‍ തന്നെ സഞ്ജുനിനെ റോയല്‍സില്‍ നിന്നും എസ്ആര്‍എച്ചില്‍ നിന്നും കൈക്കലാക്കുകയും ചെയ്യാം. എന്നാല്‍ ഇഷാന്റെ ഐപിഎല്‍ ശമ്പളമാവട്ടെ 11.25 കോടി രൂപയുമാണ്.

ക്ലാസെനെയും ഇഷാനെയും കൂടി റിലീസ് ചെയ്യുകയാണെങ്കില്‍ വലിയൊരു തുക എസ്ആര്‍എച്ചിന്റെ പഴ്‌സിലേക്കു വരും. അതു ലേലത്തില്‍ സഞ്ജുവിനായി റെക്കോര്‍ഡ് തുക തന്നെ ചെലവഴിക്കാന്‍ അവരെ സഹായിക്കുകയും ചെയ്യും.
ക്യാപ്റ്റന്‍സി ലഭിച്ചേക്കും
നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നയിക്കുന്നത് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ കൂടിയായ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ്. എന്നാല്‍ സമീപകാലത്തു പരിക്കുകളുടെ പിടിയിലാണ് അദ്ദേഹം. മാസങ്ങളോളമായി ടീമിനു പുറത്തുമാണ് ഓസീസ് താരം. അതുകൊണ്ടു തന്നെ അടുത്ത സീസണിലും എസ്ആര്‍എച്ചിന്റെ നായകസ്ഥാനത്തു കമ്മിന്‍സ് ഉണ്ടാവുമോയെന്നതും സംശയകരമാണ്.
സഞ്ജു സാംസണിനെ സ്വന്തമാക്കാനായാല്‍ കമ്മിന്‍സിനെ മാറ്റി ക്യാപ്റ്റന്‍സി ചുമതല കൂടി എസ്ആര്‍എച്ച് ഏല്‍പ്പിച്ചേക്കും. അതു മാത്രമല്ല, ഇന്ത്യന്‍ ടീമിനൊപ്പം ടി20യില്‍ വലിയ ഹിറ്റായി മാറിയ സഞ്ജു- അഭിഷേക് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ടിനെയും അടുത്ത സീസണില്‍ എസ്ആര്‍എച്ചിനൊപ്പം നമുക്കു കാണാന്‍ സാധിച്ചേക്കും.
തുടര്‍ച്ചയായി 12 ടി20കളില്‍ ഇന്ത്യക്കായി ഈ ജോടി ഓപ്പണ്‍ ചെയ്തിട്ടുണ്ട്. ടീമിനു സ്‌ഫോടനത്മക തുടക്കങ്ങള്‍ നല്‍കാനും ഇവര്‍ക്കായിരുന്നു. ഓപ്പണിങിലേക്കു വന്ന ശേഷം മൂന്നു സെഞ്ച്വറികളാണ് സഞ്ജു അടിച്ചെടുത്തത്.
എന്നാല്‍ കഴിഞ്ഞ ഏഷ്യാ കപ്പില്‍ വൈസ് ക്യാപ്റ്റന്റെ റോളില്‍ ശുഭ്മന്‍ ഗില്‍ ടീമിലേക്കു മടങ്ങിയെത്തിയതോടെ സഞ്ജുവിനു ഓപ്പണിങില്‍ നിന്നും മധ്യനിരയിലേക്കു മാറേണ്ടി വരികയുമായിരുന്നു.