ഐപിഎല്ലിന്റെ അടുത്ത സീണസണിലേക്കുള്ള മിനി താരലേലം ഡിസംബറിലായിരിക്കും നടക്കുകയെന്നു ഉറപ്പായിരിക്കുകയാണ്. ഡിസംബര്‍ രണ്ടാം വാരം വിദേശത്തായിരിക്കും ലേലം നടന്നേക്കുകയെന്നാണ് പുറത്തു വരുന്ന വിവരം. ഇതിനു മുന്നോടിയായി നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റ് ബിസിസിഐയ്ക്കു ഫ്രാഞ്ചൈസികള്‍ സമര്‍പ്പിക്കുകയും വേണം.
മിനി താരലേലമായതിനാല്‍ തന്നെ വലിയ രീതിയിലുള്ള അഴിച്ചുപണികള്‍ ഫ്രാഞ്ചൈസികള്‍ നടത്തിയേക്കില്ല. കഴിഞ്ഞ സീസണിലെ കുറവുകള്‍ പരിഹരിക്കുന്നതിലായിരിക്കും ടീമുകള്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുക.
എന്നാല്‍ ചില ഫ്രാഞ്ചസൈികള്‍ അടുത്ത സീസണില്‍ പുതിയ നായകരെ കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്. 10 ഫ്രാഞ്ചൈസികളില്‍ ആരൊക്കെയാവും നായകരെ നിലനിര്‍ത്തുകയെന്നും ഏതൊക്കെ ടീമുകളാണ് പുതിയ ക്യാപ്റ്റന്‍മാരെ ലക്ഷ്യമിടുന്നതെന്നും നമുക്കു പരിശോധിക്കാം.

ആര്‍ക്കെല്ലാം സീറ്റുറപ്പ്
ഐപിഎല്ലിന്റെ 19ാം സീസണിലേക്കു കടക്കുമ്പോള്‍ ആറു ഫ്രാഞ്ചൈസികളുടെ നായകര്‍ക്കാണ് സീറ്റുറപ്പുള്ളതെന്നു പറയാം. നിലവിലെ ചാംപ്യന്മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ രജത് പാട്ടിധാര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പാറ്റ് കമ്മിന്‍സ്, മുംബൈ ഇന്ത്യന്‍സിന്റെ ഹാര്‍ദിക് പാണ്ഡ്യ, പഞ്ചാബ് കിങ്‌സിന്റെ ശ്രേയസ് അയ്യര്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ റുതുരാജ് ഗെയ്ക്വാദ്, ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മന്‍ ഗില്‍ എന്നിവരാണ് അടുത്ത സീസണിലും നായകസ്ഥാനമുറപ്പുള്ള താരങ്ങള്‍.
എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ നാലു ടീമുകള്‍ പുതിയ ക്യാ്പ്റ്റന്‍മാരെ കൊണ്ടു വന്നേക്കുകയും ചെയ്യും. രണ്ടു തവണ ജേതാക്കളായ കെകെആറിനെ കഴിഞ്ഞ സീസണില്‍ നയിച്ചത് ഇന്ത്യന്‍ വെറ്ററന്‍ താരം അജിങ്ക്യ രഹാനെയായിരുന്നു. ശക്തമയാ ലൈനപ്പുണ്ടായിട്ടും കെകെആറിനു പ്ലേഓഫ് പോലുമെത്താനായില്ല.
ബാറ്റിങില്‍ ഇംപാക്ടുണ്ടാക്കാന്‍ രഹാനെയ്ക്കായെങ്കിലും ക്യാപ്റ്റന്‍സിയില്‍ കാര്യമായി തിളങ്ങിയില്ല. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ അദ്ദേഹത്തിനു പകരം പുതിയൊരു നായകനെ കൊണ്ടു വരാനാണ് കെകെആര്‍ ആലോചിക്കുന്നത്. ഡിസിയില്‍ നിന്നും സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിനെ പുതിയ നായകനായി കൊണ്ടുവരാന്‍ കെകെആര്‍ ആലോചിക്കുന്നുണ്ട്.
രാജസ്ഥാന്‍ റോയല്‍സിന്റെ കാര്യമെടുത്താല്‍ ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണിനെ അവര്‍ റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. തന്നെ ടീം വിടാന്‍ അനുവദിക്കണമെന്നു സഞ്ജു തന്നെയാണ് റോയല്‍സിനോടു ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ തുടര്‍ന്നു ട്രേഡ് വിന്‍ഡോയില്‍ അദ്ദേഹത്തെ വില്‍ക്കാനുള്ള നീക്കങ്ങള്‍ റോയല്‍സ് ആരംഭിച്ചു കഴിഞ്ഞു.
സഞ്ജുവിന്റെ പകരക്കാരനായി യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ പുതിയ ക്യാപ്റ്റനായി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നായകസ്ഥാനമില്ലെങ്കില്‍ ടീം വിടുന്നതിനെ കുറിച്ചും ജയ്‌സ്വാള്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ സഞ്ജുവിനൊപ്പം ജയ്‌സ്വാളിനെ കൂടി നഷ്ടമായാല്‍ അതു റോയല്‍സിനു വലിയ ക്ഷീണമാവും. അതിനാല്‍ ക്യാപ്റ്റന്‍സി ഓഫര്‍ ചെയ്ത് ഒാപ്പണറെ പിടിച്ചുനിര്‍ത്താനാണ് റോയല്‍സിന്റെ നീക്കം.

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് കഴിഞ്ഞ സീസണില്‍ ഡല്‍ഹിയെ നയിച്ചത്. പക്ഷെ ക്യാപ്റ്റനെനന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രകടനം ശരാശരിയിലൊതുങ്ങുകയും ചെയ്തു. സീസണില്‍ വഴരെ നന്നായി തുടങ്ങാന്‍ ഡിസിക്കായെങ്കിലും പിന്നീട് പ്രകടനത്തില്‍ ഇടിവുണ്ടാവുകയും ഒടുവില്‍ പ്ലേഓഫ് പോലുമെത്താതെ പുറത്താവുകയും ചെയ്തു. അക്ഷറിനെ നീക്കി അടുത്ത സീസണില്‍ സഞ്ജുവിനെ പുതിയ ക്യാപ്റ്റനായി കൊണ്ടുവരാന്‍ ഡിസി ശ്രമിക്കുന്നതായാണ് വിവരം.
അതേസമയം, നിലവിലെ ക്യാപ്റ്റന്‍ റിഷഭ് പന്തിനെ അടുത്ത സീസണില്‍ എല്‍എസ്ജിയുടെ നായകസ്ഥാനത്തു കണ്ടേക്കില്ല. അദ്ദേഹത്തെ റിലീസ് ചെയ്യാന്‍ ലഖ്‌നൗ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. 27 കോടിയെന്ന എക്കാലത്തെയും വലിയ തുകയ്ക്കാണ് റിഷഭിനെ അവര്‍ വാങ്ങിയത്. പക്ഷെ തന്റെ മൂല്യത്തോടു നീതി പുലര്‍ത്താന്‍ അദ്ദേത്തിനായില്ലെന്നു കാണാം.