മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണിന്റെ പുതിയ ഐപിഎല്‍ ടീമുമായി ബന്ധപ്പെട്ട് ദിനംപ്രതി പുതിയ വാര്‍ത്തകള്‍ വന്നു കൊണ്ടേയിരിക്കുകയാണ്. അദ്ദേഹം രാജസ്ഥാന്‍ റോയല്‍സ് വിടുകയാണെന്നത് ഉറപ്പിച്ചു കഴിഞ്ഞെങ്കിലും അടുത്തത് എങ്ങോട്ടെന്ന കാര്യത്തില്‍ ഇപ്പോഴും ചിത്രം തെളിഞ്ഞിട്ടില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും തുടങ്ങി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വരെ സഞ്ജുവിന്റെ പുതിയ ടീമുകളുടെ സാധ്യതാ ലിസ്റ്റിലുണ്ട്.
ഇപ്പോഴിതാ പുതിയൊരു ടീം കൂടി ഇവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. അതാവട്ടെ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ്. ഇതാദ്യമായാണ് ആര്‍സിബിയുമായി ബന്ധപ്പെടുത്തി അദ്ദേഹത്തിന്റെ പേരില്‍ അഭ്യൂഹങ്ങള്‍ വന്നിരിക്കുന്നത്. അതിനൊരു കാരണവും കൂടിയുണ്ട്. ഇതു എന്താണെന്നു നോക്കാം.

photocredit/X
സഞ്ജു പരിശീലനത്തില്‍
ഏഷ്യാ കപ്പില്‍ ഇന്ത്യക്കു വേണ്ടി മുഴുവന്‍ മല്‍സരങ്ങളിലും കളിക്കുകയും ഫൈനലിലടക്കം മികച്ച ഇന്നിങ്‌സ് കളിക്കുകയും ചെയ്ത ശേഷം ഓസ്‌ട്രേലിയന്‍ പര്യടനത്തിനു തയ്യാറെടുക്കുകയാണ് സഞ്ജു സാംസണ്‍. ഈ മാസം 29ന് തുടങ്ങാനിരിക്കുന്ന അഞ്ചു ടി20കളുടെ പരമ്പരയില്‍ അദ്ദേഹം ടീമിന്റെ ഭാഗമാണ്.
ഈ പരമ്പരയ്ക്കായുള്ള പരിശീലനം സഞ്ജു ആരംഭിച്ചിരിക്കുകയാണ്. ഇതിനു അദ്ദേഹത്തെ സഹായിക്കുന്നതാവത്തെ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ ഗബ്രിയേലാണ്. അദ്ദേഹത്തിനു കീഴില്‍ സഞ്ജു ബാറ്റിങ് ബാറ്റിങ് പ്രാക്ടീസ് ചെയ്യുന്ന ചിതങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലും വൈറലായി കഴിഞ്ഞു.
ആര്‍സിബി ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റിനൊപ്പം സഞ്ജു പരിശീലനത്തില്‍. വീഡിയോ കാണാം
ആര്‍സിബി ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റിനു കീഴില്‍ സഞ്ജു എന്തുകൊണ്ടു പരിശീലനം നടത്തുന്നുവെന്നതാണ് ആരാധകരുടെ ചോദ്യം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഒഴിവാക്കി പകരം ആര്‍സിബിയിലേക്കു മാറാനുള്ള അദ്ദേഹത്തിന്റെ മുന്നൊരുക്കമാണ് ഇതെന്നും പലരും ചൂണ്ടിക്കാണിക്കുന്നു.
എന്തുകൊണ്ട് റോയല്‍സ് വിടുന്നു?
രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജ്‌മെന്റ് കഴിഞ്ഞ ലേലത്തിനു മുമ്പെടുത്ത ചില തീരുമാനങ്ങളാണ് സഞ്ജു സാസണിനെ ഫ്രാഞ്ചൈസി വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് വ്യകതമാവുന്നത്. ഇതേക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞിട്ടില്ലെങ്കിലും സഞ്ജുവിന്റെ ചില പരാമര്‍ശങ്ങളില്‍ നിന്നും ഇക്കാര്യം വ്യക്തവുമാണ്.
ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും തനിക്കു സഹോദര തുല്യനുമായ ജോസ് ബട്‌ലറിനെ റോയല്‍സ് നിലനിര്‍ത്താതിരുന്നതിന്റെ ദുഖവും നിരാശയുമെല്ലാം സഞ്ജുവിനു ഇപ്പോഴുമുണ്ട്. കഴിഞ്ഞ ഐപിഎല്ലിനു മുമ്പ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തുവിട്ട ഒരു വീഡിയോയില്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു.

എന്നെ സംബന്ധിച്ച് ജോസ് ബട്‌ലറെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും പോവാന്‍ അനുവദിച്ചാണ് ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന തീരുമാനം. ഇംഗ്ലണ്ടുമായുള്ള പരമ്പരയുടെ സമയത്തു ഡിന്നറിനിടെ കണ്ടപ്പോള്‍ ഞാന്‍ ഇതേക്കുറിച്ച് തുറന്നു പറയുകയും ചെയ്തിരുന്നു.
ആ നിരാശ ഇപ്പോഴും എന്നെ വിട്ടുപോയിട്ടില്ലെന്നും ബട്‌ലറോടു പറഞ്ഞിരുന്നു. ഐപിഎല്ലിലെ ഒരു നിയമത്തില്‍ മാറ്റം വുത്താന്‍ എനിക്കു അവസരം ലഭിക്കുകയാണെങ്കില്‍ ഓരോ മൂന്നു വര്‍ഷത്തിലും കൡക്കാരെ റിലീസ് ചെയ്യുന്ന നിയമം ഒഴിവാക്കുമെന്നും സഞ്ജു വ്യക്തമാക്കിയിരുന്നു.
ആദ്യം രംഗത്തു വന്നത് ചെന്നൈ
അഞ്ചു തവണ ഐപിഎല്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് സഞ്ജു സാംസണിനായി ആദ്യമായി താല്‍പ്പര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്ന ടീം. ട്രേഡ് വിന്‍ഡോയില്‍ ഇതു സംബന്ധിച്ച് രാജസ്ഥാന്‍ റോയല്‍സുമായി അവര്‍ ചര്‍ച്ചകളും നടത്തിയെങ്കിലും അവ വിജയിച്ചില്ല.
സഞ്ജുവിനു പകരം റുതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ, ശിവം ദുബെ എന്നിവരൊളെ നല്‍കാന്‍ റോയല്‍സ് ആവശ്യപ്പെട്ടെങ്കിലും ചെന്നൈ നോ പറയുകയായിരുന്നു.
അതിനു ശേഷം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും സഞ്ജുവിനായി നീക്കം നടത്തിയെങ്കിലും അതും എവിടെയുമെത്തിയില്ല. ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് മലയാളി താരത്തിനായി ഇപ്പോള്‍ രംഗത്തുള്ള മറ്റൊരു ടീം. സഞ്ജുവുമായി ഡിസി ചര്‍ച്ചകള്‍ നടത്തിയതായും അദ്ദേഹത്തിനു ക്യാപ്റ്റന്‍സി ഓഫര്‍ ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും വന്നിരുന്നു.